നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്ങിന്‍റെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കല്യാണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തെഴുതും.

മാര്‍ച്ച് 23ന് അലിഗഡില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുന്‍ യു പി മുഖ്യമന്ത്രി കൂടിയായ ഗവര്‍ണര്‍ കല്യാണ്‍ സിങ്ങ് മോദി അനുകൂല പ്രസ്താവന നടത്തിയത്.

ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരാണ്. മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും മോദി വിജയിക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണെന്നും കല്യാണ്‍ സിങ്ങ് പറഞ്ഞിരുന്നു.

ഗവര്‍ണറുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കല്യാണ്‍ സിങ്ങിന്‍റെ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തുകയായിരുന്നു.

മുന്‍പ് ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന ഗുല്‍ഷര്‍ അഹമ്മദും പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവമുണ്ടായിരുന്നു. മധ്യപ്രദേശില്‍ മത്സരിച്ച ഗുല്‍ഷറിന്‍റെ മകന്‍ സയീദ് അഹമ്മദിനുവേണ്ടി ഗുല്‍ഷര്‍ അഹമ്മദ് പ്രസ്താവനയിറക്കിയിരുന്നു.

ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണറുടെ നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഗുല്‍ഷര്‍ മുഹമ്മദ് ഗവര്‍ണര്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.