സംഘപരിവാറിന്റെ ഫാസിസ്റ്റ് ഭീഷണി നേരിടാന്‍ കോണ്‍ഗ്രസിനാകില്ല; ഇടതുപക്ഷമാണ് ശരിയായ ബദല്‍

ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് സംരക്ഷണം നല്‍കുന്ന മതനിരപേക്ഷത അടിസ്ഥാന തത്വമായി അംഗീകരിച്ച ഭരണഘടന പൊളിച്ചെഴുതാനാണ് സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നത്. മതനിരപേക്ഷ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള തങ്ങളുടെ ലക്ഷ്യം അവര്‍ മറച്ചുവയ്ക്കുന്നില്ല.

ഈ ലക്ഷ്യം നേടാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരു ബഹു ദേശീയ രാഷ്ട്രമായ ഇന്ത്യയുടെ ഐക്യം തകര്‍ക്കുന്ന വിനാശകരമായ ഈ നീക്കത്തെ തടയുന്നതിന് ആത്മാര്‍ഥമായ ഒരു പരിശ്രമവും കോണ്‍ഗ്രസ് നടത്തുന്നില്ല.

സംഘപരിവാറിന്റെ വിനാശകരമായ നയങ്ങളോട് മൃദുസമീപനം കൈക്കൊള്ളുന്ന കോണ്‍ഗ്രസിന് ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനാകുമോ എന്ന ചോദ്യം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.

വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമം

കോര്‍പറേറ്റുകള്‍ക്ക് സമ്പത്ത് വാരിക്കൂട്ടാന്‍ അവസരം നല്‍കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ, രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്ന ജനങ്ങളുടെ പ്രതിഷേധത്തെയും പ്രക്ഷോഭങ്ങളെയും ദുര്‍ബലമാക്കാന്‍, കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ വര്‍ഗീയത ആളിക്കത്തിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.

അധികാരത്തിലിരുന്ന കാലത്ത്് തങ്ങളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ജനമുന്നേറ്റങ്ങളെ ദുര്‍ബലമാക്കാന്‍ കോണ്‍ഗ്രസും ചെയ്തത് ഇതുതന്നെയാണ്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന വര്‍ഗീയ ലഹളകളോട്, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എടുത്ത നിലപാടുകളില്‍നിന്ന് ഇത് വ്യക്തമാകും. 1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ സംഘപരിവാറിന് സാധിച്ചത് കോണ്‍ഗ്രസിന്റെയും അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട് കാരണമാണ്.

തുടര്‍ന്ന്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിശേഷിച്ച് മുംബൈയിലുമുണ്ടായ വര്‍ഗീയ കലാപങ്ങള്‍ കോണ്‍ഗ്രസ് നയങ്ങളുടെ ബാക്കിപത്രമാണ്. ബീഭത്സമായ മുംബൈ കലാപകാലത്ത് മഹാരാഷ്ട്ര ഭരിച്ചത് കോണ്‍ഗ്രസായിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ വന്‍തോതില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനങ്ങിയില്ല. ഈ കലാപത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ശ്രീകൃഷ്ണാ കമീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അനന്തര നടപടികള്‍ സ്വീകരിക്കാനും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സന്നദ്ധമായില്ല.

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ ബിജെപിയും സംഘപരിവാറും ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.

2014ലെ തെരഞ്ഞെടുപ്പില്‍ യുപിയിലെ ‘മുസഫര്‍നഗര്‍’ കലാപമാണ് ബിജെപിക്ക് വിജയപാതയൊരുക്കിയത് ഈ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ‘അയോധ്യാ’ പ്രശ്‌നം കുത്തിപ്പൊക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്.

ആ സന്ദര്‍ഭത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന പുറത്തുവന്നത് ‘കോണ്‍ഗ്രസിന് അധികാരം ലഭിച്ചാലേ രാമക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ’എന്ന്. വര്‍ഗീയവികാരങ്ങളെ സങ്കുചിതരാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരു മടിയും കോണ്‍ഗ്രസിനില്ല.

1991ല്‍ കേരളത്തില്‍ കോണ്‍ഗ്രസ്ലീഗ്ബിജെപി സഖ്യം ഉണ്ടായത് ഓര്‍ക്കുമല്ലോ? അന്നത്തെ പ്രധാന പരീക്ഷണ വേദികള്‍ വടകര പാര്‍ലമെന്റ് മണ്ഡലവും, ബേപ്പൂര്‍ അസംബ്ലി മണ്ഡലവുമായിരുന്നു. കോലീബിയെ ഈ രണ്ട് മണ്ഡലത്തിലും എല്‍ഡിഎഫ് തോല്‍പ്പിച്ചു.

പല സന്ദര്‍ഭങ്ങളിലും, ബിജെപിയും സംഘപരിവാറും ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ വ്യത്യസ്തമായ ഒരു നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ല.

1984ല്‍ ഇന്ദിര ഗാന്ധി കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്ന്, കൊലയാളികളുടെ സമുദായം നോക്കിയായിരുന്നു അക്രമങ്ങള്‍ നടമാടിയത്. ഡല്‍ഹി നഗരത്തിലെ ആയിരക്കണക്കിന് സിഖുകാര്‍ കുട്ടക്കൊല ചെയ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ ആസ്ഥാനത്ത് അരങ്ങേറിയ ഈ നരവേട്ടയെ തടയാന്‍, രാജീവ് ഗാന്ധി നേതൃത്വം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ചെറുവിരലനക്കിയില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞതിനുശേഷമാണെങ്കിലും പ്രമുഖ കോണ്‍ഗ്രസ് നേതാവായ സജ്ജന്‍ കുമാര്‍, സിഖ് കൂട്ടക്കൊലയ്ക്കുത്തരവാദിയാണെന്ന് വിധിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടു.

നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍മുതല്‍ ആരംഭിച്ചതാണ് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍. ‘ഗോരക്ഷ’യുടെ പേരില്‍ നിരവധി മുസ്ലിങ്ങളും ദളിത് വിഭാഗത്തില്‍പ്പെട്ടവരും കൊല്ലപ്പെട്ടു.

കന്നുകാലി കച്ചവടനിരോധനവും ഈ വിഭാഗത്തെ ലക്ഷ്യംവച്ചായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മനുഷ്യരുടെ രക്ഷയേക്കാള്‍ ‘പശു’സംരക്ഷണത്തിനാണ് പരിഗണന. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ യുപി സര്‍ക്കാരും കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്. ‘ഗോഹത്യ’ ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഒരുപടി മുന്നിലാണ്.

സമീപ കാലത്ത്, മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ‘മുത്തലാഖ്’ നിരോധന ബില്‍ മുസ്ലിങ്ങളെ ലക്ഷ്യം വച്ചായിരുന്നു. മുസ്ലിം സ്ത്രീ സംരക്ഷണം എന്നാണ് പ്രചാരണം.

മറ്റൊരു സമുദായത്തിനും ബാധകമാകാത്ത നിയമമായിരുന്നു അത്. ‘മൂന്ന് തലാഖ്’ ചൊല്ലുന്ന (വിവാഹമോചനം) മുസ്ലിം പുരുഷന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതാണ് ബില്ലിലെ വ്യവസ്ഥ. ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെടുന്ന പുരുഷനില്‍നിന്ന് വിവാഹമോചിതയായ സ്ത്രീക്ക് ജീവനാംശം എങ്ങനെ ലഭിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല.

എല്ലാ പൗരന്മാരും തുല്യരാണെന്ന ഭരണഘടനാതത്വത്തിന്റെ ലംഘനമാണ് ഈ നിയമം. ലോക്‌സഭയില്‍ ഈ ബില്‍ അവതരിപ്പിച്ചപ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇടതുപക്ഷം എതിര്‍ത്ത് വോട്ടു ചെയ്തു. മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വോട്ടു ചെയ്യാനെത്തിയില്ല. സംഘപരിവാറിന്റെ തീവ്രവര്‍ഗീയ നിലപാടിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല.

ഇടതുപക്ഷമാണ് ശരിയായ ബദല്‍

‘പൗരത്വ ഭേദഗതി ബില്‍’ സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡ വ്യക്തമാക്കുന്നതാണ്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ‘മുസ്ലിങ്ങള്‍’ ഒഴികെയുള്ള മതക്കാരായവര്‍ക്ക് പൗരത്വം നല്‍കാന്‍ അനുശാസിക്കുന്നതാണ് മേല്‍പറഞ്ഞ ബില്ല്.

വര്‍ഷങ്ങളായി പൗരത്വം ലഭിക്കാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് മുസ്ലിങ്ങള്‍ ഇന്ത്യയിലുള്ളപ്പോഴാണ് പുതിയ നിയമം വരുന്നത്. ഈ നിയമത്തെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായെതിര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. ലോക്‌സഭ പാസാക്കിയ ഈ ബില്‍, രാജ്യസഭയില്‍ പാസാക്കാനായില്ല. ഇടതുപക്ഷം മാത്രമാണ് ഈ ബില്ലിനെ ശക്തമായി ചെറുത്തത്.

മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നത് മതനിരപേക്ഷ രാജ്യത്ത് എത്ര ഹീനമാണ്? കോണ്‍ഗ്രസ് നിലപാട് അതിഹീനവും.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35എ, കശ്മീരിന് നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ റദ്ദ് ചെയ്യാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഒരു ഹര്‍ജിയുടെ വിചാരണവേളയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നിലപാടും പറഞ്ഞില്ല. ഹര്‍ജി അംഗീകരിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല.

ഭരണഘടനയുടെ 35എ വകുപ്പ് കശ്മീരിന്റെ തനതായ അവസ്ഥ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിക്കുന്ന വ്യവസ്ഥകള്‍ അടങ്ങിയതാണ്. ഈ വകുപ്പ്, കശ്മീരിലെ സ്ഥിരവാസി ആരാണെന്ന് നിര്‍ണയിക്കാനുള്ള അവകാശം ജമ്മു കശ്മീര്‍ നിയമസഭയ്ക്കായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. കശ്മീരിന് പുറത്തുള്ളവര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങുന്നതിനെ ഈ വ്യവസ്ഥ വിലക്കുന്നു.

ജമ്മു കശ്മീര്‍ ഇന്ത്യയില്‍ ലയിക്കുന്നതു സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റും കശ്മീര്‍ രാജാവും തമ്മില്‍ 1952ല്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഭരണഘടനയില്‍ ഈ വ്യവസ്ഥ ചേര്‍ത്തത്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതാണ് ഭരണഘടനയുടെ 370–ാം വകുപ്പ്. 370–ാം വകുപ്പ് റദ്ദ് ചെയ്യണമെന്ന് ദീര്‍ഘനാളായി ആവശ്യപ്പെടുന്നവരാണ് സംഘപരിവാര്‍. 35എ വകുപ്പ് പിന്‍വാതിലിലൂടെ റദ്ദ് ചെയ്യാനാണ് ഇപ്പോഴത്തെ ശ്രമം. മോഡി സര്‍ക്കാരിന്റെ ഈ നീക്കം കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളാക്കും. ഈ കാര്യത്തിലും സംഘപരിവാര്‍ നീക്കത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. നാളിതുവരെ ഒരഭിപ്രായവും കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല.

2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 10 വര്‍ഷം നീണ്ടുനിന്ന ഭരണകാലത്ത് ഗുജറാത്തില്‍ മുസ്ലിംജനതയുടെ കൂട്ടക്കുരുതി നടത്തിയ സംഘപരിവാര്‍ അക്രമികള്‍ക്കും നേതൃത്വം നല്‍കിയവര്‍ക്കും നിയമപരമായ ശിക്ഷ നല്‍കാന്‍ വേണ്ട ഒരു നടപടിയും യുപിഎ സര്‍ക്കാര്‍ കൈക്കൊണ്ടില്ല. മോഡിക്കും സംഘത്തിനും ‘ഗുജറാത്ത് മോഡല്‍’ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ അവസരം നല്‍കിയത് കോണ്‍ഗ്രസാണ്.

രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്കും ജനങ്ങളെ ദുരിതത്തിലേക്കും നയിച്ച ബിജെപി സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ യാതൊരെതിര്‍പ്പും പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഇരു കക്ഷികള്‍ക്കും ഒരേ സാമ്പത്തിക നയമാണ്. നവഉദാരവല്‍ക്കരണ നയങ്ങളെ വിട്ടുവീഴ്ച കൂടാതെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണ്.

ജനവിരുദ്ധ സാമ്പത്തിക നയങ്ങളും വര്‍ഗീയതയോടുള്ള മൃദുനിലപാടും കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകര്‍ത്തു. സംഘപരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉപേക്ഷിച്ച കോണ്‍ഗ്രസിന് ബിജെപിക്ക് ബദലാകാന്‍ കഴിയില്ല. നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ ഉറച്ചനിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷമാണ് ശരിയായ ബദല്‍. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയും അതിന്റെ സര്‍ക്കാരും ഇതിന് മികച്ച ഉദാഹരണമാണ്. ബിജെപിയെ എതിര്‍ക്കാനാണെന്ന പേരില്‍, കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ വ്യഗ്രത കാട്ടുന്ന എല്ലാവരും സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി മനസ്സിലാക്കുമെന്ന് കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News