കൊല്ലത്ത് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവം; കൂടുതല്‍ പേര്‍ കുടുങ്ങും; ദുര്‍മന്ത്രവാദവും അന്വേഷിക്കും

പെണ്‍കുട്ടിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃ സഹോദരിയും ഭര്‍ത്താവും മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ രേഖാമൂലം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനിരിക്കെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

മരിച്ച തുഷാരയെ നേരത്തേ മുതല്‍ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവം ഭര്‍ത്താവിന്റെ സഹോദരിക്കും ഇവരുടെ ഭര്‍ത്താവിനും നേരിട്ട് അറിയാവുന്നതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കണമോയെന്ന കാര്യം അന്വേഷണ സംഘം വിലയിരുത്തിവരികയായിരുന്നു. മാര്‍ച്ച് 21നാണ് കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെ മകള്‍ തുഷാര (27) മരിച്ചത്.

സംഭവത്തില്‍ ഭര്‍ത്താവ് ഓയൂര്‍ ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ചന്തുലാല്‍ (30), ഭര്‍ത്തൃമാതാവ് ഗീതാലാല്‍ (55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

റിമാന്‍ഡില്‍ കഴിയുന്ന ഇരുവരെയും കൂടുതല്‍ അന്വേഷത്തിനായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇന്ന് കസ്റ്റഡി അപേക്ഷ പരിഗണിക്കും.

തുഷാരയുടെ ബന്ധുക്കളും ചെങ്കുളത്തെ സമീപവാസികളും ജനപ്രതിനിധികളും അടക്കം നൂറിലധികം ആളുകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ പറഞ്ഞിട്ടുള്ളതുമായി താരതമ്യം ചെയ്തുള്ള ചോദ്യം ചെയ്യലിനാകും കൂടുതല്‍ പ്രാധാന്യം നല്‍കുക.

സാധാരണ കൊലപാതക കേസുകളില്‍ നിന്ന് വ്യത്യസ്തമാണ് ഈ കേസെന്നും ശാസ്ത്രീയ തെളിവെടുപ്പുകള്‍ വേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തുഷാരയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ പട്ടിണിക്കിട്ടതാണെന്ന് അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതോടെ പ്രതികള്‍ക്കെതിരെ 302ാം വകുപ്പ് (കൊലക്കുറ്റം) ചുമത്തി.

സ്ത്രീധന പീഡന മരണം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍ എന്നീവയ്ക്കായി 304 ബി, 344 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. 26ന് കൊട്ടാരക്കരയില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കാനാണ് മനുഷ്യാവകാശ കമ്മിഷന്റെ തീരുമാനം.

ദുര്‍മന്ത്രവാദവും അന്വേഷിക്കും

ചന്തുലാലിന്റെ വീട്ടില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ദുര്‍മന്ത്രവാദത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. നേരത്തെ കൊല്ലത്ത് താമസിച്ചിരുന്നപ്പോഴും ഇത്തരം ക്രിയകള്‍ ചന്തുവിന്റെ വീട്ടില്‍ നടത്തിയിരുന്നു.

ഗീതാലാലും ചന്തുവും തന്നെയാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്. പിന്നീട് ചെങ്കുളത്തെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റിയപ്പോള്‍ ആഭിചാര ക്രിയകള്‍ക്ക് പ്രത്യേക സംവിധാനമുണ്ടാക്കി. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഇവരുടെ അടുത്ത് മന്ത്രവാദത്തിനായി വന്നിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News