രാജ്യം ബിജെപിയില്‍ നിന്നും മുക്തമാകണം; പകരം വേണ്ടത് മതനിരപേക്ഷ സര്‍ക്കാര്‍: സംഘപരിവാര്‍ വര്‍ഗീയതയെ കോണ്‍ഗ്രസ് ഒരിക്കലും എതിര്‍ത്തില്ലെന്നും മുഖ്യമന്ത്രി പിണറായി

 
മലപ്പുറം: സമ്പന്നരായവര്‍ക്ക് അതിസമ്പന്നരാവാനും ദരിദ്രര്‍ കൂടുതല്‍ ദരിദ്രമാവുകയുമാണ് ഈ അഞ്ച് വര്‍ഷക്കാലം കൊണ്ട് രാജ്യത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുള്ള രാജ്യത്ത് അവരെ പരിഗണിക്കാതെ കോര്‍പറേറ്റുകള്‍ക്ക് വമ്പിച്ച പരിഗണന ലഭിക്കുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ സംബന്ധിച്ച്, അതൊക്കെ നടപ്പാക്കാനുള്ളതാണോ എന്നാണ് മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കേന്ദ്രത്തില്‍ അധികാരത്തില്‍ കയറിയവരുടെ പേര് മാത്രമാണ് മാറിയത്. നയം ഒട്ടും മാറിയില്ല. കോണ്‍ഗ്രസ് നയം ബിജെപിയും സ്വീകരിച്ചു.രാജ്യത്തെ തങ്ങളുടെ വരുതിയിലാക്കാന്‍ വരുന്ന സാമ്രാജ്യത്വത്തോട് രണ്ട് കൂട്ടര്‍ക്കും ഒരേ സമീപനമാണ്. ഇതാണ് നമ്മുടെ ദുരന്തത്തിന് കാരണം. അഞ്ച് വര്‍ഷത്തെ ബിജെപിയുടെ എല്ലാ നടപടികളും ജനദ്രോഹപരമായിരുന്നു.

രാജ്യം ശ്രദ്ധിക്കപ്പെട്ട കര്‍ഷക പ്രക്ഷോഭങ്ങള്‍ പലയിടത്തും ഉണ്ടായി. വിവിധ ജനവിഭാഗങ്ങള്‍ തങ്ങളുടെ പ്രശ്നങ്ങളുയര്‍ത്തി തെരുവിലിറങ്ങി. അഴിമതിയുടെ കാര്യത്തില്‍ വീരന്‍മാരാണ് തങ്ങള്‍ എന്ന് തെളിയിക്കുകയാണ് ബിജെപി. ബിജെപിയ്ക്ക് തുടര്‍ ഭരണം ലഭിച്ചാല്‍ രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും.

അതിനാല്‍ ബിജെപി പരാജയപ്പെടണം. നമ്മുടെ രാജ്യം ബിജെപിയില്‍ നിന്നും മുക്തമായ രാജ്യമായി മാറണം. പകരം വേണ്ടത് മതനിരപേക്ഷ സര്‍ക്കാരാണ് എന്ന കാര്യത്തില്‍ സംശയമില്ല. മതനിരപേക്ഷത അവകാശപ്പെട്ടിട്ട് കാര്യമില്ല, മറിച്ച് എല്ലാ കാര്യത്തിലും ബദല്‍ നയം രൂപപ്പെടണം.

കോണ്‍ഗ്രസ് പണ്ട് രാജ്യത്ത് വലിയ ശക്തിയായിരുന്നു. എന്നാലിപ്പോഴോ. ജയിക്കുമെന്നുറപ്പുള്ള ഒരു മണ്ഡലമെങ്കിലും രാജ്യത്തില്ലാത്ത അവസ്ഥയിലാണവര്‍. ഇത് സ്വയമേ വരുത്തിവച്ചതാണ്. കോണ്‍ഗ്രസിന്റെ പഴയ നേതൃനിരയില്‍ നല്ലൊരുഭാഗം ഇപ്പോള്‍ ബിജെപിയിലാണ്. ആര്‍എസ്എസ് മറയില്ലാതെ വര്‍ഗീയത പ്രചരിപ്പിക്കുന്നു. അതിനായി ബിജെപി ആകുവുന്നതൊക്കെ ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയ പ്രചരണങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് എപ്പോഴെങ്കിലും തയ്യാറായിട്ടുണ്ടോ. അവരുമായി സമരസപ്പെടാനായിരുന്നു കോണ്‍ഗ്രസിന് താല്‍പര്യം. ഏതെങ്കിലും ഘട്ടത്തില്‍ ഒരു ഉറച്ച സ്വരം കോണ്‍ഗ്രസില്‍ നിന്നുമുണ്ടായോ? സുപ്രീംകോടതിയുടെ സമ്മതം വേണ്ട രാമക്ഷത്രം പണിയാന്‍ എന്നാണ് ബിജെപി പറയുന്നത്.

എല്ലാവരും സംഘപരിവാറിനെ വിമര്‍ശിച്ചു. എന്നാല്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചോ? ഉണ്ടായ പ്രസ്താവനയാകട്ടെ, രാമക്ഷേത്രം തങ്ങളാണ് നിര്‍മിക്കുകയെന്ന അഖിലേന്ത്യാ വക്താവ് ജോഷിയുടെ പ്രസ്താവനയും. ആ പ്രസ്താവന ആര്‍ക്കാണ് സഹായകമായത്. സംഘപരിവാര്‍ വര്‍ഗീയതയ്ക്ക് എണ്ണയൊഴിച്ച പ്രസ്താവനയായിരുന്നു ഇത്.

ഒരു തെറ്റും ചെയ്യാത്തവര്‍ പശുവിന്റെ പേരില്‍ കൊലചെയ്യപ്പെട്ടു. കൊന്നവരെല്ലാം സംഘപരിവാറുകാരും. എന്നാല്‍ ഇതിലും കോണ്‍ഗ്രസിന്റെ ഉറച്ച സ്വരം കേട്ടില്ല. മാത്രമല്ല, കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് പറഞ്ഞത് ഗോവധം നിരോധിച്ചത് തങ്ങളാണെന്നായിരുന്നു. ഇത്തരം പ്രസ്താവനകളിലൂടെ സംഘപരിവാറിനോടൊപ്പം ചാരിനില്‍ക്കാനല്ലെ ഇവര്‍ ശ്രമിക്കുന്നത്; അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസിന്റെ പരമോന്നത നേതാവിനെ കുറിച്ച്, അദ്ദേഹം പൂണൂലിട്ട ബ്രാഹ്മണനാണെന്നു പറയുകയും, അതിനൊപ്പം കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ അദ്ദേഹത്തെ ശിവഭക്തനുമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News