ഇടതുപക്ഷത്തോട് മത്സരിക്കുന്ന രാഹുല്‍ യഥാര്‍ഥത്തില്‍ ബിജെപിയെ സഹായിക്കുകയാണെന്ന് യെച്ചൂരി; രാഹുലിന് കേരളം മറുപടി നല്‍കും

ആലപ്പുഴ: ബിജെപിക്ക് സാന്നിധ്യമില്ലാത്ത വയനാട്ടില്‍ മല്‍സരിക്കുക വഴി ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ആലപ്പുഴ ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഎം ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേഠിയില്‍ തോറ്റുപോയേക്കാമെന്ന ഭീതിയിലാണ് രാഹുല്‍ കേരളത്തിലേക്കു വരുന്നതെങ്കില്‍ വയനാടും സുരക്ഷിതമല്ലെന്ന് അദ്ദേഹം മനസിലാക്കണം.

കേരളത്തില്‍ വന്ന് ഇടതുപക്ഷത്തോട് മല്‍സരിക്കുന്ന രാഹുല്‍ യഥാര്‍ഥത്തില്‍ ബിജെപിയെ സഹായിക്കുകയാണ്. തെക്കേയിന്ത്യയില്‍ മല്‍സരിക്കാനാണെങ്കില്‍ അമ്മയും അമ്മൂമ്മയുമൊക്കെ ചെയ്തതുപോലെ കര്‍ണ്ണാടകത്തില്‍ പോയി മല്‍സരിക്കാമായിരുന്നു.

രാഹുലിന്റെ ഈ നടപടിക്കു മറുപടിയായി യുഡിഎഫിന്റെ 20 സ്ഥാനാര്‍ഥികളെയെും പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കുക, മെച്ചപ്പെട്ട ഇന്ത്യയ്ക്കുവേണ്ടി പോരാടുക എന്ന കടമ കേരളം നിറവേറ്റണം.

എത്രമാത്രം ഇടതുപക്ഷം പാര്‍ലമെന്റില്‍ ശക്തമാകുന്നുവോ അത്രമാത്രം ഗവര്‍മെന്റിന്റെ നയങ്ങള്‍ പാവപ്പെട്ടവര്‍ക്ക് അനുകൂലമാക്കാന്‍ കഴിയും. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ വന്ന ഒന്നാം യുപിഎയുടെ കാലത്ത് ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞു.

എന്നാല്‍ രണ്ടാം യുപിഎയുടെ കാലത്ത് അതുണ്ടായില്ല. മോഡിയുടെ ഭരണത്തില്‍ തൊഴിലില്ലായ്മ കഴിഞ്ഞ 48 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. അതിസമ്പന്നരായ ഏതാനും പേര്‍ക്കുവേണ്ടിയാണ് മോഡിയുടെ ഭരണം.

രണ്ടാം യുപിഎയുടെ ഭരണകാലത്ത് ഇന്ത്യയിലെ മൊത്തം സ്വത്തിന്റെ 49 ശതമാനം ഒരു ശതമാനം ആളുകളുടെ കയ്യിലായിരുന്നു. എന്നാല്‍ മോഡിയുടെ അഞ്ചു വര്‍ഷത്തെ ഭരണം കഴിഞ്ഞപ്പോള്‍ മൊത്തം സമ്പത്തിന്റെ 73 ശതമാനം ഒരു ശതമാനം ആളുകളുടെ കൈയിലായി. രാജ്യത്തിന്റെ സ്വത്തു മുഴുവന്‍ കൊള്ളയടിക്കാന്‍ മോഡിയുടെ സുഹൃത്തുക്കളെ അനുവദിക്കുകയാണ്.

കേരളത്തിലെ വിമാനത്താവളം അടക്കം അദാനിക്കു തീറെഴുതി. കൊള്ളയടിക്കുന്ന തുകയുടെ കമീഷന്‍ ബിജെപിക്കു ലഭിക്കും. ഈ രാഷ്ട്രീയ അഴിമതിക്ക് നിയമ സാധൂകരണം നല്‍കാനാണ് ഇലക്ടറല്‍ ബോണ്ട് രൂപീകരിച്ചത്.

ഇതിലേക്ക് ആര്‍ക്കൊക്കെ പണം കിട്ടുന്നു ആരൊക്കെ തരുന്നു എന്നാര്‍ക്കും അറിയില്ല. ഇതു വഴി ശേഖരിച്ച 95 ശതമാനം പണവും പോകുന്നത് ബിജെപിയിലേക്കാണ്. ഈ കോഴപ്പണം വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവര്‍ ചെലവാക്കുന്നു.

ഇന്ത്യ ഒന്നായി നിന്ന് ഭീകരതയെ ചെറുത്തുതോല്‍പ്പിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍ മോഡി ജനങ്ങളെ വിഭജിച്ചുകൊണ്ട് ഭീകരതയ്‌ക്കെതിരായ പോരാട്ടത്തെ ദുര്‍ബ്ബലപ്പെടുത്തുകയാണ്. ഹിന്ദുക്കളാരും ഭീകരരല്ല എന്നാണ് മോഡി പറയുന്നത്. എന്നാല്‍ ഭീകരതയ്ക്ക് മതവുമായി ബന്ധമില്ല.

എല്ലാ മതമൗലിക വാദ ഭീകരതകളെയും ഇന്ത്യ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ് ചെയ്യേണ്ടത്. ഹിന്ദു ഭീകരത നടപ്പാക്കുകയാണ് സംഘപരിവാര്‍. സവര്‍ക്കറുടെ ഹിന്ദുത്വ ഭീകരതയില്‍ ആകൃഷ്ടനായാണ് മഹാത്മാഗാന്ധിയെ ഗൊഡ്‌സെ കൊലപ്പെടുത്തിയത്. സവര്‍ക്കറും ആ കേസില്‍ കുറ്റാരോപിതനായിയിരുന്നു.

മോഡി തകര്‍ത്ത സമ്പദ്ഘടനയെ തിരിച്ചുകൊണ്ടുവരികയും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയും ഇന്ത്യയെ മാറ്റിപ്പണിയുകയും വേണം. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെറികിട വ്യവസായങ്ങളെ പുനരുദ്ധരിക്കുകയും വേണം. ഇക്കാര്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക്അനുകൂലമായി നടപ്പാക്കണമെങ്കില്‍ ഇടതുപക്ഷത്തിന്റെ ശക്തി പാര്‍ലമെണ്ടില്‍ വര്‍ധിക്കണം.

കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലെങ്കില്‍ അവര്‍ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല. ജനവിരുദ്ധ ഭരണം നടത്തിയ രണ്ടാം യുപിഎ സര്‍ക്കാരാണ് മോഡി അധികാരത്തില്‍ വരാന്‍ കാരണം.

വാജ്‌പേയിയെ മാറ്റി ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടെ ഒന്നാം യുപിഎ സര്‍ക്കാര്‍ വന്ന കാലത്ത് 20ല്‍ 18 പേരെയും വിജയിപ്പിച്ച് കേരളം മാതൃക കാട്ടി. രാജ്യം വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തില്‍ എല്ലാ സീറ്റിലും എല്‍ഡിഎഫിനെ വിജയിപ്പിച്ച് കേരളം മാതൃക കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here