ആസിയാന്‍ കരാറിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും രാഹുല്‍ നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും ആസിയാന്‍ കരാറിലുമുള്ള നിലപാട് വ്യക്തമാക്കാന്‍ വയനാട്ടില്‍ മല്‍സരിക്കുന്ന രാഹുല്‍ ഗാന്ധി തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് കടപ്പുറത്തും താമരശ്ശേരിയിലും ചേര്‍ന്ന എല്‍ ഡി എഫ് റാലികളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാഡ്കില്‍ റിപ്പോര്‍ട് വന്നതോടെയാണ് വയനാട്ടിലുള്‍പ്പെടെ കൃഷിക്കാരുടെ ഭൂമി പ്രത്യേക അവസ്ഥയിലായത്.

പരിസ്ഥിതി സംരക്ഷിക്കണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കും താല്പര്യമാണ്. എന്നാല്‍ ജനങ്ങളെ കാണാതുള്ള പ്രകൃതി സംരക്ഷണം വേണ്ട. ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നറിഞ്ഞാല്‍ നന്ന്.

ഇത് പോലെ കര്‍ഷകരുടെ നടുവൊടിച്ച മറ്റൊരു നടപടിയാണ് ആസിയാന്‍ കരാരിലൂടെയുണ്ടായത്. നാണ്യ വിളകള്‍ക്ക് വില നന്നായി ഇടിഞ്ഞു. ഇത് വഴി തകര്‍ച്ച സംഭവിച്ച കര്‍ഷകരെ രക്ഷിക്കാന്‍ എന്താണ് ചെയ്യുകയെന്നും പറയണം. ഈ കരാറും കോണ്‍ഗ്രസ് കാലത്ത് ഒപ്പ് വെച്ചതാണ്. മല്‍സരിക്കാനായി വയനാട്ടിലെത്തുന്ന രാഹുല്‍ ഇതിന് മറുപടി പറയണം.

കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും സ്വപ്‌ന ലോകത്താണ്. കോണ്‍ഗ്രസിന്റെ പ്രതാപകാലം പോയി എന്ന് അവര്‍ തിരിച്ചറിയുന്നില്ല. പ്രാമാണികരായ നേതാക്കള്‍ക്ക് മത്‌സരിക്കാന്‍ സുരക്ഷിതമായ സീറ്റ് ഇല്ലാതായി തുടങ്ങി. എന്നിട്ടും വീമ്പ് പറച്ചിലിന് ഒരു കുറവുമില്ല. കേരളത്തിലെ നേതാക്കള്‍ ഇക്കാര്യത്തില്‍ മത്‌സരിക്കുകയാണ്.

തങ്ങളുടെ തട്ടകം ഏതാണെന്നറിയാതെ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനെന്നപേരില്‍ ബിജെപിയെ ശക്തിപ്പെടുത്തുകയാണവര്‍. ഇപ്പോഴത്തെ ബിജെപി നേതാക്കളിലേറെയും മുന്‍ കോണ്‍ഗ്രസ് നേതാക്കളാണ്. എഐസിസി നേതാക്കള്‍, മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍, പിസിസി പ്രസിഡണ്ടുമാര്‍ എന്നിവരെല്ലാം ബിജെപിയിത്തെിയിട്ടുണ്ട്.

ഗോവയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ പോലും കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചില്ല. ജയിച്ച കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ബിജെപിയിലേക്ക് പോയി. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവിനെ ചൂണ്ടി ഇദ്ദേഹം പൂണൂല്‍ ധരിച്ച ബ്രാഹ്മണനും ശിവഭക്തനുമാണെന്നാണ് തൊട്ട് താഴെയുള്ള മറ്റൊരു നേതാവ് പറഞ്ഞത്.

ഇതിന്റെ പിന്നാലെ നാം കാണുന്നത് നേതാവ് അമ്പലങ്ങളിലും മറ്റും പോകുന്നതാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എന്ത് കൊണ്ടാണ് ഇത്ര ഭക്തി വന്നത്. ഇങ്ങനെയാണോ ബിജെപിയെ നേരിടേണ്ടതെന്നും പിണറായി ചോദിച്ചു. കോഴിക്കോട്ട് പി കിഷന്‍ ചന്ദും താമരശേരിയില്‍ കാരാട്ട് റസാക്ക് എം എല്‍ എയും അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News