ബഹിരാകാശത്തിന്റെ കാവല്‍ക്കാരനാണ് താന്‍ എന്നവകാശപ്പെടുന്ന മോദി കാവല്‍ക്കാരനായി അവിടെത്തന്നെ തുടരട്ടെയെന്ന് സീതാറാം യെച്ചൂരി.

ഇന്ത്യയെ വെറുതെ വിടണം എന്നും യെച്ചൂരി പറഞ്ഞു.എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊടുയോഗത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.

ആലപ്പുഴയിലെയും കോട്ടയത്തെയും ഇടതു സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിച്ച ശേഷമാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി രാജീവിന്റെ പ്രചാരണ പൊതു യോഗത്തില്‍ പങ്കെടുക്കുന്നതിനായി എറണാകുളത്തെത്തിയത്.

മതേതര രാഷ്ട്ര സങ്കല്‍പ്പത്തെ തകര്‍ക്കുന്ന ബിജെപി സര്‍ക്കാരിന്റെ വികലമായ നയങ്ങളെ ശക്തമായ ഭാഷയിലാണ് യെച്ചൂരി വിമര്‍ശിച്ചത്. ബഹിരാകാശത്തിന്റെ കാവല്‍ക്കാരനാണ് താന്‍ എന്നവകാശപ്പെടുന്ന മോദി കാവല്‍ക്കാരനായി അവിടെത്തന്നെ തുടരട്ടെയെന്നും ഇന്ത്യയെ വെറുതെ വിടണം എന്നും യെച്ചൂരി പറഞ്ഞു.

ബിജെപിയാണൊ ഇടതുപക്ഷമാണൊ കോണ്‍ഗ്രസ്സിന്റെ മുഖ്യശത്രുവെന്ന് വയനാട്ടില്‍ മത്സരിക്കാനെത്തുന്ന രാഹുല്‍ഗാന്ധി വ്യക്തമാക്കണം.വര്‍ഗ്ഗീയതക്കെതിരെ പോരാടുന്ന ഇടുപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ കൈമാറുന്ന തെറ്റായ സന്ദേശം ജനങ്ങള്‍ തിരിച്ചറിയുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

പി രാജീവ് പാര്‍ലമെന്റിലെത്തിയ ശേഷം വീണ്ടും കാണാം എന്നു പറഞ്ഞാണ് യെച്ചൂരി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.എല്‍ ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.