പ്രസവിച്ച് കഴിയും മുമ്പേ കുഞ്ഞിനെ ഉപേക്ഷിക്കുന്ന , കാരണമില്ലാതെ കുഞ്ഞിനെ ഉപദ്രവിക്കുന്ന അമ്മമാര്‍, ഇവര്‍ക്കെതിരെയെല്ലാം ക്രൂരയായ അമ്മയെന്ന് ആക്ഷേപിച്ച് ശാപവാക്കുകള്‍ ഉരിയാടുന്നവര്‍ അറിയാന്‍ ഒരു ലേഖനം

കുഞ്ഞൊന്ന് കരയുമ്പോഴേക്കും അലറി കരയുകയും, ബഹളം വെക്കുകയും ചെയ്യുന്ന അമ്മമാര്‍. പ്രസവിച്ച് അധികം കഴിയും മുമ്പേ കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മമാര്‍.

കാരണമില്ലാതെ കുഞ്ഞിനെ ഉപദ്രവിക്കുന്ന അമ്മമാര്‍. ഇവര്‍ക്കെതിരെയെല്ലാം ക്രൂരയായ അമ്മയെന്ന് ആക്ഷേപിച്ച് ശാപവാക്കുകള്‍ ഉരിയാടും മുമ്പേ ഇന്‍ഫോ ക്ലിനിക്കില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം വായിക്കുക. മനസ്സ് കൈപിടിയില്‍ ഒതുക്കാന്‍ ക!ഴിയാത്തത് ഒരവസ്ഥയാണ് എന്നത് കൂടെ മനസ്സിലാക്കുക.

ഗര്‍ഭാവ്ഥയുമായി ബന്ധപ്പെട്ട് പലതരത്തില്‍ ഉള്ള മാനസിക പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാവാം. ജനിതകമായ പ്രത്യേകതകളും, ഗര്‍ഭ കാലത്ത് ഉണ്ടാകുന്ന ഹോര്‍മോണുകളുടെ വ്യതിയാനവും ,അതോടൊപ്പം ഈ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ആണ് ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുക. ഇത്തരം മാനസിക പ്രശങ്ങളെ പൊതുവെ മൂന്നായി തിരിക്കാം.

Postpartum blues/ baby blues

വളരെ സാധാരണമായി പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ കാണുന്ന അവസ്ഥയാണിത്. ഏകദേശം 80% വരെ സ്ത്രീകളില്‍ ഈ അവസ്ഥ കാണാം. പ്രസവ ശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് തുടങ്ങുന്ന ബുദ്ധിമുട്ടുകള്‍ രണ്ടു മൂന്നു ആഴ്ച്ചകൊണ്ട് തനിയെ കുറയും. കുട്ടി ഉണ്ടായ സന്തോഷം ഉള്ളപ്പോ തന്നെ ചില സമയത്ത് ഒരു കാരണവും ഇല്ലാതെ കരച്ചില്‍ വരുക, വെപ്രാളവും പേടിയും തോന്നുക, എല്ലാരോടും ദേഷ്യം തോന്നുക, ഇവയൊക്കെയാണ് ലക്ഷണങ്ങള്‍. കുടുംബത്തിന്റെ കരുതലും പിന്തുണയും ഒക്കെ കൊണ്ട് മാത്രം ഈ ബുദ്ധിമുട്ടുകള്‍ അങ്ങ് കുറയും. സ്വന്തം ജീവിതത്തെയോ , കടമകളെയോ ഈ അവസ്ഥ ബാധിക്കാന്‍ സാധ്യത കുറവാണ്.

Postpartum depression
ഏകദേശം രണ്ടു മൂന്നു ആഴ്ചകള്‍ കഴിഞ്ഞാണ് ഈ ബുദ്ധിമുട്ടുകള്‍ സാധാരണ തുടങ്ങുക. സാധാരണ വിഷാദ അവസ്ഥപോലെ , സ്ഥായിയായ വിഷമം, കുട്ടിയെ നോക്കാനോ ,ഒന്നും ചെയ്യാനോ തോന്നാതെ ഇരിക്കുക, കുട്ടിയോടോത്ത് സമയം ചിലവിടുംപൊഴും സന്തോഷം തോന്നാതെ ഇരിക്കുക, വിശപ്പും ഉറക്കവും കുറയുക, വൃത്തിയായി നടക്കാന്‍ ഒന്നും തോന്നാതെ ഇരിക്കുക, കുറച്ചൂടെ ഗുരുതരം ആയ അവസ്ഥയില്‍ ജീവിതം അവസാനിപ്പിക്കാന്‍ ഉള്ള ചിന്തകള് വരിക ഇവയൊക്കെയാണ് ലക്ഷണം. ഏകദേശം 10 മുതല്‍ 15 ശതമാനം വരെ ആളുകളില്‍ ഈ അവസ്ഥ ഉണ്ടാകാം. അമ്മ ഇത്തരത്തില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ കാണിച്ച് തുടങ്ങുമ്പോള്‍ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നല്‍കുന്നത് വഴി ഈ ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ സാധിക്കും. കൗണ്‍സിലിംഗ് , മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ ഇവയൊക്കെ ഈ അവസ്ഥയില്‍ ഉപയോഗിക്കാം.
Postpartum spychosis
പ്രസവത്തെ തുടര്‍ന്ന് ഉണ്ടാകുന്ന കടുത്ത മാനസിക രോഗാസ്ഥയാണ് ഇത്. 1000 അമ്മമാരില്‍ ഒരാള്‍ക്ക് എന്ന കണക്കിന് ഈ അവസ്ഥ ഉണ്ടാകാം. ഉറക്ക കുറവ്, വെപ്രാളം, അകാരണമായ പേടി, കുട്ടിയെ ആരോ ഉപദ്രവിക്കാന്‍ പോകുന്നു എന്ന ചിന്ത, തന്റെ കുട്ടി അല്ല എന്ന തോന്നല്‍, അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുക, പെട്ടന്ന് ദേഷ്യത്തില്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുക, ആത്മഹത്യ ശ്രമം നടത്തുക ഇവയൊക്കെയാണ് ലക്ഷണം. ഈ ബുദ്ധിമുട്ടുകള്‍ പ്രസവം കഴിഞ്ഞു ആദ്യ രണ്ടു ആഴ്ചകളില്‍ തുടങ്ങാനാണ് സാധ്യത. പലപ്പോഴും അമ്മയുടെയും കുട്ടിയുടെയും ജീവന്‍ അപകടത്തില്‍ ആകുന്ന സാഹചര്യം ഉണ്ടാകാം. ഈ ബുദ്ധിമുട്ടുകള്‍ ബന്ധുക്കള്‍ അടക്കം ഉളളവര്‍ ശ്രദ്ധിക്കാതെ പോകാന്‍ സാധ്യത കുറവാണ്. കിടത്തിയുള്ള ചികിത്സ ആവശ്യമായി വരും. മരുന്നുകള്‍ ആണ് പ്രധാന ചികിത്സ മാര്‍ഗ്ഗം. കടുത്ത ആത്മഹത്യ പ്രവണത , മാനസിക വിഭ്രാന്തി എന്നിവ ഉള്ളവര്‍ക്ക്, മരുന്നുകള്‍ പ്രയോജനം ചെയ്യുന്നില്ല എങ്കില്‍ ഷോക് ചികിത്സയും വളരെ ഫലപ്രദമാണ്.

ആര്‍ക്കാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതല്‍ ?.
1. കുടുംബത്തില്‍ വിഷാദം, മാനസിക രോഗങ്ങള്‍ ഇവ ഉളളവര്‍.
2. ഗര്‍ഭണി ആവുന്നതിന് മുന്‍പോ, ഗര്‍ഭ കാലഘട്ടത്തിലോ മാനസിക രോഗം ഉണ്ടാകുക.
3. കടുത്ത ജീവിത സംഘര്‍ഷങ്ങള്‍ ഉണ്ടാകുക, വൈവാഹിക ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍.
4. ഭര്‍ത്താവ്/പങ്കാളി മരണപ്പെടുക , അകന്നു ജീവിക്കുക
5. സാമ്പത്തികവും സാമൂഹികവുമായ പിന്തുണ ഇല്ലാത്തത്
6. കുട്ടിയുടെ സംരക്ഷണത്തില്‍ സഹായിക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ
7. മുന്‍പത്തെ പ്രസവ സമയത്ത് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാവുക .
8. പ്രസവവും ആയി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഗുരുതരാവസ്ഥ അനുഭവിച്ചവര്‍.

എങ്ങനെ ഈ അവസ്ഥ തടയും ?

കുഞ്ഞുണ്ടാവുന്നതിനു മുന്‍പ് അമ്മമാര്‍ അറിയേണ്ട, അമ്മമാര്‍ മാത്രമല്ല അമ്മമാരുടെ ചുറ്റുമുള്ളവരും ഇതെക്കുറിച്ച് അറിയേണ്ടുന്ന കുറച്ച് കാര്യങ്ങളുണ്ട്.

1. ഏറ്റവുമാദ്യം തോന്നുക ഇത് എനിക്ക് മാത്രമുണ്ടാവുന്ന എന്തോ കുഴപ്പമാണെന്നാണ്. ഈ തീയിലേക്ക് എണ്ണ കോരിയൊഴിച്ചുകൊടുക്കാന്‍ അമ്മ, അമ്മായിയമ്മ, കുഞ്ഞമ്മ, ചിറ്റമ്മ, വല്യമ്മ, വലിക്കാത്ത അമ്മ തുടങ്ങി അയലോക്കത്തെ ചേച്ചിയും കുഞ്ഞിനെയും അമ്മയെയും പീഢിപ്പിക്കാന്‍…സോറി കുളിപ്പിക്കാന്‍ വന്ന ചേച്ചിയും വരെ ഉള്‍പ്പെടും. പതിനാല് പെറ്റ കഥയും മൂന്നെണ്ണത്തെ ഒറ്റയ്ക്ക് നോക്കിയ കഥയും ഇപ്പൊഴത്തെ പെണ്ണുങ്ങള്‍ക്ക് ഒന്നിനും വയ്യ എന്നുളള തിയറിയുമൊക്കെ ഇറങ്ങും..

അപ്പൊ ആദ്യം മനസിലാക്കേണ്ടത് ഇത് നിങ്ങള്‍ക്ക് മാത്രം ഉണ്ടാവുന്ന ഒരു പ്രശ്‌നമല്ല എന്നതാണ്. 1015% വരെ അമ്മമാര്‍ക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനുണ്ടാവാനിടയുണ്ട്. 5080% അഥവാ പകുതിയില്‍ അധികം അമ്മമാര്‍ക്ക് പോസ്റ്റ് പാര്‍ട്ടം ബ്ലൂ എന്ന അവസ്ഥയുമുണ്ടാവാം. എന്ന് വച്ചാല്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. ഇതുണ്ടായത് നിങ്ങളുടെ തെറ്റുകൊണ്ടുമല്ല.
2. ഗര്‍ഭാവസ്ഥയുടെ അവസാനം തൊട്ട് കുഞ്ഞുണ്ടായി ഏതാനും മാസങ്ങള്‍ കഴിയുന്നത് വരെയുള്ള സന്ദര്‍ഭങ്ങളില്‍ ഏത് സമയത്തും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാവുന്നതാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. തിരിച്ചറിയുക എന്നതാണ് പ്രധാനം. രക്ഷിക്കാന്‍ പറ്റുന്നത് ഒന്നല്ല, രണ്ട് ജീവനുകളാണ്, ജീവിതങ്ങളാണ്.

കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ഒഴിവാക്കുക. സൈക്കോളജിക്കല്‍ സപ്പോര്‍ട്ട്, അമ്മയ്ക്ക് മാനസികവും ശാരീരികവുമായ പിന്തുണ നല്‍കേണ്ടത് പ്രധാനമാണ്.

3.അമ്മക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പ് വരുത്തണം. പ്രസവം കഴിഞ്ഞ് അമ്മ ഒന്ന് പകല്‍ കിടന്ന് ഉറങ്ങിപ്പോയെന്ന് വച്ച് ഒന്നും സംഭവിക്കില്ല. അമ്മയ്ക്ക് മാത്രം നോക്കാനുള്ളതല്ല കുഞ്ഞ്. വീട്ടില്‍ കൂടെയുള്ളത് ആരാണോ അവര്‍ അമ്മയ്ക്ക് ഒരു കൈത്താങ്ങ് നല്‍കണം. അത് നിര്‍ബന്ധമാണ്.

4. തുറന്ന് സംസാരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. . പങ്കാളിയോട് തുറന്ന് സംസാരിക്കുക. എന്താണു പ്രശ്‌നമെന്ന് പറയാന്‍ ശ്രമിക്കുക. അകാരണമായ സങ്കടങ്ങളോ ദേഷ്യമോ മൂഡ് സ്വിങ്ങോ ഒക്കെ ആവാം. സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ അവരോട് പറയാം.ഇനി, മനസ് തുറന്ന് പറയാവുന്ന ആരും ഇല്ലെന്ന് തോന്നിയാല്‍ ഗൈനക്കോളജിസ്റ്റിനോടും പറയാവുന്നതാണ്. അവര്‍ക്ക് മനസിലാകാതിരിക്കില്ല.

5. ബുദ്ധിമുട്ടുകള്‍ കുറയാതെ വരികയോ, ജീവിതത്തെ ബാധിക്കുകയൊ ചെയ്തു തുടങ്ങിയാല്‍, കുട്ടിയെ ഉപദ്രവിക്കാന്‍ തോന്നുക , മരിക്കാന്‍ തോന്നുക ഇവ ഉണ്ടായാല്‍ മാനസികാരോഗ്യ വിദഗ്ധരെ കാണാന്‍ മടിക്കരുത്. കൃത്യമായ ചികിത്സയും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കാന്‍ അവര്‍ക്ക് കഴിയും.

6. മറ്റ് കാര്യങ്ങള്‍ പൊതുവായ നിര്‍ദേശങ്ങള്‍ എല്ലാം മുന്‍പ് പലയിടത്തായി പറഞ്ഞിട്ടുണ്ട് എങ്കിലും ചുരുക്കിപ്പറയാം…

കുഞ്ഞിന് മുലപ്പാല്‍ നല്‍കുക. മരുന്ന് കഴിക്കുന്നുണ്ടെങ്കിലും ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മുലയൂട്ടല്‍ തുടരാം. എല്ലാ അമ്മമാര്‍ക്കും സ്വന്തം കുഞ്ഞിനു നല്‍കാനുള്ള പാലുണ്ടാവും. വിദഗ്ധ ഡോക്ടറുടെ ഒഴികെ ഇക്കാര്യത്തില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അവഗണിക്കുക.

കുഞ്ഞിന്റെ നിറം, മുഖം, രൂപം തുടങ്ങിയവയെല്ലാം ജനിതകമായി അച്ഛന്റെയും അമ്മയുടെയും കയ്യില്‍ നിന്ന് നിര്‍ണയിക്കപ്പെടുന്നതാണ്. ഏതെങ്കിലും നിറമോ ലിംഗമോ മറ്റൊന്നിനു മേല്‍ അധീശത്വമുള്ളതല്ല. അങ്ങനെ കരുതുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതും തെറ്റാണ്.

പ്രസവം ഒരു ദുരന്തമല്ല രക്ഷിച്ചോണ്ട് വരാന്‍. അല്പം അധികം ഊര്‍ജവും പ്രോട്ടീനും ലഭിക്കുന്ന സമീകൃതാഹാരം കഴിക്കണമെന്നേയുള്ളൂ. ഗര്‍ഭാവസ്ഥയിലും പ്രസവശേഷം മുലയൂട്ടുമ്പൊഴും അനാവശ്യ ഭക്ഷണനിയന്ത്രണങ്ങള്‍ കുറ്റകൃത്യമായി കണക്കാക്കണം.

അമ്മ എണീറ്റ് നിന്ന് ചാടിയാല്‍ കൂടെ ചാടുമെന്നല്ലാതെ വെള്ളം കുടിക്കുന്നതുകൊണ്ട് വയര്‍ ചാടുമെന്നുള്ള തോന്നല്‍ തെറ്റാണ്. വയറിനു ചുറ്റും തുണി മുറുക്കിക്കെട്ടുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അതിനുള്ള എക്‌സര്‍സൈസും ഡയറ്റിങ്ങുമൊക്കെ പിന്നീടാവാം. ഇപ്പോള്‍ പില്‍ക്കാലത്ത് യൂട്രസ് പ്രൊലാപ്‌സ് എന്ന് വിളിക്കുന്ന ഗര്‍ഭപാത്രത്തിന്റെ താഴേക്കിറങ്ങല്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന pelvic floor exercises മതിയാവും..സിസേറിയന്‍ കഴിഞ്ഞാല്‍ അതേ കിടപ്പില്‍ ഒരുപാട് നാള്‍ കിടക്കുന്നതും ദോഷമേ ചെയ്യൂ . കൃത്യമായ വ്യായാമം മനസ്സിന് ആരോഗ്യം നല്‍കും.

പച്ചമരുന്നുകളും നാട്ടുചികില്‍സയും ഈ അവസ്ഥയ്ക്ക് ഫലപ്രദമാണെന്ന് തെളിവൊന്നുമില്ലെന്ന് മാത്രമല്ല കുഞ്ഞിനും അമ്മയ്ക്കും ദോഷവും ചെയ്‌തേക്കാം.

അപ്പോ നമുക്ക് വേണ്ടത് കുറ്റപ്പെടുത്തല്‍ അല്ല. മറിച്ച് പിന്തുണയാണ്. വളരെ ഭാരിച്ച, കഠിനാധ്വാനം വേണ്ട ഒരു ജോലിയാണ് അവര്‍ ചെയ്യുന്നത്. ഒപ്പം നിന്ന് നമുക്ക് അവരെ സഹായിക്കാം. വിഷമങ്ങള്‍ പറയുമ്പോള്‍ സമാധാനത്തോടെ കേള്‍ക്കാം. അവസ്ഥയെ കണ്ടെത്താനും ചികിത്സ നേടാനും പ്രേരിപ്പിക്കാം.

എഴുതിയത് : ഡോ: ജിതിന്‍ ടി ജോസഫ് & Dr Nelson Joseph

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News