ചേര്‍ത്തല അമ്മയെ ചവിട്ടിക്കൊന്ന കേസില്‍ ആര്‍എസ്എസ് ബിഎംഎസ് പ്രവര്‍ത്തകനെ അറസ്റ്റുചെയ്തു. കടക്കരപ്പള്ളി പഞ്ചായത്ത് 10ാം വാര്‍ഡ് തൈക്കല്‍ നിവര്‍ത്തില്‍ കല്ല്യാണി (75) കൊല്ലപ്പെട്ട സംഭവത്തിലാണ് മകന്‍ സന്തോഷിനെ പട്ടണക്കാട് പൊലീസ് അറസ്റ്റുചെയ്തത്

സംഭവം പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: ഞായറാഴ്ച ഉച്ചയോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ സന്തോഷ് അമ്മയുമായി വഴക്കുണ്ടാക്കി.

ചവിട്ടേറ്റ് കല്ല്യാണി വീണതോടെ ഇയാള്‍ പുറത്തുപോയി. തിരിച്ചെത്തിയപ്പോള്‍ കല്ല്യാണി രക്തസ്രാവംമൂലം അവശനിലയിലായിരുന്നു. രക്തം കഴുകി വൃത്തിയാക്കിയശേഷം സന്തോഷ് അമ്മയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

നില ഗുരുതരമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ആംബുലന്‍സില്‍ ആലപ്പുഴയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ സ്ഥലത്തെത്തിയ ആര്‍എസ്എസ് ബിജെപി നേതാക്കളും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പൊലീസ് വഴിങ്ങിയില്ല.

ബാഹ്യസമ്മര്‍ദ്ദമേറിയതോടെ പൊലീസിന് സംശയം ബലപ്പെട്ടു. സന്തോഷിനെ കസ്റ്റഡിയിലെടുത്തു. ചവിട്ടേറ്റ് ഇടുപ്പെല്ലും വാരിയെല്ലും തകര്‍ന്നതായും ഇടുപ്പെല്ല് ആന്തരീകാവയവത്തില്‍ തുളച്ചുകയറിയതാണ് രക്തസ്രാവത്തിന് കാരണമെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സന്തോഷിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.

മരംവെട്ട് തൊഴിലാളിയും ആര്‍എസ്എസുകാരനുമായ സന്തോഷ് ബിഎംഎസ് തൈക്കല്‍ യൂണിറ്റ് കണ്‍വീനറായിരുന്നു.