നരേന്ദ്രമോദിയുടെ പ്രചാരണത്തിനായി ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയ വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി.

റയില്‍വേയും,എയര്‍ ഇന്ത്യയും മാതൃക പെരുമാറ്റ ചട്ട ലംഘിച്ച് മോദിയ്ക്കായി പ്രചാരണം നടത്തിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി.

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് നമോ ടിവി എന്ന പേരില്‍ നരേന്ദ്രമോദിയുടെ പ്രചാരണത്തിന് മാത്രമായി ഒരു ചാനല്‍ ആരംഭിക്കാന്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കിയത്.

ചട്ടങ്ങളും കീഴവഴക്കങ്ങളും ലംഘിച്ചായിരുന്നു നടപടി.പെരുമാറ്റ ചട്ടം നിലവിലുള്ള മാര്‍ച്ച് 31ന് നമോ ടിവി സംപ്രേക്ഷണം ആരംഭിച്ചു.ഇതിനെതിരെ പ്രതിപക്ഷ പാര്‍ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി.

സര്‍ക്കാര്‍ ചാനലായ ദൂരദര്‍ശനും പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് കമ്മീഷന്‍ കണ്ടെത്തി. മെം ഫീ ചൗക്കിദാര്‍ എന്ന പേരില്‍ മാര്‍ച്ച് 31ലെ മോദിയുടെ തിരഞ്ഞെടുപ്പ് റാലി പൂര്‍ണ്ണമായും ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തു.രാഷ്ട്രിയ പാര്‍ടികളുടെ പ്രചാരണത്തിനായി ദൂരദര്‍ശനില്‍ സമയക്രം പോലും ഉള്ളപ്പോഴാണ്.

ഇത് ലംഘിച്ച് മോദിയ്ക്ക് മാത്രമായി സമയം അനുവദിച്ചത്.വിമാന ടിക്കറ്റില്‍ മോദിയുടെ ചിത്രം പതിപ്പിച്ച് പ്രചാരണം നടത്തിയതിനെതിരെ മാര്‍ച്ച് 26ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഷോക്കോസ് നോട്ടീസിന് ഇത് വരെ എയര്‍ ഇന്ത്യ മറുപടി നല്‍കിയില്ല.

3 ദിവസത്തിനകം മറുപടി നല്‍കേണ്ട നോട്ടീസിനോട് എയര്‍ ഇന്ത്യ പ്രതികരിക്കാത്തതില്‍ കമ്മീഷന്‍ അമര്‍ഷം രേഖപ്പെടുത്തി.റയില്‍വേ ചായ കപ്പുകളില്‍ ബിജെപിയ്ക്ക് അനുകൂലമായി ചിത്രം പതിപ്പിച്ചത് മാതൃക പെരുമാറ്റ ചട്ട ലംഘനമാണന്നും കമ്മീഷന്‍ കണ്ടെത്തി.