മരുന്ന് നിര്‍മാണ രംഗത്തെ കേരള മോഡലായ കെഎസ്ഡിപിക്ക് (കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ) ഉല്‍പ്പാദനത്തിലും വിറ്റുവരവിലും ലാഭത്തിലും സര്‍വകാല റെക്കോഡ്. പോയവര്‍ഷം 58.37 കോടിയുടെ ഉല്‍പ്പാദനം നടത്തി. 54.93 കോടിയാണ് വിറ്റുവരവ്. ലാഭം 2.75 കോടി. 2011–12ല്‍ കൈവരിച്ച 34.94 കോടിയായിരുന്നു ഇതുവരെ കമ്പനി കൈവരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന വിറ്റുവരവ്. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്ഥാപനത്തിന്റെ ശക്തമായ തിരിച്ചുവരവാണിത്.

യുഡിഎഫ് ഭരണകാലത്ത് കെഎസ്ഡിപി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 2015– 16ല്‍ 4.98 കോടി നഷ്ടത്തിലായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്വീകരിച്ച നയങ്ങളുടെ ഫലമായി 2016–17ല്‍ത്തന്നെ നഷ്ടം 4.27 കോടിയായി കുറച്ചു. 2017–18ല്‍ 2.12 കോടി ലാഭത്തിലെത്തിയ കെഎസ്ഡിപി 2018– 19ല്‍ 2.75 കോടി ലാഭമെന്ന ചരിത്രനേട്ടവും കരസ്ഥമാക്കി. പോയവര്‍ഷം 54.93 കോടിയെന്ന വിറ്റുവരവിലെ സര്‍വകാല റെക്കോഡ് നേട്ടത്തോടെ അവസാനിപ്പിക്കാനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കെഎസ്ഡിപി എംഡി എസ് ശ്യാമള പറഞ്ഞു.

181 കോടി ടാബ്‌ലറ്റ്; 5.03 കോടി കാപ്‌സ്യൂള്‍

അവയവമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്കുള്ള അഞ്ച് ഇനങ്ങളിലുള്ള 11 തരം മരുന്നുകളില്‍ എട്ടെണ്ണം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. ബാക്കി മൂന്ന് എണ്ണവും, സോഫ്റ്റ് ജലാറ്റിന്‍ ഇനത്തില്‍പ്പെട്ട ക്യാപ്‌സ്യൂളും ഇവിടെ ഉടന്‍ ഉണ്ടാക്കും. പ്ലാന്റില്‍നിന്ന് വര്‍ഷം 181 കോടി ടാബ്‌ലറ്റും, 5.03 കോടി കാപ്‌സ്യൂളുകളും, 1.08 കോടി യൂണിറ്റ് ലിക്വിഡും ഉണ്ടാക്കാനാകും. പ്ലാന്റിനെ ലോകോത്തര മരുന്ന് നിര്‍മാണ കമ്പനിയായി ഉയര്‍ത്താനാണ് വ്യവസായ വകുപ്പ് പദ്ധതിയിടുന്നത്.

2003ല്‍ ലോകാരോഗ്യ സംഘടന മരുന്ന് നിര്‍മാണ മാനദണ്ഡങ്ങള്‍ പുതുക്കിയതോടെ കെഎസ്ഡിപി 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. 2008ല്‍ ലോകാരോഗ്യസംഘടനാ മാനദണ്ഡപ്രകാരമുള്ള ആന്റിബയോട്ടിക്കുകള്‍ നിര്‍മിക്കാനുള്ള ബീറ്റാലാക്ടം പ്ലാന്റ് ഉദ്ഘാടനം ചെയ്തു. 2017ല്‍ ആന്റിബയോട്ടിക് ഇഞ്ചക്ഷനുള്ള മരുന്നുകള്‍ നിര്‍മിക്കുന്ന ഡ്രൈ പൗഡര്‍ ഇഞ്ചക്ഷന്‍ പ്ലാന്റും തുടങ്ങി. പാരസെറ്റമോളടക്കം മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ആവശ്യമായ 158 ഇനം മരുന്നുകള്‍ ഡബ്ല്യൂഎച്ച്ഒ മാനദണ്ഡപ്രകാരം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന നോണ്‍ ബീറ്റാ ലാക്ടം പ്ലാന്റ് ഫെബ്രുവരി 25നാണ് തുറന്നത്.