തിരുവനന്തപുരം: എം കെ രാഘവന് തെരഞ്ഞെടുപ്പ് ചെലവിലേക്കായി 5 കോടി രൂപ കോഴ വാഗ്ദാനം ചെയ്ത ആരോപണം അതീവ ഗൗരവമേറിയതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു.

സംഭവത്തില്‍ കോഴിക്കോട് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്നും കമ്മീഷണര്‍ പറഞ്ഞു.

കോടികള്‍ ചെലവഴിച്ചാണ് താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം കെ രാഘവന്‍ വെളിപ്പെടുത്തിയിരുന്നു.

സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് രാഘവന്റെ വെളിപ്പെടുത്തല്‍. ‘ടിവി 9’ ചാനലാണ് ഹോട്ടല്‍ വ്യവസായിയുടെ കണ്‍സള്‍ട്ടന്‍സി കമ്പനി പ്രതിനിധികളായെത്തി സംസാരിച്ചത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്്ദാനം ചെയ്ത ചാനല്‍സംഘത്തോട് പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും എംപി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് ദിവസം മദ്യം വിതരണം ചെയ്യണം. പണം നല്‍കിയാല്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ മദ്യം എത്തിച്ചുകൊള്ളും. ഒരു ദിവസം വാഹന പ്രചരണത്തിന് മാത്രം പത്ത് ലക്ഷത്തോളം രൂപ ചെലവുണ്ട്. 50-60 വാഹനം ഒരുദിവസം വേണ്ടിവരുമെന്നും രാഘവന്‍ ചാനല്‍ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.