ജിഎസ‌്ടി; ചരക്കുസേവന നികുതിയുടെ കുറവുമൂലമുള്ള നേട്ടം കൊയ‌്തത‌് കുത്തക ഉൽപ്പാദക കമ്പനികൾ; ഹിന്ദുസ്ഥാൻ യൂണിലീവർമാത്രം നേടിയത‌് 496 കോടി രൂപയുടെ കൊള്ളലാഭം

ചരക്കുസേവന നികുതിയുടെ കുറവുമൂലമുള്ള നേട്ടം കൊയ‌്തത‌് കുത്തക ഉൽപ്പാദക കമ്പനികൾ. ജിഎസ‌്ടി കൗൺസിലിന്റെ യോഗത്തിൽ അവതരിപ്പിച്ച സ്ഥിതിവിവര റിപ്പോർട്ടിലാണ‌്, നടത്തിപ്പിന്റെ കുഴപ്പംമൂലം ആഗോള ഭീമന്മാർ അടക്കമുള്ള കുത്തകകൾ നികുതികുറവിന്റെ ഗുണം തട്ടിയെടുത്തതിന്റെ വിവരങ്ങൾ പുറത്തുവന്നത‌്.

ജിഎസ‌്ടി നിയമത്തിലെ അമിതലാഭ പ്രവണത തടയൽ വ്യവസ്ഥയനുസരിച്ച‌് രൂപീകരിച്ച അതോറിറ്റിയുടെ റിപ്പോർട്ടിൽ ഡൊമിനോസ‌്, മക‌്ഡൊണാൾഡ‌്, നെസ‌്‌ലെ, ഹിന്ദുസ്ഥാൻ യൂണിലീവർ, ഹിമാലയ ഡ്രഗ‌്സ‌് കമ്പനി, പുരി കൺസ‌്ട്രക‌്ഷൻസ‌് തുടങ്ങിയവയാണ‌് നേട്ടം ഉണ്ടാക്കിയതെന്ന‌് വ്യക്തമാക്കുന്നു. പ്രാഥമിക പരിശോധനയിൽ ഹിന്ദുസ്ഥാൻ യൂണിലീവർമാത്രം 496 കോടി രൂപയുടെ കൊള്ളലാഭം നേടിയതായാണ‌് കണ്ടെത്തൽ. 2017 ജൂലൈ ഒന്നുമുതലാണ‌് ജിഎസ‌്ടി നിലവിൽവരുന്നത‌്.

അമിതലാഭം തടയൽ അതോറിറ്റി പ്രവർത്തനസജ്ജമാകുന്നത‌് ഒരുവർഷത്തിനുശേഷം 2018 ആഗസ‌്ത‌് 28നും. മൂന്നാഴ‌്ചയ‌്ക്കുള്ളിൽ ലഭിച്ച 1289 പരാതിയിൽ 320 എണ്ണത്തിൽ അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 31 പരാതിയിൽ അന്വേഷണം പൂർത്തിയാക്കിയപ്പോഴാണ‌് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത‌്. കേരളത്തിന്റേതുൾപ്പെടെ 289ൽപരം പരാതി ഇപ്പോഴും പരിശോധനയിലാണ‌്. എല്ലാ പരാതികളുടെയും പരിശോധന തീർന്നാൽ കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ‌് സൂചന.

നികുതി കുറവ‌്: വിലയിൽ പ്രതിഫലിച്ചില്ല

ജിഎസ‌്ടിയുടെ ഭാഗമായി ആഡംബര ഉൽപ്പന്നങ്ങളുടെ അടക്കം നികുതി വൻതോതിൽ കുറയ‌്ക്കുകയായിരുന്നു. നികുതി കുറയ‌്ക്കുന്നതിന്റെ നേട്ടം സ്വാഭാവികമായും വിലയിലും പ്രതിഫലിക്കണം. ഇതുണ്ടായില്ല. വിവിധ കേന്ദ്ര–-സംസ്ഥാന നികുതികൾ ചേരുന്ന ആകെ നികുതിയെ അപേക്ഷിച്ച‌് മിക്ക ഉൽപ്പന്നങ്ങൾക്കും ജിഎസ‌്ടി വലിയതോതിൽ കുറഞ്ഞു.

35 മുതൽ 40 ശതമാനംവരുന്ന ആകെ നികുതി ജിഎസ‌്ടിയിൽ 18 ശതമാനത്തിലേക്ക‌് താഴ‌്ന്നു. ഇതിന്റെ ആനുകൂല്യമാണ‌് ഗുണഭോക്താക്കൾക്ക‌് കൈമാറാതെ വൻകിട ഉൽപ്പാദക കമ്പനികളും അവരുടെ മൊത്തവിതരണക്കാരും കൈയടക്കിയത‌്.

നികുതി കുറവിന്റെ ആനുകൂല്യം ലഭിച്ച മിക്ക അതിവേഗ വിൽപ്പനയുള്ള ഉപഭോക‌്തൃ ഉൽപ്പന്നങ്ങളുടെയും (എഫ‌്എൻസിജി) വില കുറയ്ക്കാതെ അമിതലാഭം കൊയ‌്തു. പഴയ നികുതി അടക്കമുള്ള വിലകളിന്മേൽ അധിക ജിഎസ്ടി ഈടാക്കിയും ലാഭം കൊയ‌്തു. ഇതെല്ലാം വിലക്കയറ്റത്തിനും കാരണമായി.

കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല

അമിതലാഭം നേരിടാൻ, ജിഎസ്ടിക്കുമുമ്പും പിന്നീടും വിവിധ ഉൽപ്പന്നങ്ങളുടെ നികുതിഘടകം ആധികാരികമായി പ്രസിദ്ധീകരിക്കുകയും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യണമെന്ന് ജിഎസ്ടി കൗൺസിലിലെ കേരളത്തിന്റെ ആവശ്യത്തിനുമുന്നിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ‌്റ്റിലി നിശ്ശബ്ദത പാലിച്ചു.

എന്നാൽ, കേരളം 100 ഉപഭോക‌്തൃ ഉൽപ്പന്നങ്ങളുടെ നികുതി വ്യതിയാനം കണ്ടെത്തി മാധ്യമങ്ങൾവഴി പ്രചാരണം നൽകി. നികുതി കുറവിന‌് ആനുപാതികമായി വില കുറയ‌്ക്കാൻ തയ്യാറാകാത്ത 535 ഉൽപ്പന്നം കേരളം തിരിച്ചറിയുകയും, ഇവയുടെ ഉൽപ്പാദകരും വിതരണക്കാരുമായി 150 കമ്പനികൾക്കെതിരെ നടപടി വേണമെന്ന‌് കേന്ദ്ര സർക്കാരിനോട‌് ആവശ്യപ്പെടുകയും ചെയ‌്തു. ഇതിലും ഫലപ്രദമായ നടപടിയുണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here