സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ജെസി ജോസഫ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

സ്‌കൂള്‍ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇതു നിയന്ത്രിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നല്‍കിയ ഹര്‍ജിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

പൊതുപ്രവര്‍ത്തകനായ ശ്രീകുമാര്‍ നൂറനാട് നല്‍കിയ പരാതിയില്‍ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ചില നിര്‍ദേശങ്ങള്‍ വ്യക്തമാക്കി മനുഷ്യാവകാശ കമ്മിഷന്‍ 2016 ആഗസ്റ്റ് അഞ്ചിന് ഉത്തരവിറക്കിയിരുന്നെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

കമ്മിഷന്റെ നിര്‍ദേശാനുസരണം പാഠപുസ്തകങ്ങള്‍ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റി. 2016 17 അദ്ധ്യയന വര്‍ഷത്തില്‍ രണ്ടു ഭാഗമാക്കിയ പുസ്തകങ്ങള്‍ കമ്മിഷന്റെ ഉത്തരവിനെത്തുടര്‍ന്ന് ?2017 18? മുതല്‍ മൂന്നു ഭാഗമാക്കാന്‍ തീരുമാനിച്ചു. ആദ്യ രണ്ട് ഭാഗങ്ങള്‍ വേനലവധിക്കാലത്ത് മേയ് 15നകവും മൂന്നാം ഭാഗം ക്രിസ്മമസ് അവധിക്കാലത്തും വിതരണം ചെയ്യാനും നിശ്ചയിച്ചു. ഓരോ ഭാഗവും 60 പേജുകളില്‍ കൂടരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ഭാരം കുറഞ്ഞ മെറ്റീരിയല്‍ കൊണ്ടു നിര്‍മ്മിച്ച ബാഗുകള്‍ ഉറപ്പാക്കാന്‍ ഹെഡ്മാസ്റ്റര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാട്ടര്‍ ബോട്ടിലുകള്‍ ഒഴിവാക്കി കുട്ടികള്‍ക്ക് കുടിക്കാന്‍ ക്‌ളാസ് മുറികളില്‍ കുടിവെള്ളം ലഭ്യമാക്കാനും വലിപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കുട്ടികളുടെ ബാഗ് പരിശോധിച്ച് അനാവശ്യ സാധനങ്ങള്‍ ക്‌ളാസില്‍ കൊണ്ടു വരുന്നില്ലെന്ന് ടീച്ചര്‍മാര്‍ ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു