2013ലെ ഐ പി എല്‍ ഒത്തുകളി ആരോപണത്തില്‍ ശാക്ഷാനടപടി നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന്റെ ശിക്ഷയുടെ കാലാവധി ബി സി സി ഐ ഓംബുഡ്സ്മാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ നിശ്ചയിക്കുമെന്ന് സുപ്രീം കോടതി.

മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമുണ്ടാകണമെന്ന് കോടതി ഓംബുഡ്സ്മാന് നിര്‍ദേശം നല്‍കി. ബി സി സി ഐയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസുമാരായ ആശോക് ഭൂഷണ്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ അകാലമായി നീണ്ടുപോകുന്ന ശ്രീശാന്തിന്റെ വിലക്കിന് അറുതിവന്നേക്കും.

ശ്രീശാന്തിനെ വിലക്കിയ അച്ചടക്ക സമിതി ഇപ്പോള്‍ നിലവിലില്ല. അതിനാല്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച ഓംബുഡ്‌സ്മാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ബിസിസിഐ ഹര്‍ജി സമര്‍പ്പിച്ചത്.

മാര്‍ച്ച് 15നാണ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയത്.

വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടരുന്ന ബി സി സി ഐ നടപടി അനീതിയും ക്രൂരവുമാണെന്നായിരുന്നു ശ്രീശാന്തിന്റെ വാദം.

അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, മറ്റു ശിക്ഷകള്‍ ബിസിസിഐയ്ക്ക് തീരുമാനിക്കമെന്ന് വിധിച്ചിരുന്നു. ശ്രീശാന്തിന്റെ ഭാഗംകൂടി കേട്ടുവേണം ശിക്ഷ തീരുമാനിക്കാനെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.

അതേസമയം ഈ വിധി ഡല്‍ഹി ഹൈക്കോടതിയില്‍ ശ്രീശാന്തിനെതിരേ നിലവിലുള്ള ക്രിമിനല്‍ നടപടികള്‍ക്ക് ബാധകമായിരിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് 2013-ലെ ഐ പി എല്‍ മത്സരത്തില്‍ പണംവാങ്ങി ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം.

ഇതേതുടര്‍ന്ന് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് 2017 ഓഗസ്റ്റില്‍ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍, രണ്ടുമാസത്തിനകം ഡിവിഷന്‍ബെഞ്ച് വിലക്ക് പുനഃസ്ഥാപിച്ചു.

ഇതിനെതിരേയാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.