ഒരു നോമിനേറ്റഡ് മെമ്പറും അതിലുപരി മഹാപ്രതിഭകളുടെ പിന്‍ഗാമിയായി ആ പദവിയിലെത്തിയ ആള്‍ എന്ന നിലയില്‍ പാർട്ടി വേദിയിൽ പ്രസംഗം ചെയ്യുന്നതും ആക്രോശിക്കുന്നതും അശ്ലീല ധ്വനിയോടെ സംസാരിക്കുന്നതും പാർട്ടി ചിഹ്നത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമൊന്നും മര്യാദയല്ലെന്ന് കവി രാവുണ്ണി.

സുരേഷ് ഗോപി എന്ന വ്യക്തിയ്ക്ക് വ്യക്തിപരമായി സ്വാതന്ത്ര്യമുണ്ട് പക്ഷെ അത് ഉപയോഗിക്കേണ്ടത് ജി.ശങ്കരക്കുറുപ്പിനെപ്പോലുള്ളവര്‍ വഹിച്ച മഹത്തായ ഒരു പദവിയില്‍ ഇരുന്നു കൊണ്ടാകരുതെന്ന് കവി രാവുണ്ണി കുറ്റപ്പെടുത്തി.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം:

തിരഞ്ഞെടുപ്പിൽ മത്സരിക്കാതെയും ജയിക്കാതെയും ചിലർ പാർലിമെന്റ് അംഗങ്ങളാവും. കല, സാഹിത്യം, ശാസ്ത്രം, കായികം തുടങ്ങിയ മേഖലകളിലെ മഹാപ്രതിഭകളെയാണ് ഇങ്ങനെ എംപിമാരായി നോമിനേറ്റ് ചെയ്യുക.

ജ്ഞാനപീഠം അവാർഡ് ഏർപ്പെടുത്തിയപ്പോൾ ആദ്യമായി ആ ബഹുമതി ഏറ്റുവാങ്ങിയ മഹാകവി ജി.ശങ്കരക്കുറുപ്പ് ഇങ്ങനെ എം.പിയായ മലയാളിയാണ്.

ഇന്ത്യയിൽ സാഹിത്യത്തിനു നല്കുന്ന ഏറ്റവും വലിയ പുരസ്ക്കാരം ലഭിച്ച വ്യക്തി എന്ന മാനദണ്ഡത്തിലാണ് ജി. നോമിനേറ്റ് ചെയ്യപ്പെട്ടത്.

സംഗീതത്തിലെ നിത്യവിസ്മയമായ പണ്ഡിറ്റ് രവിശങ്കർ ഇതു പോലെ പാർലിമെൻറംഗമായിട്ടുണ്ട്.

സച്ചിൻ ടെണ്ടുൽക്കർ, ലതാ മങ്കേഷ്ക്കർ തുടങ്ങി അതതു മേഖലകളിൽ ചോദ്യചെയ്യപ്പെടാനാവാത്ത ഔന്നത്യമുള്ള വ്യക്തികളെയാണ് കാലാകാലങ്ങളിൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാറുള്ളത്.

മേൽപ്പറഞ്ഞ പ്രതിഭകളാരും തങ്ങളെ നോമിനേറ്റ് ചെയ്ത സർക്കാരിനോടോ പ്രധാനമന്ത്രിയോടോ രാഷ്ട്രപതിയോടോ പാർട്ടിയോടോ വിധേയത്വം കാട്ടി വാലാട്ടി നിന്നിട്ടില്ല.

അധികാരത്തിന്റെ ഹുങ്ക് പ്രകടിപ്പിക്കാതെ, ജനങ്ങളോട് ധാർഷ്ട്യമോ പുച്ഛമോ പ്രകടിപ്പിക്കാതെ, പാർലിമെന്റ് അംഗത്വത്തേക്കാൾ എത്രയോ വലിയതാണ് തങ്ങൾ പ്രവർത്തിക്കുന്ന മേഖലയിലെ സ്ഥാനം എന്ന വിശ്വാസത്തിൽ അവിടെ ആത്മാർപ്പണം ചെയ്യുകയാണ് അവരൊക്കെ ചെയ്തത്.

ദൈവം, ഇതിഹാസം, മഹാപ്രതിഭ എന്നെല്ലാമുള്ള വിശേഷണങ്ങൾ അവരുടെ പാദങ്ങളിൽ വീണു പ്രണമിച്ചു.

ഒരു എം.പി.ക്കു ലഭിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് ആദരവും സ്നേഹവും അതിർവരമ്പുകൾക്കപ്പുറന്നു നിന്നു കൊണ്ട് ലോകം അവർക്ക് നല്കി.

ബി ജെ പിയുടെ കാലം വന്നതോടെ എല്ലാം തകിടം മറിഞ്ഞു. നോമിനേറ്റഡ് എംപി സ്ഥാനം ആശ്രിതർക്കും രാഷ്ട്രീയ അഭയാത്ഥികൾക്കും പങ്കുവെച്ചു കൊടുക്കുന്ന നില വന്നു. ഉപജാപക വൈദഗ്ധ്യം ഗവർണ്ണർ സ്ഥാനത്തിനുള്ള യോഗ്യതയായി മാറി.

പദവികളിൽ ഇരുന്ന കാലത്ത് ചെയ്തു കൊടുത്ത ഉപകാരങ്ങൾക്കുള്ള പ്രതിഫലമായും സമ്മാനമായും ഗവർണ്ണർ തസ്തിക മാറി.

നമ്മളെല്ലാം ബി ജെ പിക്കാരാണ്, മോഡി ഭരണം വീണ്ടും വരണമെന്നാണ് നമ്മളുടെ ആഗ്രഹമെന്ന് വിളിച്ചു പറയാൻ ഒരു ശങ്കയുമില്ലാത്ത ഗവർണ്ണർ അതേ സ്ഥാനത്ത് പൂർവാധികം ശക്തിയോടെ ഇപ്പോഴും തുടരുന്നു.

കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യത്തിനൊത്ത് ആളിക്കളിക്കുന്നവർ രാജ്ഭവനുകളിൽ സുഖജീവിതം നയിക്കുന്നു.

ഭരണകക്ഷിയുടെ സംസ്ഥാന നേതാവ് പൊടുന്നനെ ഗവർണ്ണറായി മാറുന്നു.ഗവർണ്ണർ സ്ഥാനം രാജിവെച്ച് പാർട്ടി സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.

സംഘപരിവാറിനോടുള്ള വിധേയത്വം ഒരു മറയുമില്ലാതെ പ്രദർശിപ്പിക്കുകയാണ് ഗവർണ്ണർമാരും നോമിനേറ്റഡ് എംപിമാരുമൊക്കെ. ഇരിക്കുന്ന സ്ഥാനത്തിന് അർഹതയുള്ളവരല്ല തങ്ങളെന്ന് തെളിയിക്കുകയാണ് അവരൊക്കെ .

ഇന്ത്യൻ ചലച്ചിത്ര വേദിയിൽ സുരേഷ് ഗോപിയേക്കാൾ പ്രഗൽഭരും പ്രശസ്തരും പ്രതിഭാശാലികളുമായ ആയിരക്കണക്കിന് പേരുണ്ട്.

അടൂരിനെപ്പോലെ അന്താരാഷ്ട്ര പ്രശസ്തരായ സംവിധായകർ നമ്മുടെ കേരളത്തിൽത്തന്നെയുണ്ടല്ലോ. അവരെയൊന്നും കാണാൻ കണ്ണില്ലാത്തവരാണ് സുരേഷ് ഗോപിയെ ഇന്ത്യൻ ചലച്ചിത്ര വേദിയുടെ പ്രതിനിധിയായി പാർലിമെന്റിലേക്ക് നോമിനേറ്റ് ചെയ്തത്.

അതെന്തെങ്കിലുമാവട്ടെ. സുരേഷ് ഗോപിയെങ്കിൽ സുരേഷ് ഗോപി ചെല്ലട്ടെ. കിട്ടിയ സ്ഥാനത്തിന്റെ അന്തസ്സും പാരമ്പര്യവും കാക്കാൻ കഴിയണം എന്നു മാത്രം.

മഹാകവി ജി, സച്ചിൻ ടെണ്ടുൽക്കർ, പണ്ഡിറ്റ് രവിശങ്കർ, ലതാ മങ്കേഷ്ക്കർ തുടങ്ങിയവരുടെ പിൻഗാമിയാണ് താനെന്ന തോന്നൽ വേണ്ടെ?

സംഘപരിവാറിന്റെ അസഹിഷ്ണുതയും അഹങ്കാരവും എന്തും വിളിച്ചു പറയാനുള്ള ചർമ്മബലവും സുരേഷ് ഗോപി ഇപ്പോൾ ഇരിക്കുന്ന പദവിക്കു ചേരുമോ?

ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം എന്ന വാഗ്ദാനത്തിനു മോഡി മുതൽ സാദാ ഗഡി വരെയുള്ള ബിജെപിക്കാർക്കൊന്നും പറയാനാവാത്തത്ര തരംതാണ ന്യായമാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.

അണ്ണാക്കിലേക്ക് തള്ളിത്തരും എന്നാണോ വിചാരിച്ചത് എന്ന പ്രയോഗം കേട്ട് ഞെട്ടിയ മലയാളി സമൂഹത്തോട് ചില കാര്യങ്ങൾ ഈ ഭാഷയിലേ പറയാൻ പറ്റു എന്നാണ് ബഹുമാനപ്പെട്ട എം പി പറഞ്ഞത്.

അതായത് പറയുമ്പോളേ അറിയാം ഇങ്ങനെ പറയുന്നതെന്ന്. എന്തു ചെയ്യാം, ബി ജെ പി ആയിപ്പോയില്ലെ. വായിൽ തോന്നിയത് പറയാതെങ്ങനെ എന്നർത്ഥം .

നോമിനേറ്റഡ് മെമ്പർ പാർട്ടി വേദിയിൽ പ്രസംഗം ചെയ്യുന്നതും ആക്രോശിക്കുന്നതും അശ്ലീല ധ്വനിയോടെ സംസാരിക്കുന്നതും പാർട്ടി ചിഹ്നത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമൊന്നും മര്യാദയല്ല. മാന്യതയല്ല.

സുരേഷ് ഗോപി എന്ന വ്യക്തിക്ക് എന്തും ചെയ്യാം. എന്തും പറയാം. സ്വാതന്ത്ര്യമുണ്ട്. അതൊന്നും ഈ പദവിയിൽ ഇരുന്നു കൊണ്ടാവരുത് എന്നു മാത്രം.

മഹാന്മാരും മഹതികളും ഇരുന്ന ഇരിപ്പിടമാണത്. കളങ്കപ്പെടുത്തരുത്.