കോഴിക്കോട്‌ മണ്‌ഡലത്തിലെ യുഡിഎഫ്‌ സ്‌ഥാനാർത്ഥി എം കെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐ എം പരാതി നൽകും.

ടി വി 9 ചാനലിന്റെ സ്‌റ്റിങ്‌ ഓപ്പറേഷനിൽ കുടുങ്ങിയ രാഘവനെതിരെ എൽഡിഎഫ് കോഴിക്കോട് പാർലമെന്‍റ് മണ്ഡലം കമ്മിറ്റി കണ്‍വീനറും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ അഡ്വക്കറ്റ് പി എ മുഹമ്മദ് റിയാസ് ആണ് പരാതി നൽകുക.

എം കെ രാഘവൻ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റിയും രാഘവന്‍റെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്ന്‌ പരാതിയിൽ ആവശ്യപ്പെടും.

കള്ളപ്പണ ഇടപാട് അടക്കം എല്ലാം അന്വേഷിക്കണമെന്നും എം കെ രാഘവനെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെടും.

2014 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ആകെ 53 ലക്ഷം രൂപ മാത്രമാണ് രാഘവൻ തെരഞ്ഞെടുപ്പ് ചെലവായി രാഘവൻ കമ്മീഷന് മുമ്പാകെ കാണിച്ചത്.

എന്നാൽ സ്വകാര്യ ചാനൽ പ്രതിനിധിയോട് 2 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയിൽ ചുണ്ടിക്കാട്ടും.

അഞ്ച്‌ കോടി രൂപ കൈമാറാമെന്ന ചാനലിന്റെ വാഗ്‌ദാനവും എം പിയായിരുന്ന രാഘവൻ നിഷേധിക്കുന്നില്ല. ഇതുംകമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തും.