തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച ഏഴു വയസുകാരന്‍ മരിച്ചു.

ഇന്ന് രാവിലെ 11.30ഓടെയാണ് ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ പത്താം ദിവസമായി കുട്ടി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. കുട്ടിയുടെ തലക്കാണ് ഗുരുതരമായി പരുക്കേറ്റിരുന്നത്.

കുട്ടിയെ മര്‍ദ്ദിച്ച അരുണ്‍ ആനന്ദിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. കട്ടിലില്‍നിന്ന് വീണു പരിക്കേറ്റെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സംശയം തോന്നി ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുയായിരുന്നു.

കുട്ടിയുടെ നാലുവയസുള്ള സഹോദരനേയും അമ്മയേയും പ്രതി മര്‍ദ്ദിക്കാറുണ്ടെന്നും അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പ് പിതാവ് മരിച്ചതോടെ കുട്ടികളും അമ്മയും അരുണ്‍ ആനന്ദിനൊപ്പമാണ് താമസിച്ചിരുന്നത്. ഇളയകുട്ടിയാണ് മര്‍ദ്ദനത്തെ പറ്റി വിവരം നല്‍കിയത്.

ഇളയകുട്ടി കിടക്കയില്‍ മൂത്രം ഒഴിച്ചത് ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞാണ് മൂത്ത കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

പ്രതി അരുണ്‍ ആനന്ദ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്.