രാജ്യത്ത‌് പരാജയപ്പെടുത്തേണ്ട ശക്തി ഇടതുപക്ഷമാണെന്ന സന്ദേശമാണ‌് വയനാട്ടിലെ മത്സരത്തിലൂടെ നൽകുന്നത‌്; രാഹുൽഗാന്ധിയുടെ സൗജന്യമൊന്നും ഇടതു മുന്നണിക്ക‌് വേണ്ടെന്ന‌് മുഖ്യമന്ത്രി

കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ സൗജന്യമൊന്നും ഇടതു മുന്നണിക്ക‌് വേണ്ടെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി അഡ്വ. ജോയ‌്സ‌് ജോർജിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.

ഇടതുപക്ഷത്തിനെതിരെ ഒന്നും പറയുന്നില്ലെന്നാണ‌് രാഹുൽ പറയുന്നത‌്. അതിന‌് ഇടതുപക്ഷത്തിനെതിരെ ഒന്നും പറയാനില്ലല്ലോ. ഇനി നിങ്ങൾക്ക‌് എന്തെങ്കിലും പ്രത്യേകം പറയാനുണ്ടെങ്കിൽ പറയൂ. വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർഥിക്കെതിരെയാണ‌് രാഹുൽ മത്സരിക്കുന്നത‌്.

ബിജെപിയില്ലാത്ത വയനാട്ടിൽ വന്ന‌് മത്സരിച്ചിട്ട‌് തെക്കേ ഇന്ത്യയിലാകെ ബിജെപിയെ പരാജയപ്പെടുത്താനാണെന്നാണ‌് ഉമ്മൻചാണ്ടിയുടെ വാദം. സമാന്യ ബുദ്ധിയെ ചോദ്യംചെയ്യരുത‌്. കോൺഗ്രസിനെ നേരിടാൻ വയനാട്ടിൽ ബിജെപിക്ക‌് സ്ഥാനാർഥിയുണ്ടോയെന്നും പിണറായി ചോദിച്ചു.

രാജ്യത്ത‌് പരാജയപ്പെടുത്തേണ്ട ശക്തി ഇടതുപക്ഷമാണെന്ന സന്ദേശമാണ‌് വയനാട്ടിലെ മത്സരത്തിലൂടെ നൽകുന്നത‌്. ബിജെപിക്കെതിരെയുള്ള ഐക്യത്തിൽ ചോർച്ചയുണ്ടാക്കാനാണ‌് കോൺഗ്രസ‌് ശ്രമം. ഉത്തർപ്രദേശിൽ ബിജെപിക്കെതിരായി എസ‌്പി–-ബിഎസ‌്പി സഖ്യത്തിൽനിന്ന‌് കോൺഗ്രസ‌് പിൻമാറി.

80 സീറ്റുള്ള അവിടെ കോൺഗ്രസിന‌് രണ്ട‌് സീറ്റ‌് മാത്രമാണുള്ളത‌്. ഇവിടെ മത്സരിക്കാതെ ആ രണ്ട‌് സീറ്റും എസ‌്പി–-ബിഎസ‌്പി സഖ്യം ഒഴിച്ചിട്ട‌് മര്യാദ കാണിച്ചു. ബിഹാറിലെ പ്രതിപക്ഷ ഐക്യത്തിന‌് തിരിച്ചടിയായത‌് കോൺഗ്രസിന്റെ മുട്ടാപോക്ക‌് നയമാണ‌്. രാജ്യത്താകെ കോൺഗ്രസിന്റെയും രാഹുലിന്റെയും നിലപാട‌് ഇത്തരത്തിലാണ‌്.

ആർഎസ‌്എസും ബിജെപിയും കളിക്കുന്ന തട്ടകത്തിൽ കളിച്ചാണ‌് കോൺഗ്രസ‌് വർഗീയതയോട‌് സമരസപ്പെടുന്നത‌്. കോൺഗ്രസിലെ ചോർച്ച അവർ കാണുന്നില്ല. ഒരു പാർടിയാകെ മറ്റൊരു പാർടിയാകുന്നു. ഇത‌് കോൺഗ്രസിലല്ലാതെ മറ്റൊരു പാർടിയിലും നടക്കില്ല.

ജനാധിപത്യവും മതനിരപേക്ഷതയും തകർക്കുന്ന ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ‌് മതനിരപേക്ഷ കക്ഷികൾ പ്രമുഖ്യം നൽകേണ്ടത‌്. കേന്ദ്രത്തിൽ ബദൽ നയങ്ങളുള്ള പുതിയ മതനിരപേക്ഷ ഗവൺമെന്റ‌ാണ‌് അധികാരത്തിലെത്തേണ്ടത‌്.

വർഗീയത തീവ്രമായിയെന്നതിന്റെ തെളിവാണ‌് ഡൽഹിയിൽ ജുനൈദിന്റെ കൊലപാതകം. ബിജെപി സർക്കാർ തുടരുന്നത‌് മതനിരപേക്ഷത ഇല്ലാതാക്കും. വർഗീയതയ‌്ക്കെതിരെ കോൺഗ്രസിന‌് ഉറച്ച നിലപാടില്ല.

ബാബറി പള്ളി തകർത്ത സ്ഥലത്ത‌് രാമക്ഷേത്രം നിർമിക്കുമെന്ന‌് കോൺഗ്രസ‌് നേതാക്കൾ പറയുന്നു. കർഷകരെയും തൊഴിലാളികളെയും ദ്രോഹിച്ച യുപിഎയുടെ അതേ നയങ്ങളാണ‌് എൻഡിഎയും നടപ്പാക്കിയത‌്. കഴിഞ്ഞ പത്ത‌് വർഷം നവ ഉദാരവൽക്കരണം നടപ്പാക്കി യുപിഎയും എൻഡിഎയും രാജ്യത്തെ വലിയ ദുരിതത്തിലാഴ‌്ത്തി.

യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് കേരളത്തെ അഴിമതിയിൽ ഒന്നാംസ്ഥാനത്ത‌് എത്തിച്ചു. മലയാളികൾക്ക‌് തലകുനിക്കേണ്ടി വന്ന സാഹചര്യമുണ്ടായി. എൽഡിഎഫ‌് ഗവൺമെന്റ‌് ബദൽ നയങ്ങളിലൂടെ ജനങ്ങൾക്ക‌് ആശ്വാസം പകർന്നു. നിരാശ മാറി പ്രത്യാശ നൽകി. ദേശീയ ജലപാത 2020ൽ പൂർത്തിയാക്കുമെന്നും പിണറായി പറഞ്ഞു.

പ്രളയം പ്രകൃതിക്ഷോഭത്തിന്റെ ഫലമാണെന്നാണ‌് ദേശീയ ജല കമീഷൻ സംഘത്തിന്റെ കണ്ടെത്തൽ. മദ്രാസ‌് ഐഐടി, യുഎൻ സംഘം എന്നിവയുടെ കണ്ടെത്തലും സമാനമാണ‌്. ഇനിയൊരു ദുരന്തമുണ്ടായാലും നേരിടാനുള്ള കേരളത്തെയാണ‌് നിർമിക്കേണ്ടത‌്. സാലറി ചലഞ്ച‌് തകർക്കാനും ശ്രമം നടത്തി.

ഏത‌് പാര വന്നാലും ഈ നാടിനെ ഉയർച്ചയിലേക്ക‌് നയിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട‌് പോകും. ഗാഡ‌്ഗിൽ, കസ‌്തൂരി രംഗൻ റിപ്പോർട്ടുകളുടെ സന്നിഗ‌്ധാവസ്ഥയിലും നാടിനും ജനത്തിനുമൊപ്പം നിന്ന ജോയ‌്സ‌് ജോർജിനെ വീണ്ടും വിജയിപ്പിക്കേണ്ടത‌് അനിവാര്യതയാണെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News