തൃശൂര്‍: ഇടതുപക്ഷത്തിനെതിരെ ഒരുവാക്കുപോലും പറയില്ലെന്ന രാഹുല്‍ഗാന്ധിയുടെ ഒരു സൗജന്യവും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പറഞ്ഞോളൂ എന്താ പറയാനുള്ളതെന്ന് വച്ചാല്‍ പറഞ്ഞോളൂ. എന്താണാവോ ഇടതുപക്ഷത്തെകുറിച്ച് പറയാനുള്ളത്. നിങ്ങള്‍ വരാന്‍ ഉദ്ദേശിച്ചപ്പോള്‍തന്നെ ഞങ്ങള്‍ അഭിപ്രായം പറഞ്ഞതാണ്.

ദേശീയ രാഷ്ട്രീയത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ നിങ്ങളിവിടെവന്ന് ഇടതുപക്ഷത്തിനെതിരെ മത്സരിക്കാന്‍ തയ്യാറാകുമായിരുന്നില്ലെന്ന് പിണറായി പറഞ്ഞു.

എല്‍ഡിഎഫ് വടക്കാഞ്ചേരി, ഓട്ടുപാറ മേഖലാ കമ്മിറ്റികള്‍ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കോണ്‍ഗ്രസില്‍നിന്ന് കൂട്ടമായി ബിജെപിയിലേക്ക് ഒഴുകുകയാണ്. ഗോവയിലും ത്രിപുരയിലും നാമിതുകണ്ടതാണ്. മഹാരാഷാട്രയില്‍ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ബിജെപിയില്‍ ചേര്‍ന്നു.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നു. ഇതെന്തുനിലപാടാണ്. ഇത് കോണ്‍ഗ്രസിനുമാത്രമേ കഴിയൂ. അപ്പോള്‍ ആന്റണി പറയുന്നത് തെരഞ്ഞെടുപ്പ് കാലത്ത് പറയുന്നതാണിതെല്ലാം എന്നാണ്. എന്നാല്‍, ഈ യാഥാര്‍ഥ്യം തെരഞ്ഞെടുപ്പ് കാലത്ത് പറയാതിരിക്കാനാകുമോ.

ഇതിനെയെല്ലാം മറികടക്കാന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക മാത്രമേ വഴിയുള്ളൂ. ബിജെപിയെ പരാജയപ്പെടുത്തണം പകരം മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍വരണം. ഇതാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നതെന്ന് പിണറായി പറഞ്ഞു.