ശബരിമലയും രാമക്ഷേത്രവും ആയുധമാക്കി ബിജെപി പ്രകടനപത്രിക; പത്രിക ഹിന്ദുത്വ വോട്ട് ലക്ഷ്യം വെച്ചുള്ളതാണെന്ന് സിപിഐഎം

ദില്ലി: ശബരിമലയും രാമക്ഷേത്രവും ആയുധമാക്കി ബിജെപി പ്രകടനപത്രിക. രാമക്ഷേത്ര നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ശബരിമലയില്‍ ആചാരസംരക്ഷണം ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം.

2014ലെ പ്രകടനപത്രികയില്‍ നിന്ന് പുതിയ വാഗ്ദാനങ്ങള്‍ ചൂണ്ടിക്കാട്ടാനില്ലാത്ത 2019ലെ പ്രകടനപത്രികയില്‍ തീവ്രഹിന്ദുത്വ നിലപാടുകള്‍ക്കാണ് ബിജെപി ഊന്നല്‍ നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്ന പത്രികയില്‍ രാമക്ഷേത്രവും ശബരിമലയും എടുത്തുപറയുന്നു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന ബിജെപി, ശബരിമല വിഷയത്തില്‍ വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും, വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഭരണഘടനാപരമായ എല്ലാ സംരക്ഷണയും വാഗ്ദാനം ചെയ്യുന്നുമുണ്ട്.

എന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുവാന്‍ ബിജെപി തയ്യാറായിട്ടില്ല. അയല്‍രാജ്യങ്ങളില്‍ അക്രമം നേരിടുന്ന ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍ എന്നിവര്‍ക്ക് സംരക്ഷണം നല്‍കുന്ന തരത്തില്‍ പൗരത്വ നിയമം ഭേദഗതി ചെയ്യുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു.

ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനങ്ങള്‍ മാത്രമാണെന്നും, വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതും, ഹിന്ദുത്വ വോട്ടുകള്‍ ലക്ഷ്യം വെക്കുന്നതാണെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

സങ്കല്‍പ് പത്ര് എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ ബിജെപി മുന്നോട്ട് വയ്ക്കുന്നത് 75 വാഗ്ദാനങ്ങള്‍. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കുമെന്നും ബിജെപി ആവര്‍ത്തിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News