മലപ്പുറം: കിഫ്ബിയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

ചട്ടം പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും ലോകത്തെ നമ്പര്‍വണ്‍ കമ്പനികളിലൊന്നിനെയാണ് ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദമുണ്ടാക്കി വികസനം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

21 ലക്ഷം കോടിയുടെ ആസ്തിയുള്ള കനേഡിയന്‍ സര്‍ക്കാര്‍ പെന്‍ഷന്‍ കൈകാര്യം ചെയ്യുന്ന ലോകത്തെ മികച്ച കമ്പനിയ്ക്കാണ് ചുമതല നല്‍കിയത്.

ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചും കനേഡിയന്‍ കമ്പനിയും നേരിട്ടാണ് ഇടപാടുകള്‍. കിഫ്ബി വിലപേശിയല്ല ഇതൊന്നും നടപ്പാക്കുന്നതെന്നും കിഫ്ബിക്ക് ലഭിക്കേണ്ട പലിശ റിസര്‍വ് ബാങ്ക് വഴിയാണ് നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി നേതാക്കളും പ്രതിപക്ഷനേതാവും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് സര്‍ക്കാരിനെതിരേ ഒരേസ്വരത്തില്‍ പറയുന്നത്. വിവാദമുണ്ടാക്കി വികസനം മുടക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടി മുഖ്യമന്ത്രി പറഞ്ഞു. താനൂരില്‍ പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ പ്രചരണകണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.