കിഫ്ബി വിവാദം; ചെന്നിത്തലയുടെ വാദങ്ങളെ പൊളിച്ചടുക്കി അഡ്വ.ടി കെ സുരേഷ്

SNC ലാവലിൻ എന്ന പദമുച്ചരിക്കാതെ UDF ന് കേരളത്തിൽ ഒരു തെരഞ്ഞെടുപ്പിനെ നേരിടാനാകില്ല എന്ന് വ്യക്തമാക്കുന്നതാണ് ചെന്നിത്തലയുടെ കിഫ്ബി ജൽപ്പനങ്ങൾ..

മറുപടി പറയാനാകാത്ത രാഘവന്റെ കോഴിക്കോടൻ കോഴ വിവാദത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ ഇതു മാത്രമൊന്നും മതിയായെന്നുവരില്ല ചെന്നിത്തലയ്ക്ക്..

കേന്ദ്രത്തിന്റെ ക്രൂരമായ അവഗണനകളെ മറികടന്നും , UDF ന്റെ അപഹാസ്യമായ അവഹേളനങ്ങളെ അതിജീവിച്ചും കേരളം വികസനപാതയിൽ മുന്നോട്ടു കുതിക്കുന്നതിലും , വികസനത്തെ മുൻനിർത്തി LDF സർക്കാറിനെ ജനങ്ങൾ ഹൃദയത്തിലേറ്റിയതിലും വിറളിപൂണ്ടാണ് പ്രതിപക്ഷം, വികസന പന്ഥാവിലൂടെ കേരളത്തെ മുന്നോട്ടു നയിക്കുന്ന KIIFB യെ ലക്ഷ്യമാക്കി ഇപ്പോൾ അപവാദ പ്രചരണങ്ങളുമായി മുന്നോട്ടുവന്നിരിക്കുന്നത്.

SNC ലാവ്‍ലിനുമായി ബന്ധമുള്ള CDPQ എന്ന കമ്പനിയാണ് KIIFB യുടെ മസാല ബോണ്ടിൽ പ്രധാനമായും പണം മുടക്കിയതെന്നും, കരിമ്പട്ടികയിൽ പെടുത്തിയ SNC ലാവ്‍ലിനുമായി ബന്ധമുള്ള കമ്പനി സംസ്ഥാനസർക്കാരിന്‍റെ മസാല ബോണ്ടിൽ പണം മുടക്കിയതെങ്ങിനെയെന്ന് അന്വേഷിക്കണമെന്നുമാണ് ചെന്നിത്തലയുടെ ആവശ്യം.

ഇതിലേക്കു കടക്കും മുമ്പ് എന്താണ് കിഫ് ബിയെന്നും അതിന്റെ ബോണ്ടുകളുടെ സ്വഭാവമെന്താണെന്നും , എന്താണ് ഈ പറയുന്ന മസാല ബോണ്ട് എന്നും ചെറിയ തോതിലെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

1999 ലെ Kerala Infrastructure Investment Fund Act ന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി നിലവിൽ വരുന്നത്.
2011ൽ സ: വി.എസ്സിന്റെ നേതൃത്വത്തിലുള്ള മുന്‍ LDFസര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തോമസ് ഐസക് വിപ്ലവകരമായ ഒരു സാമ്പത്തിക നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനായി 40,000 കോടിരൂപ സ്വരൂപിക്കണമെന്നായിരുന്നു അത്.

LDF സർക്കാറിന് തുടർച്ച ലഭിക്കാതെ പോവുകയും തുടർന്ന് ഉമ്മന്‍ചാണ്ടിയുടെ UDF സര്‍ക്കാര്‍ അധികാരത്തിൽ വരികയും സോളാറും ബാർ കോഴയുമുൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളിൽ അടിയുലഞ്ഞ് ഓരോ ബജറ്റുകൾ കഴിയുമ്പോഴും സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ച് ഒരു പദ്ധതിക്കും പണം കണ്ടെത്താനാകാതെ സംസ്ഥാനം പൂർണ്ണമായ വികസന മുരടിപ്പിലെത്തുകയും ചെയ്തു.

ധനകാര്യ മന്ത്രിയായിരുന്ന K.M.മാണി അധിക ധനസമാഹരണത്തിനായി ബജറ്റേതരമായി പണം കണ്ടെത്താനുള്ള സാദ്ധ്യതകളെക്കുറിച്ച് പരിശോധിക്കാൻ SBI മാര്‍ക്കറ്റിങ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. അവർ മുന്നോട്ടുവെച്ച നിര്‍ദ്ദേശമായിരുന്നു KIIFB .

എന്നാൽ ബാർ കോഴക്കേസിൽ മൂക്കോളം മുങ്ങിയ മാണിയോ, സോളാറിൽ തട്ടി മുട്ടുവേദനയുമായി നടന്നിരുന്ന ചാണ്ടിയോ, അഴിമതിയുടെ നാറുന്ന അഴുക്കുചാലിലൂടെ ഒഴുകിയ UDF ഗവൺമെന്റോ സംസ്ഥാന വികസനത്തിൽ യാതൊരു ശ്രദ്ധയും ചെലുത്തിയില്ല

2016 ൽ സ: പിണറായിയുടെ നേതൃത്വത്തിൽ വന്ന LDF സർക്കാറിലെ ധനകാര്യ മന്ത്രി
സ:തോമസ്ഐസക്ക് സംസ്ഥാന വികസനത്തിനാവശ്യമായ വന്‍കിട പദ്ധതികള്‍ക്കായുള്ള ധനസമാഹരണത്തിനുള്ള മാർഗ്ഗമായി KIIFB (Kerala Infrastructure Investment Fund Board) യെ കണ്ടെത്തി ഉയർത്തിക്കൊണ്ടു വരികയായിരുന്നു .

LDF സര്‍ക്കാരിന്റെ 5 വര്‍ഷക്കാലത്തിൽ 50000 കോടി മുതൽ 1,00,000 കോടി രൂപവരെ സമാഹരിക്കുവാൻ ലക്ഷ്യമാക്കി നവകേരളസൃഷ്ട്ടിക്കായുള്ള സ്വപ്നപദ്ധതികള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയുമായി സ: പിണറായി വിജയനും, സ:തോമസ് ഐസക്കും മുന്നോട്ടു നടന്നു …

അതോടെ , കിഫ്ബി ഒരു ദിവാസ്വപ്നം മാത്രമാണെന്ന് പറഞ്ഞ് പരിഹസിച്ചവരുടെ നില പരുങ്ങലിലാകാൻ തുടങ്ങി ..
നബാര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രകാശ് ബക്ഷിയെയും റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉഷാ തൊറാട്ടിനെയും കിഫ്ബി യുടെ ഉന്നത സമിതി അംഗങ്ങളാക്കി കിഫ്ബിയ്ക്ക് നൂതന രൂപവും ഭാവവും പകർന്നു ..

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ചെയർമാനും ധനകാര്യ മന്ത്രി Dr: തോമസ് ഐസക്ക് വൈസ് ചെയർമാനും, Dr : K.M. അബ്രഹാം IAS, സി.ഇ.ഒ.യും ചീഫ് സെക്രട്ടറിയുൾപ്പെടെയുളളവർ എക്സിക്യൂട്ടീവ് അംഗങ്ങളുമായുള്ള ഘടനയാണ് കിഫ്ബിയ്ക്കുള്ളത്.

കിഫ്ബിയുടെ ബോണ്ടുകളെക്കുറിച്ച് പരിശോധിക്കും മുമ്പ് സാധാരണരീതിയിൽ എങ്ങനെയാണ് സംസ്ഥാന സർക്കാറുകൾ വികസനത്തിന് പണം കണ്ടെത്തുന്നതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ അതിന് പണം കണ്ടെത്തിയിരുന്നത് വായ്പകളിലൂടെയാണ്.
ഇതില്‍ത്തന്നെ 70% മുതൽ 80 % വരെ കണ്ടെത്തുന്നത്ബോണ്ടുകളിലൂടെ ത്തന്നെയാണ്. രാജ്യത്തെ എല്ലാ ബാങ്കുകളും അവരുടെ ഡെപ്പോസിറ്റുകളുടെ നിശ്ചിതശതമാനം സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കണമെന്നത് നിയമമാണ്.

വികസന പ്രവർത്തനങ്ങൾക്കായി സര്‍ക്കാര്‍ ഇഷ്യൂ ചെയ്യുന്ന ബോണ്ടുകൾ ബാങ്കുകള്‍വാങ്ങി പണം ഡപ്പോസിറ്റ് ചെയ്യുന്നു . ആ പണം സർക്കാർ വികസന പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നു. പണം വ്യവസ്ഥകൾക്ക് വിധേയമായി പലിശ സഹിതം തിരിച്ചടയ്ക്കുന്നു.

എന്നാൽ ഇങ്ങനെ ബോണ്ടുകൾ മുഖാന്തിരം വായ്പയെടുക്കുന്നതിന് സംസ്ഥാന സർക്കാറുകൾക്ക് കര്‍ശനമായ നിയന്ത്രണരേഖയുണ്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 3% ത്തിലേറെ വായ്പയിലൂടെ സമാഹരിക്കാൻ നിയമമില്ല. ഈ നിയന്ത്രണം വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് പ്രതിബന്ധമാകുന്നു.
പണമില്ലാത്തതിനാൽ വികസന മുരടിപ്പ് ബാധിക്കുന്നു..

ഈ പ്രതിസന്ധികളെ മറികടക്കാനാണ് കിഫ് ബിയെപ്പോലുള്ള ബോർഡുകൾ രൂപീകരിച്ച് വായ്പ്പയെടുക്കുവാൻ സംസ്ഥാന സര്‍ക്കാരുകളെ നിർബന്ധിതമാക്കുന്നത്.

ബോർഡുകൾ വായ്പയെടുക്കുന്ന പണം സര്‍ക്കാര്‍ ഖജനാവിലേക്ക് വരുന്നില്ല എന്നതുകൊണ്ട് ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുവാദം ആവശ്യമില്ല.

വിഴിഞ്ഞം പദ്ധതിയും, കൊച്ചി മെട്രോയുമെല്ലാം നടപ്പാക്കിക്കൊണ്ടിരി ക്കുന്നത് ഇതുപോലുള്ള പ്രത്യേക കമ്പനികളാണ് .

ഓരോ പദ്ധതികളുടെയും ധനസമാഹരണത്തിനായി പ്രത്യേകം കമ്പനികൾ രൂപീകരിക്കുന്ന സാങ്കേതിക പ്രയാസങ്ങൾ ഒഴിവാക്കുന്നതിനും, കൂടുതൽ സുതാര്യത ഉറപ്പു വരുത്തുന്നതിനുമായാണ് സംസ്ഥാനത്തിന്റെ ആകെ വികസനത്തിനായി കിഫ്ബി രൂപീകരിക്കപ്പെടുന്നത്.

കിഫ്ബി ധനസമാഹരണം നടത്തുന്നത് വായ്പയിലൂടെയല്ല. അത് ബോണ്ടുകളിലൂടെത്തന്നെയാണ്. എന്നാൽ ബാങ്കുകള്‍ക്കോ മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കോ മാത്രമല്ല, ആര്‍ക്കും കിഫ്ബി യുടെ ബോണ്ടുകളില്‍ നിക്ഷേപം നടത്താം.

മാത്രമല്ല ആർക്കും ഏതുസമയത്തും നിക്ഷേപിക്കാവുന്നതും എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാവുന്നതുമായ വ്യവസ്ഥകളാണ് കിഫ്ബിയുടെ ബോണ്ടുകളില്‍ പണം നിക്ഷേപിക്കാനായി ഉൾപ്പെടുത്തിയിട്ടുള്ളത് എന്നത് കിഫ് ബി ബോണ്ടുകളുടെ സ്വീകാര്യത കൂടുതൽ വർദ്ധിപ്പിക്കാനുതകുന്നതാണ്.

രമേശ് ചെന്നിത്തല മസാലദോശ എന്ന ലാഘവത്തോടെ പറയുന്ന മസാലബോണ്ട് എന്താണ് എന്നുകൂടി അറിഞ്ഞിരിക്കേണ്ടതില്ലേ ?

മസാലബോണ്ടുകൾ വഴി മാത്രമല്ല കിഫ്ബി ധനസമാഹരണം നടത്തുന്നത് . ഡയസ്പോറ ബോണ്ടുകൾ, പ്രവാസി ചിട്ടികൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയെല്ലാം കിഫ്ബിയുടെ അജണ്ടയിലുളളതാണ് .

ഇതിൽ മസാലാ ബോണ്ടാണല്ലോ ഇപ്പോഴത്തെ വിഷയം.
ഇന്റർനാഷണൽ മാർക്കറ്റിൽ അമേരിക്കൻ ഡോളറിലോ, യൂറോയിലോ അല്ലാതെ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇഷ്യൂ ചെയ്ത് ധനസമാഹരണം നടത്തുന്നതാണ് മസാല ബോണ്ടുകള്‍.

ഇത് ആർക്കും ചെയ്യാവുന്ന സൂത്രപ്പണിയല്ല. മസാലബോണ്ട് പുറപ്പെടുവിക്കുന്നതിനായി റിസർവ്വ് ബാങ്കിന്റെ അനുമതി ലഭിക്കണം. അതിനായി റേറ്റിങ്ങ് ടെസ്റ്റിൽ ഉയർന്ന റേറ്റിങ്ങ് ഉറപ്പു വരുത്തണം. പിന്നീട് ലണ്ടനിലെയും സിംഗപ്പൂരിലെയും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റു പബ്ലിഷ് ചെയ്ത് ബോണ്ട് പുറപ്പെടുവിക്കണം .

ഇന്ത്യൻ രൂപയില്‍ ബോണ്ട് ഇറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്ന കിഫ്ബിയെ, രൂപയുടെ മൂല്യ തകർച്ചയോ വിനിമയ നിരക്കിലെ വ്യത്യാസമോ ഒരു നിലയ്ക്കും ബാധിക്കുന്ന പ്രശ്നമേയില്ല. മറിച്ച് ബോണ്ട് വാങ്ങുന്ന നിക്ഷേപകരാരോ അവർക്കാണ് രൂപയ്ക്ക് മൂല്യത്തകർച്ചയുണ്ടായാൽ നഷ്ടം സഹിക്കേണ്ടി വരിക.

ഇങ്ങിനെയാണെങ്കിലും ഉയർന്ന റേറ്റിംഗുള്ള സ്ഥാപനങ്ങൾ ഇന്റർനാഷണൽ മാർക്കറ്റിൽ മസാല ബോണ്ട് ഇറക്കിയാൽ ഭാവിയിൽ ലാഭസാധ്യതയുണ്ടാകുമെന്ന ഉറപ്പിൽ അന്താരാഷ്ട്രകമ്പനികൾ ബോണ്ടുകൾ വാങ്ങി ധനനിക്ഷേപം നടത്താറുണ്ട്.

ഏറ്റവും ഉയർന്ന റേറ്റിങ്ങാണ് ഇന്ത്യയിൽ കിഫ്ബിയ്ക്കുള്ളത്. കൂടാതെ കേന്ദ്ര സർക്കാർ വേണ്ടത്ര സഹായം നൽകാതിരുന്നിട്ടും പ്രളയത്തെ ധീരമായി അതിജീവിച്ച കേരള സർക്കാരിനെ അംഗീകരിക്കാത്ത -വിശ്വസിക്കാത്ത ഏതു രാജ്യമാണ് – ഏത് സ്ഥാപനമാണ് ഇന്ന് അന്തർദേശീയ രംഗത്തുള്ളത്

അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് ഇന്ത്യാ രാജ്യത്ത് ധനനിക്ഷേപം നടത്താൻ അനുവാദമുള്ള ആർക്കും മസാല ബോണ്ട് വാങ്ങി പണം ഇന്ത്യയിലെ പദ്ധതികളിൽ ബോണ്ട് മുഖാന്തിരംവായ്പയായി നിക്ഷേപിക്കാം .

അതിന് ചെന്നിത്തലയിൽ നിന്നും മുൻകൂർ അനുമതി വാങ്ങേണ്ട കാര്യമില്ല.

ഇവിടെയാണ് ചെന്നിത്തലയുടെ ആരോപണങ്ങൾ തികച്ചും അപ്രസക്തമാകുന്നത് .

CDPQ കമ്പനി, കിഫ്ബിയുടെ മസാല ബോണ്ടുകളിലെ 20 % ഓഹരികൾ വാങ്ങിയിട്ടുണ്ടെന്നും ഈ CDPQ കമ്പനിയ്ക്ക് SNC ലാവലിൻ കമ്പനിയുമായി ബന്ധമുണ്ടെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് ചെന്നിത്തലയുടെ ഒരു ആരോപണം.

ഇതിൽ എന്താണ് ദുരൂഹത ?.

പലിശനിരക്കും നിക്ഷേപത്തിൻ്റെ നിബന്ധനകളും ,കരാറിലെ വ്യവസ്ഥകളും നിശ്ചയിച്ച് അന്താരാഷ്ട്ര മാർക്കറ്റിൽ ആർക്കും വാങ്ങാൻ തക്കവണ്ണം വിൽപ്പനക്കായി തുറന്നുവെച്ച ബോണ്ടുകൾ നിയമപ്രകാരം ആരു വാങ്ങിയാലും അതിലെന്താണ് വിഷയം ?.

CDPQ കമ്പനിയ്ക്ക് ലാവലിനുമായോ , പ്രിയലോട്ടസിന്റെ ബൊഫോഴ്സുമായോ , റാഫേലുമായിപ്പോലുമോ ബന്ധമുണ്ടോ ഇല്ലയോ എന്നതും കിഫ്ബിയും തമ്മിലെന്തു ബന്ധം ?

CDPQ വിന്റെ ബോണ്ട് കിഫ്ബി പണം മുടക്കി വാങ്ങുകയല്ല . കിഫ്ബിയുടെ ബോണ്ട് അവർ വാങ്ങുകയാണ്.
അതു കൊണ്ടു തന്നെ CDPQ കമ്പനിയുടെ സ്വഭാവ ഗുണം പോലും കിഫ്ബി പരിശോധിക്കേണ്ടതില്ല .

എങ്കിൽപ്പോലും 1965 ൽ രൂപീകൃതമായ CDPQ എന്ന കനേഡിയൻ പെൻഷൻ ഫണ്ട് മാനേജ്മെൻ്റ് കമ്പനി ക്യുബക് നാഷണൽ അസംബ്ലി നിയമം പാസ്സാക്കി സ്ഥാപിച്ച ഒരു പൊതുസ്ഥാപനമാണെന്നും, ലോകത്ത് 75 രാജ്യങ്ങളിലായി 220 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപമുള്ള കമ്പനിയാണെന്നും ഈ കമ്പനിയ്ക്ക് ഇന്ത്യയിൽ 31,500 കോടി രൂപയ്ക്ക് തുല്യമായ യു.എസ് ഡോളർ നിക്ഷേപമുണ്ടെന്നും കാണാവുന്നതാണ്.

മാത്രമല്ല കേരള സർക്കാരിന്റെ KIIFB യ്ക്ക് സമമായി ഇന്ത്യാ ഗവൺമെന്റിന്റെ NIIF
(National Investment and Infrastructure Fund ) നിരവധി പ്രോജക്ടുകളിൽ CDPQ യുമായി പങ്കാളിയായിട്ടുള്ളതാണ്.

ആരോപണത്തിന് ശക്തി പകരാനാകണം ബോണ്ടിന്റെ പലിശ കൂടുതലാണ് എന്നുകൂടി കാച്ചി വിടുന്നുണ്ട് ചെന്നിത്തല

9.723 ശതമാനമാണ് ഇപ്പോൾ മസാല ബോണ്ട് വഴി സമാഹരിച്ച വായ്പയുടെ പലിശ നിരക്ക്. ഇത് കൂടുതലാണെന്ന ആരോപണത്തിനും പ്രസക്തിയില്ല.

എന്തുകൊണ്ടെന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കിഫ്ബിയേക്കാൾ വളരെ ഉയർന്ന റേറ്റിങ്ങുള്ള പല കമ്പനികളും ആഭ്യന്തര മാർക്കറ്റിൽ നിന്നു പോലും വായ്പയെടുത്തിട്ടുള്ളത് 9.87 % ത്തിനാണ്.

പലിശ നിരക്ക് നിർണ്ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകം സ്ഥാപനത്തിൻ്റെ റേറ്റിംഗാണ്. ഇന്ത്യാ ഗവൺമെന്റ് കേവലം ഒരു സ്ഥാപനമെന്നതിലുപരി ഒരു സ്വതന്ത്ര രാജ്യത്തിന്റെ സർക്കാറാണ്. ഇന്ത്യാ ഗവൺമെന്റിൻ്റെ റേറ്റിംഗ് BBB ആണ്. അതിനു താഴെയുള്ള റേറ്റിങ്ങേ കിഫ്ബി പോലുള്ള ഒരു സ്ഥാപനത്തിന് ലഭിക്കൂ.

ആന്ധ്രാപ്രദേശ് സർക്കാരിന്റെ CRDA (ക്യാപിറ്റൽ റീജിയൺ ഡെവലപ്പ്മെന്റ് അതോറിറ്റി ) ആഭ്യന്തര ബോണ്ടുകൾ പ്രകാരം ധനം സമാഹരിച്ചത് 10.32 % പലിശക്കാണ് . സെൻട്രൽ ബാങ്ക് 10.8 % ത്തിനും, IOB 11.7 % ത്തിനും, സൗത്ത് ഇന്ത്യൻ ബാങ്ക് 11.75 % ത്തിനുമാണ് അഭ്യന്തര മാർക്കറ്റിൽ നിന്നും മൂലധന സമാഹരണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ സംഗതികൾ വസ്തുതാപരമായി പരിശോധിച്ചാൽ ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് സോപ്പു കുമിളയുടെ ദൃഢത പോലുമില്ലെന്ന് കാണാം..

കോഴിക്കോട്ടെ UDF സ്ഥാനാത്ഥി രാഘവന്റെ കോഴ വിവാദത്തിൽ നിന്നും ശ്രദ്ധതിരിക്കാനോ , LDF സർക്കാറിന്റെ ഭരണ നേട്ടങ്ങളിൽ നിന്ന് ചർച്ച തിരിയ്ക്കാനോ, കേരളത്തിലെ LDF സർക്കാറിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്താനോ പ്രാപ്തമല്ല ചെന്നിത്തലയുടെ ദുർബലമായ ആരോപണങ്ങൾ

ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സർക്കാർ നാടിന്റെ വികസനത്തിനായി വിദേശ വിപണിയിൽ നിന്നും മൂലധനം സമാഹരിക്കുവാൻ ചങ്കൂറ്റം കാണിക്കുന്നത്

പ്രളയമഹാദുരന്തത്തിൽ നിന്ന് മരണത്തോട് പൊരുതിക്കയറിയ ഒരു ജനതയുടെ മുഖത്തു നോക്കി, റേഷനരിയ്ക്കു പോലും കണക്കു പറഞ്ഞ , ആവശ്യമായ സാമ്പത്തിക സഹായം നൽകാതെ, വിദേശസഹായമടക്കം നിഷേധിച്ച…
കേരളമെന്ന മതേതരത്തുരുത്തിനെ ഞെക്കിയും മുക്കിയും ഇല്ലാതാക്കാൻ ശ്രമിച്ച, ഫാസിസ്റ്റ് ഭരണകൂടത്തിനു മുന്നിൽ നട്ടെല്ലു നിവർത്തി നിന്ന് വികസന മുന്നേറ്റങ്ങൾക്കായി പോരാടുന്ന കേരള ജനതയെ തളർത്താൻ, അസത്യവർഷങ്ങൾ മാത്രം വിളയാടുന്ന ദുഷിച്ച നാവുകൾക്ക് ശേഷിയുള്ളതല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel