ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എടുത്തു.

ഡേവിഡ് വാര്‍ണറുടെ അര്‍ദ്ധ സെഞ്ച്വറിയുടെ ബലത്തിലായിരുന്നു സണ്‍റൈസേഴ്‌സിന്റെ പോരാട്ടം. 62 പന്തില്‍ 70 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സ് നിരയിലെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് ആറുവിക്കറ്റ് ശേഷിക്കെ ലക്ഷ്യം മറികടന്നു.

രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ലോകേഷ് രാഹുല്‍ മായംഗ് അഗര്‍വാള്‍ സഖ്യമാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു

53 പന്തില്‍ 71 റണ്‍സ് എടുത്ത കെഎല്‍ രാഹുലാണ് പഞ്ചാബിനെ വിജയവഴിയിലേക്ക് നടത്തിയത്. ഒരുവശത്ത് സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുമ്പോഴും രാഹുല്‍ മറുവശത്ത് കരുതലോടെ ബാറ്റ് വീശി സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തിക്കൊണ്ടിരുന്നു.

43 പന്തില്‍ 55 റണ്‍സ് എടുത്ത മായംഗ് അഗര്‍വാളും പഞ്ചാബ് നിരയില്‍ മികച്ചു നിന്നു. ജയത്തോടെ ആറ് കളികളില്‍ നിന്നും എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പഞ്ചാബ്.