ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിയില്‍ പങ്കെടുക്കാന്‍ ആളില്ലാത്തതിനാല്‍ പരിപാടി റദ്ദാക്കിയെന്ന് എന്‍സിപി.

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെയും ചന്ദ്രാപുര്‍ ജില്ലയിലെയും പരിപാടികളാണ് ആളില്ലാത്തതുകാരണം ബിജെപി റദ്ദാക്കിയത്.

എന്നാല്‍, എന്‍സിപിയുടെ വാദം തെറ്റാണെന്നും സാങ്കേതിക കാരണങ്ങള്‍കൊണ്ടാണ് റാലി റദ്ദാക്കിയതെന്നും ബിജെപി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു.

ബിജെപിയുടെ റാലിയില്‍ വന്‍ ജനപങ്കളിത്തമാണെന്നും എന്‍സിപിയുടേത് പോലെ ആളില്ലാകസേരകളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രാപുറില്‍നിന്ന് കേന്ദ്രമന്ത്രി ഹന്‍സരാജ് അഹിറും ഗഡ്ചിറോളിയില്‍നിന്ന് നിലവിലെ എംപി അശോക് നേടെയുമാണ് ബിജെപി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. വ്യാഴാഴ്ചയാണ് മഹാരാഷ്ട്രയില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്