ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതു തരംഗമുണ്ടാകുമെന്ന് ദ ഹിന്ദു സിഎസ്ഡിഎസ് പ്രീ പോള്‍ സര്‍വേ.

38 ശതമാനം വോട്ടുകള്‍ കേരളത്തില്‍ ഇടത് മുന്നണി സ്വന്തമാക്കുമെന്നാണ് സര്‍വ്വേ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 9 ശതമാനത്തോളം അധികം വരുമിത്.

30 ശതമാനത്തോളം വോട്ടുകള്‍ നേടിയ കഴിഞ്ഞ തവണ 8 സീറ്റുകളാണ് ഇടത് മുന്നണി സ്വന്തമാക്കിയത്. അതിനാല്‍ ഈ കണക്ക് പ്രകാരം നേടാന്‍ പോകുന്ന സീറ്റുകളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവുണ്ടാകും. 14 സീറ്റുകള്‍ വരെ സ്വന്തമാക്കാന്‍ ഇടത് മുന്നണിക്ക് സാധിക്കുമെന്നാണ് സര്‍വേ പറയുന്നത്.

2014ല്‍ നിന്നും അധികമായി ഒരു ശതമാനം പോലും വോട്ടുകള്‍ നേടാന്‍ ഐക്യ ജനാധിപത്യമുന്നണിക്ക് സാധിക്കുകയുമില്ല. 33 ശതമാനം തന്നെയാകും ഇക്കുറിയും വോട്ട് വിഹിതം.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ബിജെപി പാര്‍ട്ടികള്‍ക്ക് തനിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത ഇല്ലെന്നാണ് സര്‍വേ പറയുന്നത്. എന്നാല്‍ ബിജെപിക്ക് മറ്റ് ഘടകകക്ഷികളുടെ സഹായമുണ്ടായാല്‍ 283 സീറ്റുകള്‍ വരെ എത്താനായേക്കും കോണ്‍ഗ്രസിന് കൂടിപ്പോയാല്‍ 84 സീറ്റുകള്‍ മാത്രമേ നേടാനാകൂ. യുപിഎക്ക് 135 സീറ്റുകളും.

അതേസമയം, എന്‍ഡിഎ യുപിഎ ഇതര കക്ഷികള്‍ 155 സീറ്റുകള്‍ വരെ നേടും. ബിജെപിയുടെ അധികാരത്തിലേക്കുള്ള വരവ് തടയാന്‍ ഇടത്പക്ഷമുള്‍പ്പെടെയുള്ള എന്‍ഡിഎ യുപിഎ ഇതര കക്ഷികള്‍ക്ക് മാത്രമേ സാധിക്കൂ എന്നാണ് സര്‍വേ പൊതുവില്‍ പറഞ്ഞുവയ്ക്കുന്നത്.