ബിജെപി വോട്ട‌് യുഡിഎഫിന‌്‌ മറിച്ചു നൽകണമെന്ന‌് സ്വാമി ചിദാനന്ദപുരി; പതിനെട്ട‌് മണ്ഡലങ്ങളിൽ യുഡിഎഫ‌് സ്ഥാനാർഥികൾക്ക‌് ബിജെപി വോട്ട‌് നൽകണമെന്ന‌് ആഹ്വാനം

ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ബിജെപി വോട്ട‌് യുഡിഎഫിന‌്‌ മറിച്ചു നൽകണമെന്ന‌് സ്വാമി ചിദാനന്ദപുരി. സംസ്ഥാനത്ത‌് പതിനെട്ട‌് മണ്ഡലങ്ങളിൽ യുഡിഎഫ‌് സ്ഥാനാർഥികൾക്ക‌് ബിജെപി വോട്ട‌് നൽകണമെന്നാണ‌് ആഹ്വാനം. ആർഎസ‌്എസ‌് നേതൃത്വത്തിലുള്ള ശബരിമല കർമസമിതിയുടെ രക്ഷാധികാരിയാണ‌് ചിദാനന്ദപുരി.

കോഴിക്കോട‌് കൊളത്തൂരിലെ അദ്വൈതാശ്രമം അധിപനായ ചിദാനന്ദപുരി സംഘപരിവാർ–-ബിജെപി നേതൃത്വവുമായി അടുപ്പമുള്ള ആളാണ‌്. ശബരിമല സ‌്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയിൽ എൽഡിഎഫ‌് സർക്കാരിനെതിരായി ‘ഹിന്ദുവികാര’മഴിച്ചുവിടാനും നാമജപ സമരമടക്കമുള്ളവയ‌്ക്കും സജീവമായി നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട‌്.

ടൈംസ‌് ഓഫ‌് ഇന്ത്യക്കനുവദിച്ച അഭിമുഖത്തിലാണ‌് എൽഡിഎഫിനെ തോൽപ്പിക്കാൻ ബിജെപിക്കാർ കോൺഗ്രസിന‌് വോട്ട‌് ചെയ്യണമെന്ന‌് ആഹ്വാനം. കെ സുധാകരനെപ്പോലുള്ള കോൺഗ്രസ‌് നേതാക്കൾ ശബരിമലസമരത്തിൽ നൽകിയ സേവനങ്ങൾ മറക്കാനാകില്ലെന്ന‌് പറഞ്ഞ‌് പ്രത്യക്ഷത്തിൽ ആർഎസ‌്എസ‌് –-ബിജെപി അണികൾക്ക‌് വോട്ട‌് അട്ടിമറിക്കാനുള്ള സന്ദേശമാണ‌് നൽകിയിരിക്കുന്നത‌്.

ബിജെപി യുഡിഎഫുമായി അടവുപരമായ സഖ്യമുണ്ടാക്കി എൽഡിഎഫ‌ിന്റെ തോൽവി ഉറപ്പാക്കണമെന്നാണ‌് ചിദാനന്ദപുരി പറയുന്നത‌്. 20 സീറ്റിൽ ജയിക്കാൻ ബിജെപിക്കാവില്ല. അതിനാൽ സാഹചര്യം മനസ്സിലാക്കി ഹിന്ദുവോട്ട‌് പ്രായോഗികമായി വിനിയോഗിക്കാൻ ബിജെപി തയ്യാറാകണമെന്നും പറയുന്നു.

ബിജെപിക്ക‌് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ‌്, മുസ്ലിംലീഗ‌്, കേരളാ കോൺഗ്രസ‌് എന്നീ കക്ഷികളേതായാലും അതിന്റെ പിന്തുണതേടണം. മറ്റു സീറ്റുകളിൽ യുഡിഎഫിനെയും പിന്തുണക്കണമെന്ന‌് ബിജെപി നേതൃത്വത്തെ ഉപദേശിക്കുന്നുമുണ്ട‌്. ശബരിമല വിഷയം എൽഡിഎഫ‌് സർക്കാരിനെ അടിക്കാനുള്ള ആയുധമായി വോട്ട‌് രേഖപ്പെടുത്തണമെന്നും ആർഎസ‌്എസിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായറിയപ്പെടുന്ന ചിദാനന്ദപുരി പറയുന്നു.

താൻ ബിജെപിക്കാരനല്ലെങ്കിലും തന്റെ അഭിപ്രായം രാഷ‌്ട്രീയ കക്ഷികളെ സ്വാധീനിക്കുമെന്നും ശരിയായ തീരുമാനത്തിന‌് വഴികാട്ടിയാകുമെന്നുമുള്ള ആത്മവിശ്വാസവും പ്രകടിപ്പിച്ചിട്ടുണ്ട‌്. സംസ്ഥാനത്തെ സംഘപരിവാരത്തിലും ബിജെപിയിലും അവഗണിക്കാനാവാത്ത സ്വാധീനശേഷിയുള്ള ചിദാനന്ദപുരിയുടെ വാക്കുകൾ കേരളത്തിൽ എൽഡിഎഫിനെതിരെ വിപുലമായ കോ–-ലീ–-ബി മുന്നണി ഇത്തവണ രംഗത്തുണ്ടെന്നതിന്റെ സൂചനയാണ‌്. അഭിമുഖത്തിലൊരിടത്തും ചിദാനന്ദപുരി കോൺഗ്രസിനെ വിമർശിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News