റാഫേലില്‍ കേന്ദ്രത്തിന് തിരിച്ചടി; കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ തള്ളി; രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്ന് കോടതി

റാഫേൽ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ചോര്‍ന്ന് കിട്ടിയ വാദങ്ങള്‍ പരിശോധിക്കരുത് എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളി. പുതിയ രേഖകളും പരിശോധിക്കാമെന്നും രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പുന:പരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന തീയതി കോടതി പിന്നീട് തീരുമാനിക്കും.

റാഫേൽ ഇടപാടിൽ സി ബി ഐ അന്വേഷണം ആവശ്യം ഇല്ല എന്ന സുപ്രീം കോടതി വിധിക്ക് എതിരെ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ, മനോഹർ ലാൽ ശർമ്മ, സഞ്ജയ് സിങ് എന്നിവർ ആണ് പുനഃപരിശോധന ഹർജികൾ നൽകിയിട്ടുള്ളത്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌, ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എ്ന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച്‌ ഏകകണ്‌ഠമായാണ്‌ വിധി പ്രസ്‌താവിച്ചത്‌.

ഇതിന് പുറമെ കോടതിയെ മനപൂർവ്വും തെറ്റ് ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി യശ്വന്ത് സിൻഹ ഉൾപ്പടെ ഉള്ളവർ പ്രത്യേക അപേക്ഷയും നൽകിയിട്ടുണ്ട്. പുനഃ പരിശോധന ഹർജികളും പ്രത്യേക അപേക്ഷയും ഫയലിൽ സ്വീകരിക്കാതെ തന്നെ തള്ളണം എന്നാണ്‌ സർക്കാർ ആവശ്യം.

കോടതിയെ സർക്കാർ തെറ്റ് ധരിപ്പിച്ചു എന്ന് തെളിയിക്കാൻ ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ചില റിപ്പോർട്ടുകളും രേഖകളും ഹർജിക്കാർ സുപ്രീം കോടതിയിൽ ഹാജർ ആക്കിയിട്ടുണ്ട്. എന്നാൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഈ രേഖകൾ കോടതി പരിഗണിക്കരുത് എന്നാണ് സർക്കാർ ആവശ്യം. ഈ രേഖകൾ കോടതിയിൽ വിശദമായ വാദത്തിന് വിധേയം ആക്കുന്നത് രാജ്യ താത്പര്യത്തിന് ഉതകുന്നത് അല്ല എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്നാണ്‌ പുനഃ പരിശോധന ഹർജികളിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here