ഇ പി ജയരാജനെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുനിന്ന് ഒ‍ഴിവാക്കണമെന്ന സുധാകരന്‍റെ ഹര്‍ജി ഹൈക്കോടതി മെയ് 22ലേക്കു മാറ്റി

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായമന്ത്രിയുമായ ഇ പി ജയരാജനെ വാടക ഗുണ്ടകളെ അയച്ച് ട്രെയിനില്‍ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി മെയ് 22ലേക്കു മാറ്റി.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള ഗൂഢാലോചനക്കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതിയായ സുധാകരനും മൂന്നാംപ്രതി രാജീവനും സമര്‍പ്പിച്ച ഹര്‍ജിയാണ് കഴിഞ്ഞദിവസം ഹൈക്കോടതി മുമ്പാകെ വന്നത്.

പഴയ കേസായതിനാല്‍ അതിവേഗം തീര്‍പ്പാക്കണമെന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍ ഹര്‍ജി മാറ്റിവച്ചത്.

1995 ഏപ്രില്‍ 12നാണ് രാജധാനി എക്‌സ്പ്രസിലെ യാത്രയ്ക്കിടെ ആന്ധ്രപ്രദേശിലെ ചിരാലയില്‍ വച്ച് ഇ പി ജയരാജനു വെടിയേറ്റത്. വാഷ്‌ബേസിനു സമീപം മറഞ്ഞുനിന്നു ജയരാജുനേരെ വെടിയുതിര്‍ത്ത വാടക ക്രിമിനല്‍ പേട്ട ദിനേശനും കൂട്ടുപ്രതി വിക്രംചാലില്‍ ശശിയും അന്നു തന്നെ പിടിയിലായി.

ഇവരെ ചോദ്യം ചെയ്തതോടെ സംഭവത്തിനു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞെങ്കിലും കേസന്വേഷിച്ച ചിരാല റെയില്‍വേ പൊലീസ് ഇതേക്കുറിച്ച് കാര്യമായ അന്വേഷണം നടത്തിയില്ല.

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ സുധാകരന്റെയും ഇന്നു ജീവിച്ചിരിപ്പില്ലാത്ത മറ്റൊരു നേതാവിന്റെയും നേതൃത്വത്തിലായിരുന്നു ഗൂഢാലോചനയെന്നും ഇവരാണ് തോക്കും തന്ന് തങ്ങളെ പറഞ്ഞുവിട്ടതെന്നും ദിനേശനും ശശിയും വെളിപ്പെടുത്തിയിരുന്നു.

ബാഹ്യ സമ്മര്‍ദങ്ങള്‍ക്കടിപ്പെട്ട് ചിരാല പൊലീസ് നടത്തിയ കള്ളക്കളി ബോധ്യമായതോടെ ഇ പി ജയരാജന്‍ തിരുവനന്തപുരം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു.

കോടതി നിര്‍ദ്ദേശപ്രകാരം തമ്പാനൂര്‍ പൊലീസാണ് കൊലപാതക ശ്രമം, അതിനായുള്ള ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 307 റെഡ് വിത്ത് 120 ബി, 34 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്ന് തിരുവനന്തപുരം എസിപി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. സുധാകരന്‍, രാജീവന്‍, വിക്രംചാലില്‍ ശശി, പേട്ട ദിനേശന്‍ എന്നിവരടക്കം അഞ്ചു പേരാണ് പ്രതികള്‍. രണ്ടാംപ്രതി കുറ്റപത്രം സമര്‍പ്പിച്ച ശേഷവും നാലാംപ്രതി അന്വേഷണ കാലയളവിലും മരിച്ചു.

ഒരേ സംഭവത്തില്‍ രണ്ടു പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ പാടില്ലെന്ന വാദമുന്നയിച്ച് സുധാകരനും മറ്റു പ്രതികളും കേസ് തടയാന്‍ ശ്രമിച്ചെങ്കിലും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇതംഗീകരിച്ചില്ല.

ലഭ്യമായ തെളിവുകളും സാക്ഷിമൊഴികളും അനുസരിച്ച് കേസ് നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here