ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നേരിടുന്ന പ്രശ്‌നം തവളചാട്ട രോഗമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു.

എല്‍ഡിഎഫ് ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ എ എം ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അരൂര്‍ തൃച്ചാറ്റുകുളത്തു ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിപ്പ വൈറസിനെ പ്രതിരോധിച്ചവരാണ് കേരളീയര്‍.

എന്നാല്‍ മഴ വരുമ്പോള്‍ തവള ചാടുന്നതു പോലെ ബിജെപിയിലേക്ക് ചാടുന്ന വൈറസ് കോണ്‍ഗ്രസ് നേതാക്കളെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വമാണ് ഈ തവള വൈറസ് പടരാന്‍ കാരണം. ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥിയും ഇങ്ങനെ തവളചാട്ടം നടത്തിയ ആളാണ്.

കോണ്‍ഗ്രസുകാരനായ മധ്യ പ്രദേശ് മുഖ്യമന്ത്രി ഗോവധത്തിനു വേണ്ടി സംസാരിക്കുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് സര്‍ക്കാര്‍ തന്നെ ക്ഷേത്രം പണിയണമെന്നു പറഞ്ഞ് ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നു.

48 സീറ്റുള്ള മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവ് തവളച്ചാട്ടം നടത്തി ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്നു. കോണ്‍ഗ്രസിനെയും ബിജെപിയെയും തമ്മില്‍ ചേര്‍ക്കുന്നത് കളിപ്പാട്ടം പൊട്ടുമ്പോള്‍ ഒട്ടിക്കുന്ന സാധാരണ പശയല്ല. അത് കോര്‍പ്പറേറ്റ് പശയാണ്.

അദാനിയുടെയും അംബാനിയുടെയും പശയാണ്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദുരന്തം മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് ബിജെപിയെ നേരിടാന്‍ ശേഷിയില്ലാത്തതാണ്. ബിജെപിയെ ആശയപരമായി മാത്രമല്ല, രാഷ്ട്രീയമായും നേരിടണം.

കഴിഞ്ഞ ദിവസം യു പിയില്‍ റാലി നടത്തിയ ബിഎസ്പി എസ് പി ആര്‍ എല്‍ഡി നേതാക്കള്‍ പറഞ്ഞത് അവിടെ സഖ്യത്തിനു തയ്യാറാകാത്ത കോണ്‍ഗ്രസ് അവിടെ മതനിരപേക്ഷ വോട്ട് ഭിന്നിപ്പിക്കുകയാണെന്നാണ്.

അതു വഴി ബിജെപിയെ സഹായിക്കുന്നു. ബംഗാളില്‍ കോണ്‍ഗ്രസിന്റെ നാല് സിറ്റിങ്ങ് സീറ്റില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് സി പി ഐ എം പ്രഖ്യാപിച്ചു.

എന്നാല്‍ ലോകസഭയില്‍ ബിജെപിയുടെ പേടിസ്വപ്നമായ സി പി ഐ എം എം പി മുഹമ്മദ് സലീമിന്റെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തി. ഏഴു സീറ്റുള്ള ഡെല്‍ഹിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല.

ബിജെപിക്കാര്‍ക്ക് അപ്പൂപ്പന്റെ അപ്പൂപ്പന്റെ കാലം മുതലേ ഭരണഘടനയില്‍ വിശ്വാസമില്ല. മനുസ്മൃതിയാണ് അവരുടെ ഭരണഘടന. അതു കൊണ്ടാണ് ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അവര്‍ നിരന്തരം ആക്രമണം നടത്തുന്നത്. ബദല്‍ നയങ്ങളുള്ള സര്‍ക്കാരും വികസനവുമാണ് ഇന്ത്യയ്ക്കു വേണ്ടത്.

അത്തരം ബദല്‍ നയങ്ങള്‍ക്ക് ഉദാഹരണമാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ വിധവ പെന്‍ഷന്‍ ഒരു രൂപ പോലും വര്‍ധിപ്പിച്ചില്ല. എന്നാല്‍ പിണറായി സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ 600 രൂപയില്‍ നിന്ന് 1200 രൂപയാക്കി.

കേന്ദ്രത്തില്‍ രൂപം കൊള്ളുന്ന മത നിരപേക്ഷ സര്‍ക്കാരിനെക്കൊണ്ട് ജനകീയ നടപടികള്‍ എടുപ്പിക്കാന്‍ ഇടതുപക്ഷ അംഗങ്ങളുടെ എണ്ണം വര്‍ധിക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.

യോഗത്തില്‍ അഡ്വ എം കെ ഉത്തമന്‍ അധ്യക്ഷനായി. അഡ്വ. മനു സി പുളിയ്ക്കല്‍ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ സംബന്ധിച്ചു.