കെ എം മാണിയുടെ സംസ്‌കാരം ഇന്ന്

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി. ബുധനാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടയത്തേക്കുള്ള മാര്‍ഗമധ്യേ നൂറുകണക്കിനാളുകള്‍ അഭിവാദ്യം അര്‍പ്പിക്കാനെത്തി.

കോട്ടയത്ത് തിരുനക്കര മൈതാനിയിലും പാലായിലും പുഷ്പചക്രങ്ങളുമായി മണിക്കൂറുകളോളം ജനക്കൂട്ടം കാത്തുനിന്നു. മൃതദേഹം പാലാ കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തിയപ്പോള്‍ പാതിര പിന്നിട്ടു. വ്യാഴാഴ്ച പകല്‍ രണ്ടിന് വീട്ടില്‍ മരണാനന്തരചടങ്ങുകള്‍ തുടങ്ങും. തുടര്‍ന്ന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌ക്കാരം.

പുഷ്പാലകൃതമായ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിലായിരുന്നു കൊച്ചിയില്‍ നിന്നും പാലായിലേക്കുള്ള അന്ത്യയാത്ര. മകന്‍ ജോസ് കെ മാണി എംപിയും പി ജെ ജോസഫും അടുത്ത ബന്ധുക്കളും അനുഗമിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്തുരുത്തിക്കുസമീപം എത്തി പുഷ്പചക്രം അര്‍പ്പിച്ചു. വി എസ് അച്യുതാനന്ദനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കടുത്തുരുത്തിയിലും മന്ത്രി സി രവീന്ദ്രനാഥ് തലയോലപ്പറമ്പിലും പുഷ്പചക്രം അര്‍പ്പിച്ചു.

പിന്നീടുള്ള കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ്, തിരുനക്കര മൈതാനത്ത് വൈക്കം വിശ്വന്‍, കോട്ടയം ലോക്‌സഭാമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എന്‍ വാസവന്‍, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, വി എം സുധീരന്‍ എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു. നെട്ടൂരിലെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രിമാരായ അനൂപ് ജേക്കബ്, പി ജെ ജോസഫ് എന്നിവരും പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളും ആദരാഞ്ജലി അര്‍പ്പിച്ചു.

തിരുനക്കരയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി വയസ്‌ക്കരക്കുന്നിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിച്ചു. മണര്‍കാട്, കിടങ്ങൂര്‍, ജന്മനാടായ മരങ്ങാട്ടുപിള്ളി എന്നിവിടങ്ങള്‍ പിന്നിട്ട് പാലായില്‍ എത്തുമ്പോള്‍ പാതിരാവ് പിന്നിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News