കാവിയെ ഭയക്കുന്ന ലൂസിഫറേ….. കളളപ്പണം വെളുപ്പിക്കാന്‍ നിയമം കൊണ്ടുവന്നത്ബിജെപിയാണ്

രാഷ്ട്രീയ രംഗത്തെ കളളപ്പണത്തിന്റെ സ്വാധീനത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനായുളള ആഹ്വാനത്തോടെയാണ് പൃഥ്വിരാജിന്റെ പ്രഥമ സിനിമ ലൂസിഫറിന്റെ തുടക്കം.

കാലിക പ്രസക്തിയുളള വിഷയം അതും ഒരു തെരഞ്ഞടുപ്പ് കാലത്ത് സിനിമയാക്കാന്‍ കാണിച്ച ആര്‍ജ്ജവത്തെ അഭിനന്ദിക്കാനാണ് ആദ്യം തോന്നിയത്. ധാരണ മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. കോണ്‍ഗ്രസ്സിനെ വ്യംഗ്യാര്‍ത്ഥത്തില്‍ അവതരിപ്പിക്കുന്നത് ഐയുഎഫ് എന്ന പേരിലാണ്.

ഐയുഎഫ് നേതാവ് വര്‍മാജിയെക്കൊണ്ട് തുടക്കത്തിലെ പൃഥ്വിരാജ് ഇങ്ങനെ പറയിപ്പിക്കുന്നു:
‘വടക്കുനിന്നും ആഞ്ഞടിക്കുന്ന വര്‍ഗ്ഗീയ പാര്‍ട്ടിയെ കേരളത്തില്‍ ചെറുക്കാന്‍ കളളപ്പണമല്ലാതെ മറ്റ് എന്ത് മാര്‍ഗ്ഗം?’

അപ്പോള്‍ ആ വര്‍ഗ്ഗീയ പാര്‍ട്ടിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? അവര്‍ കളളപ്പണം ഉപയോഗിക്കുന്നുണ്ടോ? അവര്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി എന്തെങ്കിലും ബന്ധം ഉണ്ടോ? അവര്‍ കേരളത്തില്‍ അക്രമങ്ങള്‍ നടത്തുന്നുണ്ടോ? ……. ഒരു മലയാളി പ്രേക്ഷകനില്‍ ഉയരുന്ന ഒട്ടേറെ ചോദ്യങ്ങള്‍ ഉണ്ട്. ഇത്തരം ചോദ്യങ്ങളിലേക്കൊന്നും പ്രേക്ഷകര്‍ കടക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് ലൂസിഫര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഒന്നുകില്‍ സിനിമയിലൂടെ പൃഥ്വിരാജ് മുന്നോട്ട് വെയ്ക്കാന്‍ ശ്രമിക്കുന്നത് ‘ഞങ്ങള്‍ ഒഴികെ എല്ലാവരും കുഴപ്പക്കാര്‍’ എന്ന ആര്‍ എസ് എസ് പ്രത്യയ ശാസ്ത്രം; അതുമല്ലെങ്കില്‍ സിനിമാലോകത്തെ ബഹുഭൂരിപക്ഷത്തേയും പോലെ പൃഥ്വിരാജിനും ആര്‍ എസ് എസ്സിനെ ഭയമാണ്.

കേരള രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കാനായി അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ കളളപ്പണം ഒഴുക്കുന്നതിനെക്കുറിച്ചാണ് നിറയെ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും കുടുംബ സമേതം കാണാന്‍ കൊളളാത്ത ഐറ്റം ഡാന്‍സും ബ്‌ളാക്ക് ആന്റെ് വൈറ്റിലുളളഫ്‌ളാഷ് ബാക്കും ഇടകലര്‍ത്തി ലൂസിഫര്‍ തയ്യാറാക്കിയിരിക്കുന്നത്.

കണ്ടവരെയെല്ലാം തുരുതുരെ വെടിവെച്ച് കൊല്ലുന്ന മോഹന്‍ലാലിനും സര്‍വ്വോപരി അവസാന ഭാഗത്ത് രക്ഷകനായി എത്തിയിരിക്കുന്ന തനിക്കും പൃഥ്വിരാജ് അമാനുഷിക വീരപരിവേഷം നല്കിയിരിക്കുന്നു.

ഐ യു എഫ് നേതാവ് വര്‍മാജിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് മേടയില്‍ രാജനും കറകളഞ്ഞ അഴിമതിക്കാരാണ്. രാഷ്ട്രീയ രംഗത്ത് കളളപ്പണം ഒഴുക്കുന്ന മയക്കുമരുന്ന് മാഫിയയെ സഹായിക്കാനായി രാഷ്ട്രീയത്തിലെ എതിരാളികളായ ഇരുവരും കൈകോര്‍ക്കുന്നു.

സിനിമയുടെ ഒടുവില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അമാനുഷികനായ ‘സ്റ്റീഫന്‍’ വിദേശത്തുനിന്ന് ജതിന്‍ രാംദാസ്( ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രം) എന്ന ഒരു രക്ഷകനെ കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കി രാഷ്ട്രീയ രംഗം ശുദ്ധീകരിക്കുന്നു.അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോ?

എത്ര വെടിയേറ്റാലും കൊല്ലപ്പെടാത്ത, എത്ര പേരെയും വെടിവെച്ച് കൊല്ലാന്‍ ശേഷിയുളള ഒരു അമാനുഷിക നടന് പോലും രക്ഷപ്പെടുത്താനാവാത്തത്ര മോശം പാര്‍ട്ടിണിത്.

ആരാണ് കളളപ്പണക്കാര്‍?

കളളപ്പണം തെരഞ്ഞെടുപ്പില്‍ ഒഴുകുന്നുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ തെരഞ്ഞെടുപ്പില്‍ ഇതുവരെ പിടികൂടിയത് 1716കോടി രൂപയുടെ കളളപ്പണമാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പിടികൂടിയതിന്റെ അഞ്ചിരട്ടിയാണിത്.

ഏപ്രില്‍ 3ന് പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചല്‍ പ്രദേശില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു. റാലിയില്‍ പങ്കെടുക്കാനായി പോവുകയായിരുന്ന മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ പെമ ഖണ്ധുവിന്റെഅകമ്പടി വാഹനത്തില്‍ നിന്ന് 1.8 കോടി രൂപയാണ് പിടികൂടിയത്.

മെബോ നിയമസഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി ദെന്‍ഗി പെര്‍മെയുടേതായിരുന്നു വാഹനം. പ്രധാനമന്ത്രിയുടെ റാലിക്ക് ആളെക്കൂട്ടാനായിരുന്നു കളളപ്പണം കടത്തിയിരുന്നത്.
ഹൈദരാബാദില്‍ ബി ജെ പിയുടെ സംസ്ഥാന അക്കൗണ്ടില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് സംസ്ഥാന അധ്യക്ഷന്‍ കെ .ലക്ഷ്മണ്‍ പിന്‍വലിച്ചത് 8 കോടി രൂപയായിരുന്നു. എന്തിന് ഇത്രയും തുക പിന്‍വലിച്ചെന്ന ചോദ്യത്തിന് ലക്ഷ്മണിനോ ബി ജെ പിക്കോ മറുപടിയില്ല.

ടി വി -9 ചാനല്‍ ഒളിക്യാമറ റിപ്പോര്‍ട്ടിംഗിലൂടെ കളളപ്പണം സ്വീകരിക്കാന്‍ സന്നദ്ധരായ നിരവധി സ്ഥാനാര്‍ത്ഥികളെ കുടുക്കിയിരുന്നു. ഇവരില്‍ എം കെ രാഘവന്‍ഉള്‍പ്പെടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും നിരവധി ബിജെപി സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നു.

ടി വി -9 ചാനല്‍ കോഴ വാഗ്ദാനവുമായി കമ്യൂണിസ്റ്റുകാരായ സ്ഥാനാര്‍ത്ഥികളേയും സമീപിച്ചിരുന്നു. അവരെ സ്വീകരിച്ചിരുത്തുകയല്ല, ഇറക്കിവിടുകയാണ് ചെയ്തത്.
പാര്‍ട്ടി ആസ്ഥാനത്തുവെച്ച് ഇല്ലാത്ത ആയുധ കമ്പനിയില്‍ നിന്ന് സ്യൂട്ട്‌കേസില്‍ ആര്‍ത്തിയോടെ കോഴ കൈപ്പറ്റിതിന് ശിക്ഷിക്കപ്പെട്ട ബംങ്കരുലക്ഷ്മണ്‍ എന്നൊരു ബി ജെ പി അദ്ധ്യക്ഷനെപ്പറ്റി പൃഥ്വിരാജ് കേട്ടിട്ടുണ്ടോ എന്നറിയില്ല.

നോട്ട് മാറ്റത്തിന്റെ ആദ്യ നാളുകളില്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് സഹകരണബാങ്കില്‍ പണം കുമിഞ്ഞ് കൂടിയതിനും അമിത്ഷായുടെ മകന്റേയും ഭാര്യയുടേയുംവരുമാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷകാലയളവില്‍ ഉണ്ടായ വന്‍വര്‍ധനവിനും പിറകില്‍ ചില കാരണങ്ങള്‍ ഉണ്ട്.

ഇത്തരം കാരണങ്ങള്‍ നിരത്തി കാവി പാര്‍ട്ടി നടത്തിയ അഴിമതികള്‍ തുറന്നു കാട്ടിയ മാധ്യമ പ്രവര്‍ത്തകരെയെല്ലാം കേസുകളും ഭീഷണികളുമായി വരിഞ്ഞുമുറിക്കിയിരിക്കുകയാണ്.

വര്‍മ്മാജിക്കും മേടയില്‍ രാജനും ഒപ്പം കളളപ്പണക്കാരനായ ഒരു കാവി നേതാവിനെക്കൂടി സിനിമയില്‍ ഉള്‍പ്പെടുത്താമായിരുന്നില്ലേ? കാവിയോടുളള ആരാധനയോ,അതോ ഭയമോ..? ഏതോ ഒന്ന് പൃഥ്വിരാജിനെ അലോസരപ്പെടുത്തുന്നുണ്ട്.

ഇനി രാഷ്ടീയത്തിലെ കളളപ്പണമാണ് വിഷയമെങ്കില്‍ മയക്കുമരുന്ന് മാഫിയയുടെ പിന്നാലെ പോകേണ്ട ആവശ്യമില്ല. നേരത്തെ കളളപ്പണം എന്ന സംജ്ഞയില്‍ ഉള്‍പ്പെടുത്തിയിരുന്ന പലതും ഇന്ന് വെളളപ്പണമാണ് കോര്‍പ്പറേറ്റുകള്‍ എങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പണം ഒഴുക്കുന്നു എന്നതിന്റെ ഉദാഹരണമാണ് 2012ലെ അന്താരാഷ്ട്ര വ്യവസായ ഭീമനായ വേദാന്ത ഗ്രൂപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍.

2009 മുതല്‍ 2012 വരെയുളള കാലയളവില്‍ ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 28 കോടി രൂപ നല്കിയെന്നായിരുന്നു വേദാന്തയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഈ പണക്കൈമാറ്റം നിയമവിരുദ്ധമായിരുന്നു. അനില്‍ അഗര്‍വാള്‍ എന്ന വിദേശ
ഇന്ത്യക്കാരനാണ് വേദാന്തയുടെ ഉടമ.

വേദാന്തയുടെ ഇന്ത്യന്‍ അനുബന്ധ കമ്പനികള്‍ മുഖേനയാണ് കോണ്‍ഗ്രസ്സിനും ബി ജെ പിക്കും കള്ളപ്പണം എത്തിയത്. അനില്‍ അഗര്‍വാളിനും കളളപ്പണം കൈപ്പറ്റിയ പാര്‍ട്ടികള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഇലക്ടറല്‍ റിഫോംസ് എന്ന സംഘടന ദില്ലി ഹൈക്കോടതിയെ സമീപിച്ചു.

ദില്ലി ഹൈക്കോടതി ബി ജെ പിയും കോണ്‍ഗ്രസ്സും നിയമവിരുദ്ധമായാണ് പണം കൈപ്പറ്റിയതെന്ന് വിധിച്ചു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല.വിദേശ സ്ഥാപനങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനകള്‍ കൈപ്പറ്റുന്നതിലുളള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെനീക്കം ചെയ്തു.ഇതിനായി ബി ജെ പിയും കോണ്‍ഗ്രസ്സും പാര്‍ലമെന്റില്‍ കൈകോര്‍ത്തു.ഇടതുപക്ഷവും ആംഅദ്മി പാര്‍ട്ടിയും മാത്രമാണ് എതിര്‍ത്തത്.

പ്രതിപക്ഷ ബഹളം എന്ന കാരണം പറഞ്ഞ് ഒരു ചര്‍ച്ചപോലും നടത്താതെയാണ് 2018 മാര്‍ച്ച് 18 ന് ലോകസഭയില്‍ സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ഇതുകൊണ്ടും തീര്‍ന്നില്ല. വ്യവസായികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.

സ്ഥാപനത്തിന്റെ ലാഭത്തിന്റെ 7.5%ത്തില്‍ അധികം സംഭാവന നല്കരുതെന്നതായിരുന്നു ഒരു പ്രധാന വ്യവസ്ഥ. എന്നാല്‍ഈ വ്യവസ്ഥ നിയമ ഭേദഗതിയിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്ത് കളഞ്ഞു. ഏതെല്ലാം പാര്‍ട്ടികള്‍ക്കാണ് സംഭാവന നല്കിയതെന്ന് വ്യവസായ ഭീമന്‍മാര്‍ വരവ് ചെലവ് കണക്കുകളില്‍ കാണിക്കണമെന്ന സുപ്രധാന വ്യവസ്ഥയും ഒഴിവാക്കി.

ഇതോടെ കോര്‍പ്പറേറ്റുകള്‍ക്ക് നിര്‍ബാധം വെളളപ്പണവും കളളപ്പണവും ഒഴുക്കാനുളള അവസരമൊരുങ്ങി. ഇതിന്റെ പ്രതിഫലനം സര്‍ക്കാര്‍ നയങ്ങളില്‍ പ്രകടമായി.ഖനികളും
സമുദ്ര തീരങ്ങളും ഊര്‍ജ്ജ സോത്രസ്സുകളുമെല്ലാം സ്വകാര്യ വ്യവസായ ഭീമന്‍മാരുടെ കൈപ്പിടിയിലായി.

കളളപ്പണം വെളുപ്പിക്കാനായി കോണ്‍ഗ്രസ് പിന്തുണയോടെ ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ടിനെക്കുറിച്ച് പൃഥ്വിരാജിന്കേട്ടറിവെങ്കിലും ഉണ്ടാകുമെന്ന് കരുതുന്നു. 2019 ജനുവരി ,ഫെബ്രുവരി മാസങ്ങളിലായി ഇല്ക്ടറല്‍ ബോണ്ടിലൂടെ രാഷ്ടീയ പാര്‍ട്ടികള്‍ക്ക്
ലഭിച്ചത് 1716 കോടി രൂപയാണ്.

ഇതിന്റെ 94 ശതമാനവും ലഭിച്ചത് രാജ്യം ഭരിക്കുന്ന ബി ജെ പിക്കാണ്. ഇലക്ടറല്‍ ബോണ്ടിനെതിരെ സുപ്രീംകോടതിയില്‍ കേസ് കൊടുത്തതാകട്ടെ കമ്യൂണിസ്റ്റുകാരനായ സീതാറാം യെച്ചൂരിയും.തുടക്കത്തില്‍ ഇലക്ടറല്‍ ബോണ്ടിനെതിരെ ഉറച്ച നിലപാടെടുത്തിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ മലക്കം മറിഞ്ഞു.കളളപ്പണക്കാര്‍ എത്ര ശക്തരാണന്ന്
ഇതില്‍ നിന്നെങ്കിലും പൃഥ്വിരാജിന് മനസ്സിലാകുന്നുണ്ടാകുമല്ലോ?

കളളപ്പണത്തിന്റേയും കമ്യൂണിസ്‌റ്്‌റ് വിരുദ്ധതയുടേയും കാവി പാര്‍ട്ടിയോടുളള ഭയഭക്തി ബഹുമാനത്തിന്റേയും കാര്യം അവിടെ നില്ക്കട്ടെ; സിനിമാ സന്ദര്‍ഭവുമായി യാതൊരു ചേര്‍ച്ചയുമില്ലാത്ത ഒരിടത്ത് തീവ്ര ലൈംഗികത പ്രസരിപ്പിക്കുന്ന ആ ആഭാസ നൃത്തത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ? പ്രത്യേകിച്ച് ഇനിമേല്‍ സ്ത്രീവിരുദ്ധ ലൈംഗികച്ചുവയുളള സംഭാഷണങ്ങള്‍ തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് പൃഥ്വിരാജ് പ്രതിജ്ഞ ചെയ്തിരിക്കെ.

ക്രൈമും സെക്‌സുംകച്ചവടാസക്തിയും പ്രസരിച്ചു നില്കുന്ന ഇത്തരമൊരു സിനിമയില്‍’വരിക വരിക സഹജരേ……’ എന്ന അംശി നാരായണപ്പിളളയുടെ വിഖ്യാതമായദേശഭക്തി ഗാനം ഉള്‍പ്പെടുത്താതിരിക്കാനുളള മര്യാദയെങ്കിലും പൃഥിരാജ് കാണിക്കേണ്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News