കല്‍പ്പറ്റ: സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ ഒരു സ്ഥാനാര്‍ത്ഥി മാത്രമാണ് രാഹുല്‍ ഗാന്ധിയെന്നും വിജയിക്കാന്‍ തന്നെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി വയനാട്ടില്‍ മത്സരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇവിടെ 20 ല്‍ ഒന്ന് മാത്രമാണ് രാഹുല്‍ ഗാന്ധി. 20 മണ്ഡലത്തിലും നമുക്ക് യുഡിഎഫ് എതിരാളികള്‍ ഉണ്ട്. അതിലൊരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി. 20 മണ്ഡലങ്ങളില്‍ ചിലതില്‍ കോണ്‍ഗ്രസിന് ആര്‍എസ്എസ് ബിജെപി സഹായം ലഭിക്കുന്നത് പരസ്യമായ രഹസ്യമാണ്. എല്ലായിടത്തും നാം ഇതേ ശക്തികളെതന്നെയാണ് നേരിടുന്നത്.

വയനാട്ടിലും നാം ശക്തമായ മത്സരം കാഴ്ചവെക്കണം. വിജയിക്കാന്‍ തന്നെയാണ് എല്‍ഡിഎഫ് മത്സരിക്കുന്നത്. അക്കാര്യത്തില്‍ ഇടതുപക്ഷത്തിന് ലഭിച്ച നല്ല സ്ഥാനാര്‍ത്ഥി തന്നെയാണ് പി പി സുനീര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആലോചനയില്‍ വരുമ്പോള്‍ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു എന്ത് സന്ദേശമാണ് കോണ്‍ഗ്രസ് ഇതിലൂടെ നല്‍കാന്‍ ശ്രമിക്കുന്നതെന്ന്. നിങ്ങള്‍ ആരെ നേരിടാനാണ് വരുന്നത്. എല്‍ഡിഎഫിനെ നേരിടാന്‍ ആണ് നിങ്ങള്‍ വരുന്നത്.

ഇടതുപക്ഷമാണ് ഇന്ന് രാജ്യത്ത് തകര്‍ക്കപ്പെടേണ്ട ശക്തി എന്ന സന്ദേശം നിങ്ങള്‍ നല്‍കുന്നു. ഇടതുപക്ഷമാണോ തകരേണ്ടത്.. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുത്ത് ഇന്ന് പോരാടുന്നത് ഇടതുപക്ഷ മാണ്.ആ ഇടതുപക്ഷം തകരണമെന്ന് നിങ്ങള്‍ നിലപാടെടുക്കുമ്പോള്‍ ആരെയാണ് സഹായിക്കുന്നത്. നിങ്ങള്‍ ആര്‍ക്കുവേണ്ടി നിലകൊള്ളുന്നു.
ഇവിടെ മല്‍സരിക്കുമ്പോള്‍ തെക്കെയിന്ത്യയിലാകെ ബിജെപിയെ നേരിടലാകുമെന്നാണ് ഒരു നേതാവ് പറഞ്ഞത്. എന്ത് പരിഹാസ്യമാണത്. ഇവിടെ നേരിടാന്‍ ബിജെപിയുണ്ടോ. ഇവിടെ എല്‍ഡിഎഫിനെതിരെയല്ലേ മത്സരം.

ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അന്ത: സത്ത ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇത്തരം നില്‍പാട് എടുക്കുമായിരുന്നോ. അതും കോണ്‍ഗ്രസിന്റെ പാപ്പരീകരണം തന്നെയാണ്.

ബിജെപിയും സംഘപരിവാരും ഉയര്‍ത്തുന്ന വര്‍ഗീയതയില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് കഴിയാത്തത്. ഇന്ന് രാജ്യമാകെ മതനിരപേക്ഷത നമ്മുടെ രാജ്യത്തിന് ചേര്‍ന്നതല്ല എന്ന് ആര്‍എസ്എസ് കാണുന്നു. ആര്‍എസ്എസ് നിലപാട് ബിജെപി അംഗീകരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്നു.

ആ സന്ദര്‍ഭത്തില്‍ സാധാരണ നിലയ്ക്ക് മത നിരപേക്ഷതയുടെ സംരക്ഷണത്തിന് ന് ഉറച്ച നിലപാട് കോണ്‍ഗ്രസിനെ പോലെ ഒരു പാര്‍ടി സ്വീകരിക്കേണ്ടേ. എതെങ്കിലും ഒരു ഘട്ടത്തില്‍ വര്‍ഗീയതയോട് വിട്ടുവിഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസിന്് കഴിഞ്ഞിട്ടുണ്ടോ. മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയതയുമായി സമരസപ്പെടാതിരിക്കണം. കോണ്‍ഗ്രസിന് ഏതെങ്കിലും ഘട്ടത്തില്‍അതിന് കഴിഞ്ഞിട്ടുണ്ടോ.

ബിജെപിയുടെ റിക്രൂ്ട്ടിങ് സെന്ററാണോ കോണ്‍ഗ്രസ്. മഹരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ പ്രതിപക്ഷനേതാവ് ബിജെപി യോഗങ്ങളില്‍ പോയി പ്രസംഗിക്കുന്നു. അവിടെ ബിജെപി സ്ഥാനാര്‍ത്ഥി പ്രതിപക്ഷ നേതാവിന്റെ മകന്‍.

ഇതെല്ലാം കോണ്‍ഗ്രസില്‍ അല്ലാതെ വേറെ എവിടേയെങ്കിലും നടക്കുമോ. ഇവിടെ ഒരു സ്ഥാനാര്‍ത്ഥി. രാഹുല്‍ ഗാന്ധിയുടെ ഘടാഘടിയന്‍ അനുയായികൂടിയാണ്. കഴിഞ്ഞ ദിവസം ഒരു പരസ്യം കൊടുത്തു . ജയിച്ചാല്‍ താന്‍ ബിജെപിയിലേക്ക് പോകില്ലെന്ന്. കോണ്‍ഗ്രസിന്റെ ഒരവസ്ഥ നോക്കണേ. ഇവരാണോ വര്‍ഗീയതയെ തോല്‍പ്പിക്കുന്നതെന്നും പിണറായി ചോദിച്ചു.