പാലക്കാട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ വാഹന പ്രചാരണത്തിനിടെ ബൈക്കില്‍ നിന്ന് വടിവാള്‍ വീണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

കാര്‍ഷികാവശ്യത്തിനായി ഉപയോഗിക്കുന്ന മടാളാണ് ബൈക്കില്‍ നിന്ന് വീണതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കൈമാറി.

ഒറ്റപ്പാലം മണ്ഡലത്തിലെ പുലാപ്പറ്റ ഉമ്മനഴിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ വാഹന പര്യടനത്തിനിടെ വാഹനവ്യൂഹത്തില്‍ നിന്ന് വടിവാള്‍ വീണെന്നായിരുന്നു വ്യാജ ആരോപണം. തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങള്‍ യുഡിഎഫ് സമൂഹ്യമാധ്യങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം പോലീസിനും വരണാധികാരിക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി തൃശൂര്‍ റേഞ്ച് ഐജിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വടിവാള്‍ കണ്ടെത്തിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഷാജി ഹുസൈന്‍ എന്നയാളിന്റെ സ്‌കൂട്ടറില്‍ നിന്ന് വീണത് കാര്‍ഷാകവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മടാളാണെന്നും വടിവാളല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ഷകനായ ഷാജി ഹുസൈന്‍ കൃഷിയിടത്തില്‍ നിന്ന് വാഴക്കുല വെട്ടി തൊട്ടടുത്ത കടയില്‍ നല്‍കിയ ശേഷം നേരിട്ട് പ്രചാരണ ജാഥയില്‍ അണിനിരക്കുകയായിരുന്നു.

ഉമ്മനഴിയിലെ വ്യാപാരിയായ സെയ്തലവി ഇക്കാര്യത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്. കൃഷിയിടത്തില്‍ നിന്ന് നേരിട്ടെത്തിയതിനാലാണ് മടാള്‍ സ്‌കൂട്ടിറില്‍ സൂക്ഷിച്ചത്. ഷാജി ഹുസൈന്‍ ഇതുവരെ ഒരു കേസിലും പ്രതിയല്ലെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മടാള്‍ ആയുധനിയമത്തിന്റെ പരിധിയില്‍ വരില്ല.

ഈ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്താല്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പോലീസ് നിലപാട്. വ്യാജ ആരോപണത്തിനനെതിരെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷ് ജില്ലാ പോലീസ് മേധാവിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ യുഡിഎഫ് നടത്തിയ രാഷ്ട്രീയ നാടകമാണിതെന്ന് തെളിഞ്ഞതായി സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.