ബാലാകോട്ടില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കിയവര്‍ക്ക് കന്നിവോട്ടര്‍മാര്‍ വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് വിദേശമാധ്യമപ്രവര്‍ത്തകരെ ബലാകോട്ടിലെത്തിച്ച പാക്ക് സൈന്യത്തിന്റെ നടപടി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ നയതന്ത്ര ഉദ്യോഗസ്ഥരെയും സ്ഥലത്തേക്ക് കൊണ്ട്പോയിരുന്നു. ഇന്ത്യയുടെ വ്യോമാക്രമണം നടന്ന് 43 ദിവസങ്ങള്‍ക്ക് ശേഷമാണ് പാക്ക് സൈന്യം ഇവരെ ആക്രമണം നടന്ന സ്ഥലത്ത് എത്തിച്ചത്.

വ്യോമാക്രമണം നടന്ന ജെയ്ഷെ മുഹമ്മദിന്റെ മദ്രസയും സംഘം സന്ദര്‍ശിച്ചു. ബോംബ് വീണ സ്ഥലത്ത് വലിയ ഗര്‍ത്തം കണ്ടതായി സംഘം വ്യക്തമാക്കി.

ഭീകരര്‍ ക്യാമ്പ് ചെയ്തെന്ന് പറയപ്പെടുന്ന മദ്രസയ്ക്ക് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചതിന്റെയോ പുതുക്കിപണിതതിന്റെയോ ലക്ഷണങ്ങള്‍ ഇല്ലെന്നും സംഘം പ്രതികരിച്ചു. മദ്രസയോട് ചേര്‍ന്നുള്ള ഹാളില്‍ 150 മുതല്‍ 200 കുട്ടികള്‍ വരെ മതപഠനം നടത്തിയിരുന്നതായും സംഘത്തിലുണ്ടായിരുന്ന ബിബിസി റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി. എന്നാല്‍ പ്രദേശവാസികളോട് കൂടുതല്‍ സമയം സംസാരിക്കരുതെന്ന താക്കീതോടെയാണ് സന്ദര്‍ശനം അനുവദിച്ചത്.

അതേ സമയം, പാക്കിസ്ഥാന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഇന്ത്യ പ്രതികരിച്ചു. സന്ദര്‍ശനം വൈകിപ്പിച്ചത് ആഘാതം മറച്ചുവെക്കാനാണെന്നും ഇന്ത്യ ആരോപിച്ചു.