സര്‍വേകളുടെ മറവില്‍ ദുഷ്പ്രചാരണത്തിലൂടെ ചില സ്ഥാനാര്‍ത്ഥികളെ സഹായിക്കാനുള്ള ശ്രമം നടക്കുന്നു: സുധാകര്‍ റെഡ്ഡി

തിരുവനന്തപുരം: സര്‍വെകളുടെ മറവില്‍ ദുഷ്പ്രചാരണത്തിലൂടെ ചില സ്ഥാനാര്‍ഥികളെ സഹായിക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി.

തെരഞ്ഞെടുപ്പ് സര്‍വെകളിലൊന്നും ഇടതുജനാധിപത്യ മുന്നണി വിശ്വസിക്കുന്നില്ല. 2004ല്‍ ഒരു സീറ്റും പ്രവചിക്കാതിരുന്നപ്പോഴാണ് ഇടതുജനാധിപത്യ മുന്നണി 18 സീറ്റുകള്‍ നേടിയത്.

തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ‘ഇന്ത്യന്‍ വോട്ട് വര്‍ത്തമാനങ്ങള്‍’ എന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ ബിജെപിക്ക് എതിരായ മതേതര സഖ്യം വളര്‍ത്തി എടുക്കുന്നതില്‍ ആത്മാര്‍ഥത കാട്ടാത്തത് കോണ്‍ഗ്രസാണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് എതിരെ അണിനിരന്ന കക്ഷികളെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞില്ല.

തെരഞ്ഞെടുപ്പിന് മുന്‍പായി ഒരു സഖ്യവും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചല്ല ഇടതുപക്ഷം തെരഞ്ഞെടുപ്പിന് നേരിടുന്നത്.

മോഡി സര്‍ക്കാരിനെ പുറത്താക്കാന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷ സ്വാധീനം വര്‍ധിപ്പിക്കുക എന്ന മുദ്രാവാക്യമാണ് ഇടതുപാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. അതിനുള്ള സാധ്യത വര്‍ധിച്ച് വരികയാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നരേന്ദ്രമോഡി സര്‍ക്കാര്‍ ഭരണം രാജ്യത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിച്ചത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കോര്‍പ്പറേറ്റുകളാല്‍ ഭരിക്കുന്ന കോര്‍പ്പറേറ്റുകളുടെ മാത്രമായ സര്‍ക്കാരായാണ് കേന്ദ്രഭരണം മാറിയത്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന കോര്‍പ്പറേറ്റ് വാഴ്ചയും സാമ്പത്തിക നയങ്ങളും നടപ്പിലാക്കിയത് ബിജെപി സര്‍ക്കാരാണ്. പ്ലാനിങ് കമ്മിഷനും ആര്‍ബിഐ, സിബിഐ, ഇന്‍കംടാക്‌സ് വകുപ്പുകള്‍ക്ക് പുറമേ ജുഡീഷ്യറിവരെ കൈപ്പിടിയിലൊതുക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങളും രാജ്യം കണ്ടതാണ്.

ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശവും ഇന്ത്യന്‍ ഭരണഘടനപോലും ചോദ്യം ചെയ്യപ്പെട്ടു. ദാരിദ്ര്യവും തൊഴിലില്ലായ്മയും കര്‍ഷക ആത്മഹത്യകളും രാജ്യമെമ്പാടും ഭീതീജനകമായി വര്‍ദ്ധിച്ചു.

ഈ ഘട്ടത്തിലാണ് ബിജെപി സര്‍ക്കാരിന് വെല്ലുവിളി സൃഷ്ടിച്ച് ഇടതുപാര്‍ട്ടികള്‍ ഒന്നിച്ച് രാജ്യത്തെ തിരികെ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.

മോഡിക്ക് എതിരായി ഏകീകൃത പ്രസ്ഥാനം കെട്ടിപ്പടുക്കണമെന്ന ഇടതുപക്ഷത്തിന്റെ ആഹ്വാനം ഉള്‍ക്കൊള്ളാനോ യാഥാര്‍ത്ഥ്യം മനസിലാക്കാനോ കോണ്‍ഗ്രസിനായില്ല. മാത്രമല്ല, പ്രതിപക്ഷ ഐക്യനിരയെ തുരങ്കംവയ്ക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.

കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ തമ്മിലാണ് മത്സരം നടക്കുന്നതെന്ന് വ്യക്തമാണ്. എന്നിട്ടാണ് ഇടതുപക്ഷത്തെ നേരിടാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയത്.

അദ്ദേഹത്തിന് ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന കര്‍ണ്ണാടകയിലോ ആന്ധ്രയിലോ മറ്റോ മത്സരിക്കാമായിരുന്നു. ബിജെപി അപ്രസക്തമായ കേരളത്തില്‍, ഇടതുപക്ഷത്തിന് എതിരെ മത്സരിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തിന് രാഹുല്‍ഗാന്ധി എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും സുധാകര റെഡ്ഡി ചോദിച്ചു.

വര്‍ഗീയത ഇളക്കിവിട്ടുള്ള രാഷ്ട്രീയമാണ് ബിജെപി നടത്തുന്നത്. ആരാധനയും ആചാരവും പോലെയല്ല, രാഷ്ട്രീയം. ശബരിമല വിഷയം തീര്‍ത്തും വ്യത്യസ്ഥമാണ്. സുപ്രിംകോടതി വിധി നടപ്പിലാക്കുകമാത്രമാണ് കേരള സര്‍ക്കാര്‍ ചെയ്തത്.

അത് ഒരിക്കലും വിശ്വാസി സമൂഹത്തിന് എതിരല്ല. എന്നാല്‍, ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ച് ഇടതുജനാധിപത്യ മുന്നണിക്ക് എതിരായ രാഷ്ട്രീ മുതലെടുപ്പ് ബിജെപി നടത്തിയപ്പോള്‍ അതിന് പിന്തുണ പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.

കേരളത്തില്‍ ഈ രാഷ്ട്രീയ മുതലെടുപ്പ് വിജയിക്കാന്‍ പോകുന്നില്ല. ശബരിമല വിഷയത്തിലെ എല്‍ഡിഎഫ് നിലപാട് ശരിയുടെ ഭാഗത്തു നിന്നുള്ളതാണെന്ന് വരും നാളുകളില്‍ തെളിയിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു, ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനിലും പങ്കെടുത്തു. കേസരി ട്രസ്റ്റ് സെക്രട്ടറി ആര്‍ കിരണ്‍ബാബു അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ആര്‍ ജയപ്രസാദ് സ്വാഗതം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News