മസാല ബോണ്ടിന്റെ പലിശ നിരക്ക് വായ്പയെടുക്കുന്നവരും വായ്പ കൊടുക്കുന്നവരും നേരിട്ടു ചര്‍ച്ച ചെയ്തല്ല തീരുമാനിക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്

പൊതുവിപണിയില്‍ ഇറക്കുന്ന മസാല ബോണ്ടിന്റെ പലിശ നിരക്ക് വായ്പയെടുക്കുന്നവരും വായ്പ കൊടുക്കുന്നവരും നേരിട്ടു ചര്‍ച്ച ചെയ്തല്ല തീരുമാനിക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി.

കിഫ്ബിയുടെ മസാലബോണ്ടിന്റെ പലിശനിരക്കിനെക്കുറിച്ച് വിവാദമുണ്ടാക്കുന്നവര്‍ അക്കാര്യം ആദ്യം മനസിലാക്കണമെന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ കാപിറ്റല്‍ മാര്‍ക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഉള്ള ഇഷ്യുനെറ് പ്ലാറ്റഫോം മുഖേനയാണു ഓഫറുകള്‍ സ്വീകരിക്കുന്നത്.

തുടര്‍ന്ന് ബോണ്ടിന്റെ വിതരണം യൂറോക്ലിയര്‍, ക്ലിയര്‍ സ്ട്രീം എന്ന പ്ലാറ്റുഫോമുകളിലൂടെയാണ് നടത്തപെടുന്നത്. ഇതില്‍ ഏറ്റവും കുറഞ്ഞ നിരക്കിനെ കൂപ്പണ്‍ റേറ്റായി നിശ്ചയിക്കുകയും താല്പര്യമുള്ള നിക്ഷേപകര്‍ ആ നിരക്കില്‍ ബോണ്ടുകള്‍ വാങ്ങുകയുമാണ് ചെയ്യുന്നത്.

നിരക്ക് നിശ്ചയിക്കുന്നതിലെ നടപടിക്രമം ഇത്രക്ക് സുതാര്യമാണ്. ഇത് ആരെങ്കിലും തമ്മില്‍ സ്വകാര്യമായി നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നതല്ല. പലിശ നിരക്കിനെക്കുറിച്ചാണ് അടുത്ത സംശയം. ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കുമായിരുന്നില്ലേ എന്നു സത്യസന്ധമായി സന്ദേഹിക്കുന്നവരുണ്ട്.

കേരള സര്‍ക്കാര്‍ എസ്എല്‍ആര്‍ ബോണ്ടുകള്‍ വഴി ആര്‍ബിഐ മുഖാന്തിരം വില്‍ക്കുന്ന സെക്വേര്‍ഡ് ബോണ്ടുകള്‍ക്ക് 8.17 ശതമാനമാണ് ഇപ്പോഴത്തെ പലിശ. ഈ വായ്പ്പാ നിരക്ക് ഒരു കാരണവശാലും മറ്റു ബോണ്ടുകള്‍ക്ക് വായ്പ ലഭിക്കില്ല.

കാരണം, കേന്ദ്രസര്‍ക്കാരിന്റെ സെക്യൂരിറ്റി കഴിഞ്ഞാല്‍ ഏറ്റവും സുരക്ഷിതമായിട്ടുള്ള ഒന്നാണ് എസ്എല്‍ആര്‍ ബോണ്ടുകള്‍ എന്നതാണ്. എസ്എല്‍ആര്‍ ബോണ്ടുകള്‍ വഴി സംസ്ഥാന സര്‍ക്കാരിന് വാങ്ങാവുന്ന വായ്പയ്ക്കും പരിധിയുണ്ട്. ആ പരിധിയാകട്ടെ, ഓരോവര്‍ഷവും തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. അതിനു മുകളില്‍ നമുക്കു സ്വതന്ത്രമായി വായ്പയെടുക്കാനാവില്ല.

ഈ പരിമിതിയെ മുറിച്ചുകടന്ന് ബജറ്റിനു പുറത്ത് വായ്പ സമാഹരിച്ച് വലിയ തോതില്‍ പശ്ചാത്തല സൌകര്യ സൃഷ്ടിയ്ക്ക് നിക്ഷേപം നടത്താനാണ് കിഫ്ബി രൂപീകരിച്ചിരിക്കുന്നതു തന്നെ.

നാഷണല്‍ സേവിംഗ്‌സ് സ്‌കീമില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പുവരെ 911 ശതമാം വരെ പലിശയ്ക്കാണ് വായ്പയെടുത്തിരുന്നത്. ഇപ്പോഴത് 8.4 % ശതമാനമായി കുറഞ്ഞത്. പക്ഷേ, ഈ വായ്പയും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പരിധിയ്ക്കുള്ളില്‍പ്പെടും.

കേരള സര്‍ക്കാര്‍ നബാര്‍ഡില്‍ നിന്ന് ആര്‍ഐഡിഎഫ് പദ്ധതിയ്ക്ക് എടുക്കുന്ന വായ്പയ്ക്ക് ശരാശരി 5 % ശതമാനമാണ് പലിശ. എന്നാല്‍ ഇതിന്റെ പരിധി 350 കോടിയാണ്. നബാര്‍ഡിന്റെ തന്നെ നിഡയില്‍ നിന്ന് കിഫ്ബിയെടുത്ത വായ്പയുടെ പലിശ 9.30 % ശതമാനവും വ്യത്യസ്ത ബാങ്കുകളില്‍നിന്ന് എടുത്ത വായ്പയ്ക്ക് 9.15 % ശതമാനം വരെ പലിശ നല്‍കേണ്ടി വന്നു.

ഇന്ത്യയിലെ ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ ബോണ്ടുകള്‍ വഴി ആഭ്യന്തര വിപണിയില്‍ നിന്ന് ധനസമാഹരണം നടത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയുടെ പശ്ചാത്തലസൌകര്യവികസനത്തിന് സമാഹരിച്ച കടപ്പത്രത്തിന് 10.34 % ആണ് വായ്പ നിരക്ക്.

യുഡിഎഫ് കാലത്ത് കൊച്ചി മെട്രോയ്ക്ക് എടുത്ത വായ്പയുമായി ഇതിനെ തുലനം ചെയ്ത് തെറ്റിദ്ധാരണ പരത്താനും ചിലര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. കൊച്ചി മെട്രോയ്ക്ക് 1.3 ശതമാനത്തിന് വായ്പ കിട്ടിയല്ലോ എന്നാണ് ചോദ്യം. യുഡിഎഫിന്റെ കാലത്ത് മാത്രമല്ല, ഈ സര്‍ക്കാര്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് എടുത്ത വായ്പയും 1.3 നിരക്കിലാണ്.

വിവാദചക്രം തിരിയ്ക്കുന്നവര്‍ മറച്ചുപിടിക്കുന്ന ഒരു കാര്യമുണ്ട്. ഈ വായ്പകളെല്ലാം യുറോ അല്ലെങ്കില്‍ ഡോളര്‍ വായ്പകളാണ്. എന്നു പറഞ്ഞാല്‍, ഇന്ന് നൂറു ഡോളര്‍ വായ്പയെടുക്കുന്നു എന്നിരിക്കട്ടെ. വായ്പാ കാലാവധിയായ 25 കൊല്ലം കഴിഞ്ഞാല്‍ 100 ഡോളറും പലിശയും തന്നെ മടക്കി നല്‍കണം. അന്ന് എത്രയാണോ ഡോളറിന്റെ വിനിമയ നിരക്ക് അതുതന്നെ കൊടുക്കണം.

ഉദാഹരണത്തിന് 25 കൊല്ലം മുമ്പ് നാം നൂറു ഡോളര്‍ വായ്പയെടുത്തു എന്നിരിക്കട്ടെ. 1994ല്‍ ഡോളറിന് 31 രൂപയാണ് വിനിമയ നിരക്ക്. വായ്പാ കാലാവധിയായ 25 കൊല്ലം കഴിയുമ്പോള്‍ നാം നൂറു ഡോളറും പലിശയും തിരിച്ചു കൊടുക്കേണ്ടി വരും.

ഇന്ന് 68 രൂപയാണ് ഡോളറിന്റെ രൂപയിലെ മൂല്യം. വാങ്ങുമ്പോള്‍ 3100 രൂപയുടെ മൂല്യമുണ്ടായിരുന്ന വായ്പ തിരിച്ചുകൊടുക്കുമ്പോള്‍ 6800 രൂപയായി ഉയരും. ഇതാണ് ഡോളര്‍ വായ്പകളുടെ യഥാര്‍ത്ഥ ഭാരം. പലിശയല്ല, മറിച്ച് വിനിമയ നിരക്കിലുണ്ടാകുന്ന ഈ ഇടിവാണ് വിദേശ നാണയത്തിലുള്ള വായ്പകളില്‍ ഉള്ള അപായം. പലിശ നിരക്കിലല്ല, വിനിമയനിരക്കിലുള്ള വ്യത്യാസമനുസരിച്ചാണ് ഭാരം കൂടുന്നത്.

എന്നാല്‍ മസാല ബോണ്ടുകള്‍ക്ക് ഈ പ്രശ്‌നമില്ല. രൂപയിലാണ് നാം വായ്പ വാങ്ങുന്നത്. അതിന് വിനിമയ നിരക്കിലുള്ള ചാഞ്ചാട്ടം ബാധകമല്ല. ഇത് മറച്ചുപിടിച്ചുകൊണ്ടാണ് വിവാദത്തിനിറങ്ങിയിരിക്കുന്നത്. ഡോളര്‍ നിരക്കിലുള്ള വായ്പയും രൂപയിലുള്ള വായ്പയും തമ്മില്‍ ഒരു താരതമ്യവുമില്ല എന്ന കാര്യത്തില്‍ വ്യക്തതയുള്ളവര്‍ തന്നെയാണ് വിവാദമുണ്ടാക്കുന്നതും.

ഉയര്‍ന്നുവന്നേക്കാവുന്ന ഒരു ചോദ്യത്തിനു മുന്‍കൂറായി മറുപടി പറയാം. അമേരിക്ക ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ എന്തിനാണ് ഇത്ര തിരക്കുപിടിച്ചു വായ്പയെടുക്കുന്നത്; കുറച്ചുകൂടി അനുകൂലമായ സാഹചര്യത്തിനുവേണ്ടി കാത്തിരിന്നു കൂടേ എന്ന ചോദ്യം ഉയരാം.

മസാല ബോണ്ട് വിപണിയിലിറക്കാനുള്ള ആര്‍ബിഐ അനുവാദം ലഭിക്കുന്നതിനുവേണ്ടി നാം കടന്ന കടമ്പകള്‍ അതിസങ്കീര്‍ണമാണ് എന്നു മനസിലാക്കുക. ഒടുവില്‍ 2650 കോടി രൂപയ്ക്കുള്ള അനുവാദം ആര്‍ബിഐ നല്‍കി.

എത്രയും വേഗം അതു പ്രയോജനപ്പെടുത്താനാണ് കിഫ്ബിയുടെ പ്രൊഫഷണല്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്. ആദ്യസന്ദര്‍ഭം തന്നെ ഉപയോഗിക്കണമെന്നു തന്നെയാണ് തീരുമാനിച്ചത്. 31.03 .2019 നു മുന്‍പ് പുറപ്പെടുവിക്കുന്ന മസാല ബോണ്ടുകള്‍ക്ക് കേന്ദ്ര ഗവണ്മെന്റ് വിത്‌ഹോള്‍ഡിങ് ടാക്‌സ് (5%) ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കിഫ്ബി ഈ ആനുകൂല്യവും പ്രയോജനപ്പെടുത്തി.

ഇന്ന് വിദേശ ധനവിപണിയില്‍ നമ്മുടെ കിഫ്ബി അംഗീകരിക്കപ്പെട്ടിരുന്നു. ഇനി എപ്പോള്‍ വേണമെങ്കിലും സാഹചര്യം നോക്കി കടപ്പത്രം ഇറക്കാവുന്നതേയുള്ളൂ. ഈ അവസരം നാം ഉപയോഗിക്കുന്നില്ല എങ്കില്‍ ഇത്തരമൊരു വാതില്‍ ഇനി തുറന്നു കിട്ടണമെന്നില്ല.

മറ്റൊന്നു കൂടി പറയണമല്ലോ. ആഗോള തലത്തിലും കിഫ്ബി ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പോയ സാമ്പത്തികവര്‍ഷം ഏറ്റവും മികച്ച നിക്ഷേപത്തിന് ഇന്ത്യ ഇംഗ്ലണ്ട് 2019 അവാര്‍ഡിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട അഞ്ചു സ്ഥാപനങ്ങളില്‍ ഒരെണ്ണം നമ്മുടെ കിഫ്ബിയാണ് എന്നുകൂടി മനസിലാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News