തിരുവിതാംകൂര്‍ ദിവാനായിരുന്ന ശങ്കര സുബയ്യരുടെ കുടുംബക്കാരുടെ ഭൂമിയും വീടും കളള വില്‍പത്രം തയ്യാറാക്കി ആര്‍എസ്എസ് പോഷക സംഘടനയായ സേവാഭാരതി തട്ടിയെടുത്തു എന്നാണ് ആക്ഷേപം

വഴുതക്കാട് ടാഗോര്‍ തീയേറ്ററിന് എതിര്‍വശത്തുളള സുന്ദരവിലാസം ബംഗ്‌ളാവ് തിരുവതാകൂര്‍ ദിവാനായിരുന്ന ശങ്കര സുബ്ബയ്യര്‍ പണി കഴിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ നാലാം തലമുറയില്‍ പെട്ട എസ്.മുത്തുകൃഷ്ണന്റെയും സഹോദരി പൊന്നമ്മാളിന്റെയും പേരിലായിരുന്നു വഴുതക്കാട് ഉളള 27 സെന്റ് സ്ഥലവും വീടും .തലസ്ഥാനത്ത് താമസിക്കുകയായിരുന്ന പൊന്നമ്മാളിന് മക്കളില്ല.

ഇതിനിടിയിലാണ് സേവാഭാരതിക്ക് വേണ്ടി തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണന്‍ വീടിന്റെ ഒരു ഭാഗം വാടകക്ക് എടുക്കുന്നത്. എന്നാല്‍ പൊന്നമ്മാളിന്റെ മരണശേഷം ആര്‍എസ്എസ് സംഘടനയായ സേവാഭാരതി അവരുടെ കളള വില്‍പത്രം കൃതൃമമായി സൃഷ്ടിച്ച് വീടും സ്ഥലവും തട്ടിയെടുത്തു എന്നാണ് ആക്ഷേപം. പൊന്നമ്മാളിന്റെ സഹോദരന്റെ മകനായ കോയമ്പത്തൂര്‍ സ്വദേശി അഡ്വ.ശങ്കരമണിയാണ് പരാതിക്കാരന്‍.

കൈയ്യേറ്റക്കാര്‍ കെട്ടിടത്തില്‍ പ്രവേശിക്കരുതെന്ന് തിരുവനന്തപുരം മുന്‍സിഫ് കോടതി ഉത്തരവ് ഉണ്ടായിട്ടും അതൊന്നും വകവെക്കാതെ കൈയ്യൂക്ക് കൊണ്ട് കെട്ടിടം കൈവശപെടുത്തിരിക്കുകയാണ് ആര്‍എസ്എസ് അനുകൂല സംഘടന.

കെട്ടിടം കൈയ്യേറിയതിന്റെ പേരില്‍ സേവാഭാരതിയുമായി ബന്ധമുളള ഡോ.പ്രസന്നമൂര്‍ത്തി, രാധാകൃഷ്ണന്‍ അടക്കം നാല് പേര്‍ക്കെതിരെ മ്യൂസിയം പോലീസ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തു.

കൈയ്യേറ്റ ഭൂമിയില്‍ ഒരു ബധിര വിദ്യാലയം ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍എസ്എസ് പോഷക സംഘടനയാണ് സേവാഭാരതി.എന്നാല്‍ ആക്ഷേപങ്ങള്‍ വ്യാജമാണെന്നായിരുന്നു സേവാഭാരതി ഭാരവാഹികള്‍ പീപ്പിളിനോട് പറഞ്ഞത്