ദില്ലി: മെയ് 15 വരെ ലഭിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രീംകോടതി ഉത്തരവ്.

മെയ് 31നുള്ളില്‍ കണക്കുകള്‍ മുദ്രവച്ച കവറില്‍ നല്‍കണമെന്നാണ് കോടതി നിര്‍ദേശം. വിശദമായി പിന്നീട് വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയാണ് രഹസ്യമായി രാഷ്ട്രീയ കക്ഷികളുടെ അക്കൗണ്ടിലെത്തുന്നതെന്നും ഇതില്‍ 95 ശതമാനവും ഭരണകക്ഷിക്കാണ് ലഭിക്കുന്നതെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു.

എന്നാല്‍, രാഷ്ട്രീയ കക്ഷികള്‍ക്ക് കള്ളപ്പണം എത്തുന്നത് തടയാനാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി ആവിഷ്‌ക്കരിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വാദിച്ചത്.

സിപിഐഎം, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നിവരാണ്  തെരഞ്ഞെടുപ്പ് ബോണ്ടിനെ ചോദ്യം ചെയ്ത്  ഹര്‍ജി നല്‍കിയത്.

വിധിയെ സിപിഐഎം പൊളിറ്റ് ബ്യൂറോ സ്വാഗതം ചെയ്തു. ഇലക്ട്രല്‍ ബോണ്ട് വിഷയത്തിന്റെ ഗൗരവത്തെ ഉള്‍ക്കൊള്ളുന്നതാണ് ഇടക്കാല വിധിയെന്നും കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും സിപിഐഎം പിബി പ്രസ്താവനയില്‍ പറഞ്ഞു.