തിരുവനന്തപുരം: തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന് വടിവൊത്തെ ഭാഷയില്‍ സംസാരിക്കാനറിയില്ല. സാധാരണക്കാരന്റെ ഭാഷയേ അറിയൂ. അതില്‍ അടിസ്ഥാന സൗകര്യങ്ങളും, പട്ടിണിയും ഭക്ഷണവും ഒക്കെയാവും വിഷയം.

അത്തരത്തില്‍ കണ്ണുനനയിക്കുന്ന തന്റെ അനുഭവം ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ വിവരിച്ചത് ഇപ്പോള്‍ കേരളം ഏറ്റെടുക്കുകയാണ്.

ആ വാക്കുകള്‍ ഇങ്ങനെയാണ്.

”കുട്ടിക്കാലത്ത് സ്‌കൂളില്‍ പോകുമ്പോള്‍ രാവിലെ വീട്ടില്‍ നിന്ന് ആഹാരമില്ലാതെ പോകും. ഉച്ചയ്ക്ക് മറ്റുകുട്ടികള്‍ ആഹാരം കഴിക്കാനിരിക്കുമ്പോള്‍ ആഹാരം ഇല്ലാത്ത എന്നെപ്പോലുള്ളവര്‍ പുറത്തിറങ്ങിപ്പോവുമായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചഭക്ഷണം ഇല്ലാത്തവര്‍ ആരൊക്കെയുണ്ട് എന്ന് അധ്യാപകന്‍ ചോദിച്ചു.

ഞാന്‍ കൈപൊക്കി. നിങ്ങള്‍ക്ക് വേണ്ടി ഒരു ട്രസ്റ്റ് പച്ചരിച്ചോറും ചമ്മന്തിയും നല്‍കാമെന്നേറ്റിട്ടുണ്ടെന്ന് അധ്യാപകന്‍ അറിയിച്ചു.

പത്താം ക്ലാസ്സ് വരെ ഞാന്‍ ആ ഭക്ഷണം കഴിച്ചു. അന്ന് ഞാന്‍ ചിന്തിച്ചു, എന്നെങ്കിലും അധികാരം കിട്ടിയാല്‍ ആഹാരം കഴിക്കാന്‍ വകയില്ലാത്ത കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം.

അങ്ങനെയാണ് വിഎസ് സര്‍ക്കാരിന്റെ കാലത്ത്, ഞാന്‍ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നപ്പോള്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞിക്ക് പകരം, ചോറും കറിയും ഏര്‍പ്പാടാക്കാനുള്ള ആലോചന തുടങ്ങുന്നത്”.

സി ദിവാകരന്റെ ഈ ഇന്റര്‍വ്യൂവിന്റെ ഭാഗമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.