നീചമായി നുണ പറയുന്ന ഒരാളായി ഞാനൊരിക്കലും പ്രേമചന്ദ്രനെ പ്രതീക്ഷിച്ചിട്ടില്ല. പക്ഷേ, തെരഞ്ഞെടുപ്പു ജയിക്കാന്‍ നുണപ്രചരണത്തെ മാത്രം ആശ്രയിക്കേണ്ടി വരുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പതനത്തെയാണ് സൂചിപ്പിക്കുന്നത്.

ശബരിമലയിലെപ്പോലെ പളളികളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണദ്ദേഹം. ഈ പ്രചരണത്തിനെതിരെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ എല്‍ഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്നു പ്രേമചന്ദ്രന്‍.

അന്ന് അക്കാര്യത്തില്‍ എന്തെങ്കിലും എതിരഭിപ്രായം പ്രേമചന്ദ്രനോ അദ്ദേഹത്തിന്റെ പാര്‍ടിയോ പറഞ്ഞിരുന്നില്ല. അന്നും ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ സര്‍ക്കാരോ പാര്‍ടിയോ ശ്രമിച്ചിട്ടില്ല.

താല്‍പര്യമുള്ളവര്‍ക്ക് പോകാന്‍ അവസരമുണ്ടാകണം എന്നാണ് അന്നും ഇന്നും നിലപാട്. ആ നിലപാടിനൊപ്പമായിരുന്നു അന്ന് പ്രേമചന്ദ്രന്‍. എന്നിട്ടാണിപ്പോള്‍ നട്ടാല്‍കുരുക്കാത്ത നുണയുമായി ഇറങ്ങിയത്.

ഇരുട്ടി വെളുക്കുമ്പോള്‍ നിലപാടു മാറ്റി മറുചേരിയില്‍ ചേക്കേറുന്നവര്‍ക്ക് നുണ പറയാതെ പിടിച്ചുനില്‍ക്കാനാവില്ല. പ്രേമചന്ദ്രനും അക്കാര്യത്തില്‍ വ്യത്യസ്തനൊന്നുമല്ല.

അമ്പലങ്ങളിലും പള്ളികളിലും ആളെ കയറ്റുന്നതോ വിലക്കുന്നതോ എല്‍ഡിഎഫ് സര്‍ക്കാരിന്റെയോ ഇടതുപക്ഷത്തിന്റെയോ പണിയല്ല. അക്കാര്യങ്ങളില്‍ നിലപാടും അഭിപ്രായവുമുണ്ടാകും. ആരെയും ഭയക്കാതെ അതു പറയുകയും ചെയ്യും.

ആ നിലപാടിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്‌തെന്ന് നുണ പറയുന്നതും വര്‍ഗീയവികാരം ഇളക്കിവിടാനാണ്.

അങ്ങനെ പത്തോട്ടു കിട്ടിയാലേ ജയിക്കൂ എന്ന അവസ്ഥയിലായിട്ടുണ്ട്, കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജനങ്ങളോടു പറയാന്‍ പ്രത്യേകിച്ചു രാഷ്ട്രീയവും നിലപാടുകളുമൊന്നുമില്ലാതെ വരുമ്പോള്‍ ഇത്തരം തറവേലകള്‍ പ്രയോഗിക്കേണ്ടി വരും.

ഇന്ത്യന്‍ ഭരണഘടന അപ്രസക്തമാക്കുമെന്ന് വെല്ലുവിളിക്കുകയാണ് ബിജെപി. നിയമപണ്ഡിതന്‍ കൂടിയായ പ്രേമചന്ദ്രന് ഒരു വിമര്‍ശനവുമില്ല. രാജ്യത്തിന്റെ നിലനില്‍പ്പിനു ഒട്ടേറെ വെല്ലുവിളികള്‍ സംഘപരിവാര്‍ ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞു.

ചെറുത്തുനില്‍പ്പിന്റെയോ പ്രതിഷേധത്തിന്റെയോ ഒരുവാക്കുപോലും തന്റെ വായില്‍ നിന്നു വീഴാതിരിക്കാന്‍ എന്തൊരു കരുതലാണ് പ്രേമചന്ദ്രന്. ന്യൂനപക്ഷവേട്ടയുടെ കൂടുതല്‍ ഹിംസാത്മകമായ മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ് സംഘപരിവാര്‍.

അരുതെന്നൊരു വാക്ക് പ്രേമചന്ദ്രനില്‍ നിന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ? തടയാന്‍ താനുമുണ്ടാകുമെന്ന് വെറുംവാക്കായെങ്കിലും എവിടെയെങ്കിലും അദ്ദേഹം പറഞ്ഞിട്ടുണ്ടോ?

എല്ലാ ഫാസിസ്റ്റുകള്‍ക്കും നുണപ്രചരണം സര്‍വപ്രധാനമായ ആയുധമാണ്.

ഇന്ത്യയിലും മറിച്ചല്ല അനുഭവം. ഈ ഫാസിസ്റ്റുകളുമായി ഒളിഞ്ഞും തെളിഞ്ഞും ബാന്ധവമുള്ള പ്രേമചന്ദ്രനും നുണപ്രചരണത്തില്‍ അഭയം പ്രാപിക്കുന്നത് സ്വാഭാവികം.

എന്നാല്‍ പ്രേമചന്ദ്രന് നുണ പറഞ്ഞ് കീഴ്‌പ്പെടുത്താന്‍ പറ്റുന്ന ജനതയല്ല കൊല്ലത്തുള്ളത്. അത് ഇക്കുറി മനസിലാകും.