കോര്‍പറേറ്റ് കമ്പനികളെ സഹായിക്കുന്ന ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബദല്‍ നയത്തിനായി പ്രക്ഷോഭത്തിനാഹ്വാനംചെയ്ത് പുല്‍പ്പള്ളിയില്‍ ഉജ്വല കര്‍ഷക പാര്‍ലമെന്റും റാലിയും

കര്‍ഷകരെ ബലിയാടാക്കി കോര്‍പറേറ്റ് കമ്പനികളെ സഹായിക്കുന്ന ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബദല്‍ നയത്തിനായി പ്രക്ഷോഭത്തിനാഹ്വാനംചെയ്ത് പുല്‍പ്പള്ളിയില്‍ ഉജ്വല കര്‍ഷക പാര്‍ലമെന്റും റാലിയും.

ഇടത് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ അണിനിരന്ന കര്‍ഷകമുന്നേറ്റം കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള താക്കീതായി മാറി.

ഒരു കാലത്ത് മിനി ദുബായി എന്നറിയപ്പെട്ട, പിന്നീട് കര്‍ഷകരുടെ ശവപ്പറമ്പായി മാറിയ പുല്‍പ്പള്ളിയുടെ ചുവന്ന മണ്ണില്‍ പുതിയ പോരാട്ടത്തിന്റെ പ്രഖ്യാപനമായി കാര്‍ഷിക പാര്‍ലമെന്റും റാലിയും.

വര്‍ഷങ്ങള്‍ക്കുമുമ്പ് പുല്‍പ്പള്ളിയില്‍ നിന്നാരംഭിച്ച് രാജ്യമാകെ പടര്‍ന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ടത്തിന് ഇവിടെ തുടക്കമാവുകയാണ്.

ഉച്ചക്ക് രണ്ടരയോടെ തുടങ്ങിയ പാര്‍ലമെന്റില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരന്നു. അഖിലേന്ത്യാ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ്, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വിജു കൃഷ്ണന്‍, സത്യന്‍ മൊകേരി തുടങ്ങിയവര്‍ സംസാരിച്ചു.

കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് ടി ബി സുരേഷ് സ്വാഗതവും എം എസ് സുരേഷ്ബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് നഗരം ചെങ്കടലാക്കിയ റാലി കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ഉജ്വല കര്‍ഷകമുന്നേറ്റമായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ റാലി ഉദ്ഘാടനംചെയ്തു.

കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക ആത്മഹത്യകളും മറികടക്കാനുള്ള ബദല്‍ വികസന നയം നടപ്പാക്കാന്‍ ഉതകുന്ന കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ കാര്‍ഷിക പാര്‍ലമെന്റ് ആഹ്വാനംചെയ്തു.

നവഉദാരവല്‍ക്കരണത്തിന്റ വക്താവായ രാഹുല്‍ ഗാന്ധി വോട്ട് ചോദിക്കും മുമ്പ് വയനാട്ടുകാരോട് മാപ്പ് പറയണമെന്ന് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.

1991 ല്‍ കോണ്‍ഗ്രസ് നടപ്പാക്കിയ ഉദാരവല്‍ക്കരണ നയങ്ങളാണ് കര്‍ഷക ജീവിതം തകര്‍ത്തത്. ഈ നയത്തിന്റെ ഇരകളായ നാലര ലക്ഷം കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യചെയ്തു.

പിന്നീട് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരും കര്‍ഷകദ്രോഹ നടപടികളുമായി മുന്നോട്ടുപോയി. ജീവിക്കാനുള്ള അവകാശത്തിനായി തെരുവിലിറങ്ങിയ കര്‍ഷകര്‍ക്കുനേരെ വെടിയുതിര്‍ത്തു.

ഉദാരവല്‍ക്കരണ വിരുദ്ധ ബദല്‍ വികസന നയം അംഗീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ മുന്നണി കേന്ദ്രത്തില്‍ ശക്തിപ്പെട്ടാല്‍ മാത്രമേ കര്‍ഷക പ്രതിസന്ധി മറികടക്കാനും കര്‍ഷക ആത്മഹത്യ അവസാനിപ്പിക്കാനും സാധിക്കുകയുള്ളൂ. കര്‍ഷകരുടെയും തൊഴിലാളികളുടെയും ഉടമസ്ഥതയിലുള്ള കാര്‍ഷിക വ്യവസായശാലകളും വിപണനശാലകളും ആരംഭിക്കണം.

വന്‍കിട കമ്പനികളുടെയും അവയുടെ ഇടത്തട്ടുകാരുടെയും ചൂഷണമില്ലാതെ എല്ലാ വിളകള്‍ക്കും ആദായവില ഉറപ്പുവരുത്താന്‍ കഴിയുന്ന സഹകരണ കൃഷിമാതൃക വികസിപ്പിക്കാന്‍ ഇത് അനിവാര്യമാണെന്നും പാര്‍ലമെന്റ് പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.

മാറി മാറി കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്ബിജെപി സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളാണ് കാര്‍ഷിക തകര്‍ച്ചക്ക് കാരണം. എം എസ് സ്വാമിനാഥന്‍ കമീഷന്‍ നിര്‍ദേശിച്ച ഓരോ വിളയ്ക്കും 50 ശതമാനം അധികം മിനിമം താങ്ങുവില നല്‍കുക, സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ കാര്‍ഷിക സംസ്‌കരണ വ്യവസായങ്ങളും വിപണനശാലകളും ആരംഭിച്ച് കൃഷിയുടെ കമ്പനിവല്‍ക്കരണം തടയുക തുടങ്ങിയ ബദല്‍ നയങ്ങള്‍ ഇരുമുന്നണികളും മുന്നോട്ടുവയ്ക്കുന്നില്ല.

ഇത് ഈ പാര്‍ടികള്‍ തുടരുന്ന കര്‍ഷകവഞ്ചനയുടെ തെളിവാണ്. മറുഭാഗത്ത് ഇടതുപക്ഷ ജനാധിപത്യ പാര്‍ടികളുടെ പ്രകടനപത്രികകളില്‍ മേല്‍ നയം നടപ്പിലാക്കുമെന്ന് ഉറപ്പുനല്‍കുന്നു.

കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക ആത്മഹത്യകളും മറികടക്കാനുള്ള ബദല്‍ വികസന നയം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാനുള്ള പ്രക്ഷോഭത്തില്‍ അണിനിരക്കണമെന്ന് കര്‍ഷകരോട് കര്‍ഷക പാര്‍ലമെന്റ് ആഹ്വാനംചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News