ബാബു പോള്‍, സാംസ്‌കാരിക ഭരണ രംഗങ്ങളില്‍ വ്യത്യസ്ത മുദ്ര പതിപ്പിച്ച വ്യക്തിത്വം

ഏറണാകുളം ജില്ലയിലെ കുറുപ്പുംപടിയില്‍ 1941 ആണ് ജനനം. കുറുപ്പുംപടി എംജിഎം ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ആലുവ യുസി കോളേജ്, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം. ഹൈസ്‌കൂളില്‍ തിരുവിതാംകൂര്‍ മഹരാജാവിന്റെയും സര്‍വകലാശാലയില്‍ കേന്ദ്രസര്‍ക്കാരിന്റെയും സ്‌കോളര്‍ഷിപ്പോടെ പഠനം.

എഞ്ചിനീയറിംഗും ബിരുദാനന്തര ബിരുദവും നേടിയതിന് ശേഷം 1964 ല്‍ ഐഎഎസില്‍ പ്രവേശിച്ചു. എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നി നിലകളില്‍ പ്രശസ്തി നേടി.

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പ്രോജക്ട് കോര്‍ഡിനേറ്ററും സ്‌പെഷ്യല്‍ കളക്ടറുമായി 1971 മുതല്‍ പ്രവര്‍ത്തിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്ന 1972 മുതല്‍ 75 വരെ അവിടെ ജില്ലാ കളക്ടറായി പ്രവര്‍ത്തിച്ചു.

വല്ലാര്‍പാടം പദ്ധതിക്ക് ഹരിശ്രി കുറിച്ചപ്പോള്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ചെയര്‍മാന്‍ ആയിരുന്നു അദ്ദേഹം. സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ചീഫ് സെക്രട്ടറി പദവിയില്‍ നിന്നും സ്വമേധയ വിരമിച്ച് 2001 സെപ്തംബര്‍ വരെ ഓംബുഡ്‌സ്മാന്‍ ആയി പ്രവര്‍ത്തിച്ചു.

കഥ ഇതുവരെ, സംഭവായാമി യുഗെ യുഗെ, പള്ളിക്കെന്തിന് പള്ളിക്കൂടം, ഉല്‍പത്തി രഹസ്യം, കുട്ടികളുടെ ബൈബിള്‍, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍, സ്മരണ, ഗിരിപര്‍വം തുടങ്ങി മുപ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്.

ബൈബിള്‍ വിജ്ഞാനകോശമായ വേദശദബ്ദ രത്‌നാകരം 2000 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യഅക്കാദമി പുരസ്‌കാരം നേടി. വിവിധ മാധ്യമങ്ങളില്‍ അദ്ദേഹം ഏറെ നാള്‍ പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു.

ബൈബിള്‍ പണ്ഡിതന്‍ കൂടി ആയിരുന്ന ബാബു പോള്‍ നിലപാടുകളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ആളായിരുന്നു. പാവപ്പെട്ടവരെക്കുറിച്ച് എപ്പോഴും കരുതല്‍ ഉള്ള വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്റേത്.

ദാനം മഹത്കര്‍മം ആണെന്നും അത് നഗരസഭയുടെ ഘരമാലിന്യ നിര്‍മ്മാജനം പോലെ വേണ്ടാത്തത് ഒഴിവാക്കല്‍ അല്ലെന്നും ബാബു പോള്‍ തന്റെ മിക്ക പ്രഭാഷണങ്ങളിലും ഓര്‍മ്മിപ്പിച്ചിരുന്നു.

പിറന്നാളിന് സദ്യയൊരുക്കി അനാഥാലയത്തില്‍ കൊടുക്കുന്നതും തടി വെക്കുമ്പോള്‍ ചേരാതെ വരുന്ന വസ്ത്രം ദാനം ചെയ്യുന്നതും ദാനം അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പിറന്നാള്‍ ദിനത്തില്‍ അനാഥലയത്തില്‍ അനാഥര്‍ക്കൊപ്പം സദ്യ ഉണ്ണുമ്പോഴെ അത് ദാനമാകു അല്ലെങ്കില്‍ അവരെ സ്വന്തം വീട്ടില്‍ വിളിച്ചു വരുത്തി ഭക്ഷണം നല്‍കുമ്പോഴോ തനിക്ക് പ്രിയപ്പെട്ട വസ്ത്രം അവര്‍ക്ക് നല്‍കുമ്പോഴോ മാത്രമേ അത് ദാനമാകു എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ശരി തെറ്റുകള്‍ എന്തായലും ആരെയും കൂസാതെ അത് വിളിച്ചു പറയാന്‍ ബാബു പോള്‍ മടി കാണിച്ചിരുന്നില്ല. അത് എത്ര ഉന്നതരായാലും.

ബാബു പോള്‍ ഓര്‍മ്മയാകുമ്പോള്‍ അത് സാംസ്‌കാരിക ഭരണരംഗങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ മുദ്ര പതിപ്പിച്ചു കൊണ്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News