ഒരു രക്ഷയുമില്ല ; മുംബൈയിലും തരംഗമായി മധുരരാജ

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജ മുംബൈയിലെ തീയേറ്ററുകളെയും ഇളക്കി മറിക്കുകയാണ്. ലൂസിഫര്‍ സൃഷ്ടിച്ച തരംഗം കെട്ടടങ്ങുന്നതിന് മുന്‍പേയാണ് മലയാളത്തിലെ മറ്റൊരു സൂപ്പര്‍ താര ചിത്രമെത്തി മുംബൈ മലയാളി പ്രേക്ഷകര്‍ക്ക് ആവേശം പകര്‍ന്നിരിക്കുന്നത്.

വേനലവുധി ആഘോഷിക്കാന്‍ മാളുകളില്‍ കറങ്ങി നടക്കുന്നവരുടെ പ്രയോറിറ്റി ലിസ്റ്റില്‍ ഇടം നേടിയിരിക്കയാണ് മധുരരാജയും. മുംബൈയിലെ പ്രധാനപ്പെട്ട 41 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചു വരുന്നത്. വാരാന്ത്യ പ്രദര്‍ശനങ്ങളുടെ ബുക്കിംഗ് വളരെ വേഗത്തിലാണ് നടന്നു കൊണ്ടിരിക്കുന്നതെന്നാണ് രഘുലീല മാളില്‍ ഇനോക്‌സിലെ കൗണ്ടര്‍ സെയില്‍സ് മാനേജര്‍ വ്യക്തമാക്കിയത്.

‘ഒരു രക്ഷയുമില്ല, പൊളിച്ചടുക്കി’ എന്നാണ് വാഷിയിലെ രഘുലീലയില്‍ നിന്ന് മധുരരാജ കണ്ടിറങ്ങിയ പന്‍വേലില്‍ താമസിക്കുന്ന സതീഷ് നായരുടെ ആദ്യ പ്രതികരണം. ഒരു മോഹന്‍ലാല്‍ ഫാനാണെങ്കിലും ഇക്കുറി കൂറ് മമ്മൂട്ടിയോടായിരുന്നു. ജോലിത്തിരക്കിനിടയില്‍ ലൂസിഫര്‍ കാണുവാന്‍ കഴിഞ്ഞില്ലെങ്കിലും മധുരരാജയുടെ ആദ്യ ഷോ തന്നെ കാണുവാന്‍ കഴിഞ്ഞ ത്രില്ലിലാണ് ഈ പാലക്കാട്ടുകാരന്‍.

എന്നാല്‍ കൊച്ചിക്കാരി ത്രേസ്യ ഫിലിപ്പീന് കഴിഞ്ഞ മാസം കണ്ട പേരന്പ് തീര്‍ത്ത നൊമ്പരം ഇനിയും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ടിയാണ് ഈ ചിത്രം കാണാനെത്തിയതെന്നാണ് മുംബൈയിലെ ഒരു പരസ്യ കമ്പനിയില്‍ ജോലി നോക്കുന്ന ത്രേസ്യ കുമ്പസരിച്ചത്. കുട്ടികള്‍ക്ക് നന്നേ രസിച്ചത്രെ.

ഒരു സ്‌പൈഡര്‍മാന്‍ കാണുന്ന ത്രില്ലിലാണ് അവര്‍ ചിത്രം ആസ്വദിച്ചതെന്നു പറയുമ്പോഴും ഇഷ്ടം പേരന്പനിലേയും അമരത്തിലെയും മമ്മൂട്ടിയെയാണെന്ന കാര്യവും അവര്‍ മറച്ചു വച്ചില്ല.

പ്രേക്ഷരില്‍ ഭൂരിഭാഗവും കുടുംബസമേതമാണ് ചിത്രം കാണാനെത്തുന്നത്. ഇത്തരം ചിത്രങ്ങള്‍ വലിയ സ്‌ക്രീനില്‍ ഒന്നിച്ചിരുന്നു കാണുന്നതിന്റെ ത്രില്‍ ഒന്ന് വേറെ തന്നെയാണെന്നാണ് കോട്ടയം സ്വദേശി വര്‍ഗീസ് ഡാനിയല്‍ പറയുന്നത്.

ഇത്തവണ അവുധിക്ക് നാട്ടിലേക്ക് പോകുന്നില്ല, അത് കൊണ്ടാണ് മുംബൈയില്‍ തന്നെ ചിത്രം കാണുവാനെത്തിയതെന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പൊള്ളുന്ന ചൂട് മുംബൈയില്‍ പലരുടെയും അവധിക്കാല പദ്ധതികള്‍ക്കാണ് വ്യതിയാനമുണ്ടാക്കിയത്.

മലയാളത്തിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ മുംബൈയിലെ മലയാള സിനിമാ ബോക്‌സ് ഓഫീസിനെ അക്ഷരാര്‍ഥത്തില്‍ കൈപ്പിടിയില്‍ ഒതുക്കിയതോടെ മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് നഗരത്തില്‍ കാലിടറിയത്.

ഏറെ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയ തമിഴിലെ പേരന്പിനും തെലുങ്കിലെ യാത്രക്കും ശേഷം മമ്മൂട്ടി വീണ്ടും അതിമാനുഷിക കഥാപാത്രമായെത്തുന്ന ചിത്രം കൂടിയാണ് മധുരരാജ.

ഇത്തരം മാസ് കഥാപാത്രങ്ങളുടെ കുത്തകാവകാശം രണ്ടു നടന്മാര്‍ക്ക് മാത്രമായി മലയാളികള്‍ പതിച്ചു നല്‍കിയതിന്റെ തെളിവ് കൂടിയാണ് മധുരരാജയുടെയും ലൂസിഫറിന്റെയും ബോക്‌സ് ഓഫീസ് വിജയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News