എണ്‍പത്തിനാലു വയസ്സുവരെ മരിക്കില്ലെന്ന് ബാബു പോള്‍ സാര്‍ ഉറച്ചു വിശ്വസിച്ചു; എഴുപത്തിയെട്ടാം വയസ്സില്‍ മരണം ആകസ്മികമായി കടന്നുവന്നപ്പോള്‍ നഷ്ടപ്പെട്ടത് നമുക്കാണ്

ഇത്ര പെട്ടെന്ന് ഈ ലോകത്തുനിന്നു വേര്‍പിരിയേണ്ടിവരുമെന്ന് ഡോ. ബാബു പോള്‍ ഒരിക്കലും കരുതിയിരുന്നില്ല. അതേസമയം, ഏതു നിമിഷവും പോകാന്‍ സാര്‍ സന്നദ്ധനായിരുന്നു താനും.

ദിവസത്തില്‍ ഒന്നിലേറെ തവണ സാറുമായി സംസാരിക്കുന്ന ശീലമാണ് എനിക്കുണ്ടായിരുന്നത്. അയ്യപ്പപ്പണിക്കര്‍ സാറിന്റെ മരണത്തിനുശേഷം മനസ്സിലേക്കു കയറിവരുന്ന ഏതു സംശയവും ചോദിക്കാന്‍ എനിക്ക് സാറാണ് ഉണ്ടായിരുന്നത്.

ഈ സംഭാഷണങ്ങള്‍ക്കിടയില്‍ അദ്ദേഹം എന്തൊക്കെ പറഞ്ഞിരിക്കുന്നു! തന്റെ ജീവിതത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച്, എന്തിനേറെ നൈമിഷികമെന്നു തോന്നുന്ന നിസ്സാരകാര്യങ്ങളെക്കുറിച്ചുപോലും നിറയേ സംസാരിച്ചു ബാബു സാര്‍.

താന്‍ 84 വയസ്സുവരെ ജീവിച്ചിരിക്കും എന്നായിരുന്നു സാറിന്റെ വിശ്വാസം. ജാതകപ്രകാരം അതായിരുന്നു സാറിന്റെ ആയുസ്സ്. ഏതോ ജ്യോതിഷിയാണ് അതു പറഞ്ഞത്. സാര്‍ അതില്‍ ഉറച്ചു വിശ്വസിച്ചു.

അതുകൊണ്ടാവാം ദിവസങ്ങള്‍ക്കുമുമ്പ് ആശുപത്രിയില്‍ പോകുമ്പോള്‍ സാര്‍ ആരെയും അറിയിച്ചില്ല. തന്റെ രോഗാവസ്ഥയെക്കുറിച്ച് ഗൗരവമായ എന്തെങ്കിലും ചിന്തയോ അലോസരമോ ആശങ്കയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. കാലിലെ നീരായിരുന്നു സാറിനെ ആശുപത്രിയിലേക്കെത്തിച്ചത്. പ്രമേഹം ഏറെക്കാലമായി സാറിനുണ്ടായിരുന്ന സുഹൃത്താണ്.

സമൂഹത്തിന് ഇനിയുമേറെ സംഭാവന തനിക്കു ചെയ്യാനുണ്ടെന്ന് സാറിന് അറിയാമായിരുന്നു. ബൈബിള്‍ സംബന്ധിച്ച് താന്‍ തുടങ്ങിവച്ച ദൗത്യം പാതിവഴിയാക്കിയാണ് അദ്ദേഹം കടന്നുപോയത്.

മരണം അടുത്തെത്തി എന്നു തോന്നിയിരുന്നെങ്കില്‍ അദ്ദേഹത്തെപ്പോലെ ആസൂത്രണമികവുള്ള ഒരാള്‍ ആ ദൗത്യം തീര്‍ത്ത് മരണത്തെ കാത്തിരുന്നേനേ.

അവസാനഘട്ടത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളില്‍ കാതലായ മാറ്റം എനിക്കു ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ദൈവത്തെക്കുറിച്ചുള്ള സങ്കല്പം തന്നെ.

കോടാനുകോടി വര്‍ഷം പഴക്കമുള്ള ഈ പ്രകൃതിയില്‍ 70 80 വര്‍ഷം ജീവിക്കുന്ന ഒരു മനുഷ്യന് അവന്‍ ചെയ്ത ഏതോ തെറ്റുകള്‍ക്ക് നരകം കിട്ടുമോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. അവനു മാപ്പുകൊടുക്കാതെ നിത്യനരകം വിധിക്കാന്‍ ദൈവത്തിനു കഴിയുമോ എന്നും.

അങ്ങനെ വിധിക്കുന്ന ഒരു ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ചില സംശയങ്ങള്‍ അദ്ദേഹത്തെ അലട്ടിത്തുടങ്ങിയിരുന്നു എന്നര്‍ത്ഥം.

സഭയുടെ കാര്യദര്‍ശികളിലൊരാളും ഉറച്ച ദൈവവിശ്വാസിയും ബൈബിള്‍ പണ്‍ഡിതനുമായിരുന്ന സാറിന്റെ വേറിട്ടൊരു ഭാവമാണ് ഇതിലൂടെ എനിക്കു ദര്‍ശിക്കാന്‍ കഴിഞ്ഞത്.

ഈ പ്രതലത്തില്‍ ചില സംവാദങ്ങള്‍ക്ക് താന്‍ സന്നദ്ധനാണ് എന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചിരുന്നു. ആകസ്മികമായ മരണം ബാബു പോള്‍ സാറില്‍നിന്നു ലഭിക്കുമായിരുന്ന ജീവിതദര്‍ശനത്തിന്റെ പ്രോജ്വലമായ എത്രയോ അധ്യായങ്ങളാണ് നഷ്ടമാക്കിയത്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News