കൊല്ലം: പാവപ്പെട്ടരോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും വേണ്ടി വര്‍ഷങ്ങളായി ഡിവൈഎഫ്ഐ നടത്തിവരുന്ന പൊതിച്ചോറ് വിതരണത്തില്‍ കല്ലിട്ട് വാരി യുഡിഎഫ്.

കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്ഐ നടത്തിവന്ന പൊതിച്ചോറ് വിതരണം തെരഞ്ഞെടുപ്പായതുകൊണ്ട് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്‍ ഇടപെട്ടാണ് പരാതി നല്‍കിയത്. അന്നം മുട്ടിക്കാനുള്ള പ്രേമചന്ദ്രന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ആശുപത്രിയില്‍ വന്ന ജനങ്ങള്‍ പറയുന്നു:

വര്‍ഷങ്ങളായി ഒരു മുടക്കവുമില്ലാതെ എത്തിയിരുന്ന ചോറാണ്. ഏത് മഴയത്തും ഏത് വെയിലത്തും ഇവിടെ ചോറെത്തിച്ചിട്ടുണ്ട്. ഞങ്ങളാരും അപ്പോള്‍ വിശപ്പ് അറിഞ്ഞിട്ടില്ല. ഇത് നിര്‍ത്താന്‍ പാടില്ല. ഇത്രേം പാവപ്പെട്ടവരാ ഇവിടെയുള്ളത്. പാവപ്പെട്ട മക്കള് നാനാവീട്ടിലും പോയി കൈനീട്ടി നിരവധിപേര്‍ക്കാണ് കൊടുക്കുന്നത്. നിര്‍ത്തണമെന്ന് പ്രേമചന്ദ്രന്‍ പറയണ്ട ്കാര്യമെന്താ? പ്രേമചന്ദ്രന്റെ വീട്ടില്‍ നിന്ന് വരുന്ന ആഹാരമല്ല.

‘ഹൃദയസ്പര്‍ശം’ എന്ന പേരിലാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം. കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാല്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്. മുടക്കമില്ലാതെ 700 ദിവസങ്ങളിലായി 30 ലക്ഷം പൊതികളാണ് വിതരണം ചെയ്തത്.

തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് യുഡിഎഫ് നല്‍കിയ പരാതി അടിസ്ഥാന രഹിതമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

നിന്ദ്യമായ വര്‍ഗീയ പ്രചാരണം നടത്തിയതിന്റെ പേരില്‍ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ അതീവ ഗുരുതരമായ തെരഞ്ഞെടുപ്പുകേസ് ഉണ്ടായ സാഹചര്യത്തില്‍ പകരം എന്തെങ്കിലും പറഞ്ഞു കളയാം എന്ന നിലയിലേക്ക് യുഡിഎഫ് തരംതാഴുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്.

ഹൃദയസ്പര്‍ശത്തെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ശ്യാംമോഹന്‍, സെക്രട്ടറി എസ് ആര്‍ അരുണ്‍ബാബു എന്നിവര്‍ അഭ്യര്‍ഥിച്ചു.