മൂന്ന് വയസ്സുകാരിക്ക് വഴികാട്ടിയായ സ്വദേശിക്ക് പോലീസിന്റെ ആദരം. മധുരരാജ സിനിമയുമായി ബന്ധപ്പെട്ട് അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ തിരക്കിൽപ്പെട്ട മൂന്ന് വയസ്സുകാരിക്ക് വഴികാട്ടിയായ സ്വദേശിയെയാണ് പോലീസ് ആദരിച്ചത്.

മമ്മൂട്ടിക്കൊപ്പം ഫോട്ടോയെടുക്കാൻ പോകവെയാണ് കുരുന്നും പിതാവും മാളിൽ തിങ്ങിക്കൂടിയവർക്കിടയിൽ പെട്ടുപോയത്. ഇത് ശ്രദ്ധയിൽപ്പെട്ട സ്വദേശി സന്നദ്ധസേവകൻ മുഹമ്മദ് സാലെ അൽ ഖുലൈഫി കുഞ്ഞിനെയെടുത്ത് ഏറെ നേരം പരിപാലിച്ചു.

സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുന്ന വേദിക്കരികില്‍ തന്നെ കുട്ടിയെ സുരക്ഷിതമായി ഇരുത്തുകയും ചെയ്തു. ഈ പ്രവൃത്തി സാമൂഹികമാധ്യമങ്ങളിൽ വലിയ തരത്തിൽ പ്രശംസിക്കപ്പെട്ടു.

തുടർന്നാണ് അദ്ദേഹത്തെ പോലീസ് ആദരിച്ചത്. സമൂഹത്തിൽ വളരെ നല്ല ചിന്തയുണർത്തുന്ന പ്രവർത്തനമാണ് ഖുലൈഫി നടത്തിയതെന്ന് ദഫ്‌റ പോലീസ് ഡയറക്ടർ ബ്രിഗേഡിയർ സുഹൈൽ സായിദ് അൽ ഖൈലി പറഞ്ഞു.