ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിക്കാതെ കോണ്‍ഗ്രസ്; വയനാട്ടില്‍ പ്രതിരോധത്തില്‍

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടന്ന ആക്രമണങ്ങളെ അപലപിക്കാതെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പരോക്ഷമായി സഹായിക്കുന്ന കോണ്‍ഗ്രസ് വയനാട്ടില്‍ പ്രതിരോധത്തില്‍.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ വീശിയ പച്ചക്കൊടി ചൂണ്ടിക്കാട്ടി, വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം കണ്ടാല്‍ അത് പാകിസ്ഥാനാണെന്ന് തോന്നുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

വയനാടിനെ അപമാനിക്കുന്ന ഈ പ്രസ്താവനയെ ശക്തിയായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ടുവരാത്തത് മുസ്ലിംലീഗുകാരെയും നിരാശരാക്കി.

ന്യൂനപക്ഷങ്ങളോട് കോണ്‍ഗ്രസ് കുറേക്കാലമായി സ്വീകരിക്കുന്ന നിസ്സംഗ മനോഭാവത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മൗനമെന്ന ശക്തമായ വിമര്‍ശനമാണ് വയനാട്ടില്‍ ഉയരുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല.

നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ന്യൂനപക്ഷ, ദളിത് വിഭാഗങ്ങള്‍ക്കുനേരേ സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നത് മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമായി.

വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് യുപിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ തല്ലിക്കൊന്നു. പെരുന്നാളിന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന ജുനൈദ് എന്ന കൗമാരക്കാരനെ ഡല്‍ഹിക്കു സമീപം സംഘപരിവാറുകാര്‍ തല്ലിക്കൊന്നു. ഇങ്ങനെ നിരവധി ആക്രമണങ്ങള്‍ നടന്നു. ശക്തമായ ഒരു പ്രസ്താവനപോലും കോണ്‍ഗ്രസ് പുറപ്പെടുവിച്ചില്ല.

മുഹമ്മദ് അഖ് ലാഖിന്റെ വീട്ടിലും ജുനൈദിന്റെ വീട്ടിലും ആശ്വാസവാക്കുകളുമായി സിപിഐ എം നേതാക്കള്‍ പോയി. ജുനൈദിന്റെ മാതാപിതാക്കളെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷംരൂപ ധനസഹായം നല്‍കുകയും ചെയ്തു.

കോണ്‍ഗ്രസ് നേതൃത്വമാകട്ടെ നിസ്സംഗത പാലിച്ചു. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കാട്ടുന്ന ഈ നിസ്സംഗത ബോധപൂര്‍വമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുകയാണ്. മൃദു ഹിന്ദുത്വ സമീപനമെടുത്ത് ബിജെപിയോട് മത്സരിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

കേരളത്തില്‍പ്പോലും ബീഫ് കഴിക്കുന്നവരെ ആക്രമിക്കുമെന്ന് സംഘപരിവാര്‍ ഭീഷണി മുഴക്കി. അതിനെതിരെ ശക്തമായി പ്രതികരിച്ചത് ഡിവൈഎഫ്‌ഐ അടക്കമുള്ള ഇടതുപക്ഷ സംഘടനകളാണ്. ബീഫ് ഫെസ്റ്റുകളെ പരിഹസിക്കുകയായിരുന്നു അപ്പോള്‍ കോണ്‍ഗ്രസ്. ഭക്ഷണ സ്വാതന്ത്ര്യത്തെ തടഞ്ഞാലും കോണ്‍ഗ്രസ് പ്രതികരിക്കില്ലെന്ന അനുഭവം കേരളത്തിന്റെ മുന്നിലുണ്ട്.

വയനാട്ടില്‍ യുഡിഎഫിന്റെ പ്രചാരണ പരിപാടികളില്‍ ലീഗിന്റെ കൊടി അധികം വേണ്ടെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശം വലിയ അതൃപ്തിയും പ്രതിഷേധവും ഉയര്‍ത്തിയിട്ടുണ്ട്. തങ്ങളുടെ സുരക്ഷയും സംരക്ഷണവുമല്ല, ന്യൂനപക്ഷ വിരോധത്തില്‍ തങ്ങളുമുണ്ടെന്ന് ബോധ്യപ്പെടുത്താനുള്ള ത്വരയാണ് കോണ്‍ഗ്രസിന് പ്രധാനമെന്നും അനുദിനം തെളിഞ്ഞുവരികയാണ്. തങ്ങളുടെ മതനിരപേക്ഷമുഖം വികൃതമാക്കി വയനാട്ടിലെ വോട്ടര്‍മാര്‍ക്കു മുന്നില്‍ കുറ്റവാളിയെപ്പോലെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here