മോദിയുടേത് പച്ചക്കള്ളം, അറസ്റ്റ് ചെയ്തത് അയ്യപ്പന്റെ പേര് പറഞ്ഞവരെ അല്ല, അറസ്റ്റ് ചെയ്തത് അക്രമത്തിനെത്തിയവരെ: മുഖ്യമന്ത്രി പിണറായി വിജയന്‍

അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തില്‍ അറസ്റ്റ് ചെയ്യുന്നുവെന്ന മോഡിയുടെ വാക്കുകള്‍ പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യപ്പന്‍ എന്ന് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റ് എന്ന മോദിയുടെ പ്രസ്താവന പച്ചക്കളമാണ്.

അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവര്‍ത്തനത്തിനാണെന്നും പിണറായി വിജയന്‍ വിശദീകരിച്ചു. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയില്‍ ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാക്കും. ശബരിമലയിലേക്ക് ഉള്ള കാണിയ്ക്ക തടസപ്പെടുത്താന്‍ ആഹ്വാനം ചെയ്തത് മോദിയുടെ അനുയായികളാണ്.

ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളെ ആക്രമിക്കാന്‍ ഇവര്‍ ആളെ അയച്ചു. 144 പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് മോദി സര്‍ക്കാരാണെന്നും പിണറായി തുറന്നടിച്ചു.

ശബരിമലയില്‍ മോദിയുടെ ഉപദേശം സംസ്ഥാനത്തിന് വേണ്ട, ശബരിമലയില്‍ ആക്രമികളെത്തിയത് മോദിയുടെ അനുഗ്രഹാശിസുകളോടെയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

തിരുസന്നിധിയില്‍ വരെ അക്രമികളെത്തി. പൊലീസുകാരെ തേങ്ങയെടുത്ത് അടിച്ചു. അക്രമികളെ നിലയ്ക്ക് നിലനിര്‍ത്താന്‍ പൊലീസ് പാടുപെട്ടു.

കൂടുതല്‍ ഒന്നും പറയാത്തത് തെരഞ്ഞെടുപ്പ് ആയതിനാലാണെന്നും തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രധാനമന്ത്രിക്കും ബാധകമാണെന്നും പിണറായി വിജയന്‍പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വല്‍കരിക്കാനാണ് രണ്ടുകൂട്ടര്‍ക്കും തല്‍പര്യം. യുപിഎ സര്‍ക്കാരിന്റെ കാലത്തുനിന്നും മാറ്റം വരുമെന്ന് പ്രതീക്ഷിച്ചിട്ട് ഒന്നുമുണ്ടായില്ല.

കൂടുതല്‍ ദുരിതത്തിലേക്കാണ് ജനങ്ങള്‍ പോയത്. കോര്‍പറേറ്റുകള്‍ക്കും അതി സമ്പന്നര്‍ക്കും മാത്രമാണ് ഗുണമുണ്ടായത്. നയം മാറിയില്ല. അഴിമതി വലിയ തോതില്‍ മന്‍മോഹന്‍ സിങിന്റെ കാലത്തു നടന്നു. അത് അവസാനിപ്പിക്കും എന്ന് പറഞ്ഞ അധികാരത്തില്‍ എത്തിയ ബിജെപി ഭരണം കോര്‍പറേറ്റുകള്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കി കൊടുത്തു.

അഴിമതി അവസാനിക്കുകയല്ല കൂടുതല്‍ അഴിമതിയിലേക്കാണ് ഭരണം മാറിയത്. റാഫേലുമായെല്ലാം ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ എല്ലാം രാജ്യത്താകമാനം ഉയര്‍ന്നു വന്നതാണ്. ആ വിഷയത്തിലെ സുപ്രീം കോടതിയുടെ നിലപാടും നമ്മള്‍ കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനില്‍ അംബാനിയുടെ നികുതി കുടിശ്ശിഖയില്‍ ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കിയ ഇളവ് റാഫേല്‍ ഇടപാടിലെ അഴിമതിയാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ ഇടപാടിന്റെ പേരില്‍ നല്‍കിയ ആനുകൂല്യമാണ് അനില്‍ അംബാനിക്ക് ലഭിച്ചത്.

കോര്‍പറേറ്റുകളുടെ അഞ്ചര ലക്ഷം കോടിയുടെ കുടിശിഖ ഈ സര്‍ക്കാരിന്റെ കാലത്തു എഴുതി തള്ളിയിരിക്കുന്നു. അത് തിരിച്ചുപിടിക്കാന്‍ വേണ്ട ഒരിടപെടലും സര്‍ക്കാര്‍ നടത്തിയില്ല. എന്നാല്‍ പാവങ്ങളുടെ കാര്യത്തില്‍ ഒരിളവും ആര്‍ക്കും ലഭിച്ചില്ല.

അതേസമയം രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനും വലിയ ശ്രമങ്ങള്‍ നടക്കുകയാണ്. വൈവിധ്യങ്ങള്‍ കൊണ്ട് നിറഞ്ഞ രാജ്യമാണ് നമ്മുടേത്. ആ ഐക്യം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത് മതനിരപേക്ഷതയുടെ പ്രത്യേകത കൊണ്ടാണ്.

ആ മതനിരപേക്ഷത പാടില്ല എന്നതാണ് ആര്‍എസ്എസ് നിലപാട്. ആര്‍എസ്എസ് ആണ് ബിജെപിയെ നയിക്കുന്നത്. ഭരണഘടനയെ വിലയില്ലാത്തവരാണ് ആര്‍എസ്എസ്. മതനിരപേക്ഷത ഇല്ലാതായാല്‍ രാജ്യത്തിന്റെ നിലനില്‍പാണ് ഇല്ലാതാകുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷം മതന്യൂനപക്ഷങ്ങള്‍ക്ക് എതിരെ നിരവധി പ്രവര്‍ത്തനം ആര്‍എസ്എസ് നടത്തി. ആദ്യം ഘര്‍ വാപസി കൊണ്ടുവന്നു. മറ്റു മതസ്ഥരെ നിര്‍ബന്ധിച്ചു മതം മാറ്റാന്‍ ശ്രമിച്ചു. രാജ്യത്ത് മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ വര്‍ധിച്ചു.

സര്‍ക്കാര്‍ അതിനെ കയ്യുംകെട്ടി നോക്കി നിന്നു. മുസ്ലിം സഹോദരങ്ങള്‍ക്കെതിരെ ആക്രമങ്ങള്‍ അഴിച്ചുവിട്ടു.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുമെന്നാണ് ഇപ്പോള്‍ ബിജെപിയുടെ ഭീഷണി.

കോണ്‍ഗ്രസ്സും ഇതില്‍ വ്യത്യസ്ത സമീപനമല്ല. തീവ്രവാദികള്‍ അവിടെ കേന്ദ്രമാക്കാന്‍ കാരണവും അത് തന്നെയാണ്. അവിടെയുള്ള ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. പക്ഷെ ആ നിലപാട് എടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News