തെരഞ്ഞെടുപ്പടുത്തതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ പൊലീസ് പരിശോധന ശക്തമാക്കി.

ഇടുക്കി എസ്പിയുടെ നിര്‍ദേശ പ്രകാരം സിആര്‍പിഎഫ് ഉള്‍പ്പെടുന്ന സ്‌ക്വാഡാണ് മൂന്നാര്‍ മേഖലയില്‍ പരിശോധന തുടരുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലും അടുത്തടുത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇരു സംസ്ഥാനങ്ങളിലേക്കും അനധികൃതമായി പണമോ ലഹരി വസ്തുക്കളോ എത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും തടയിടുന്നതിനും വേണ്ടിയാണ് പരിശോധന നടത്തുന്നത്.

മുമ്പ് തെരഞ്ഞെടുപ്പ് സമയങ്ങളില്‍ തോട്ടം മേഖലയിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി എത്തിച്ചിരുന്ന പണവും പാരിതോഷികങ്ങളും പിടികൂടിയിരുന്നു.

തമിഴ്‌നാട്ടില്‍ വോട്ടുള്ള നിരവധി തോട്ടംതൊഴിലാളികളാണ് മൂന്നാര്‍ മേഖലയിലുള്ളത്. അതിനാല്‍തന്നെ ഇനിയുള്ള ദിവസങ്ങളില്‍ ഇവരെ സ്വാധീനിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ എത്താനും പണമൊഴുക്കാനുമുള്ള സാധ്യത കൂടുതലാണ്.

ഇതിനാലാണ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന തുടരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച സ്‌ക്വാഡുകളില്‍ നാല് വീതം സിആര്‍പിഎഫ് ജവാന്‍മാരാണുള്ളത്